Monday, September 23, 2013

എന്തുനൃത്തത്തിന്റെ ഉദ്ഭവകഥ

കേരളത്തിന്റെ മഹത്തായ ഒരു തനതുകലാരൂപമാണ് എന്തുനൃത്തം. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ആണ് ഈ മഹത്തായ കലാരൂപം ജനനം കൊണ്ടത്. എന്തുനൃത്തത്തിന്റെ ജനനത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. 
നമ്മുടെ സംസ്കാരത്തിന്റെ അമൂല്യസ്വത്തായ എന്തുനൃത്തത്തിനു പക്ഷെ അര്‍ഹിക്കുന്ന അംഗീകാരമോ പ്രോത്സാഹനമോ ലഭിച്ചില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. അതുകൊണ്ടാണ് എന്റെ മാന്യവായനക്കാരില്‍ ഒരാള്‍ക്ക്‌ പോലും എന്തുനൃത്തം എന്താണെന്ന് തന്നെ അറിയാതെ പോയത്.
എന്നാല്‍ എന്തുനൃത്തത്തിന്റെ ഉദ്ഭവത്തിന് സാക്ഷികളായ അപൂര്‍വരില് ഒരാള്‍ എന്ന നിലക്ക് ഈ കലാരൂപത്തിന് അര്‍ഹിക്കുന്ന പ്രചാരണം നല്‍കേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു. അതിനു വേണ്ടിയാണ് ഈ കുറിപ്പ്.
കൂത്തിന് മാര്‍ഗ്ഗഭ്രംശം സംഭവിച്ചു ഓട്ടന്‍തുള്ളല്‍ ഉദ്ഭവിച്ചത് പോലെ കേരളത്തിന്റെ ജനകീയകലാരൂപമായ സിനിമാറ്റിക് ഡാന്‍സില്‍ നിന്നാണ് എന്തുനൃത്തത്ത്തിന്റെ ജനനം. പിന്നീട് കേരളത്തിലെ കാമ്പസ്സുകളില്‍ സിനിമാറ്റിക് ഡാന്‍സ്നിരോധിച്ചത് എന്തുനൃത്തത്ത്തിന്റെ വളര്‍ച്ചക്കും തടസ്സമായി എന്നുവേണം കരുതാന്‍..
തൃശ്ശൂര്‍ നഗരപ്രാന്തത്തിലെ പ്രശസ്തമായ ഒരു വനിതാ കോളേജാണ് എന്തുനൃത്തത്തിന്റെ ജനനത്തിനു വേദിയായത്. ‘കോളേജില്‍ പോയാല്‍ പ്രിന്സിപാള്‍ വഴക്ക് പറയും ക്ലാസ്സില്‍ പോയാല്‍ ടീച്ചര്‍മാര്‍ വഴക്ക് പറയും പള്ളിയില്‍ പോയാല്‍ അച്ചന്‍ വഴക്ക് പറയും’ എന്ന് കീര്‍ത്തി കേട്ട ഒരു കൂട്ടം വിദ്യാര്‍ഥിനികളാണ് ഈ അതിവിശിഷ്ട കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍.
സംഭവം ചുരുക്കി പറയാം. മേല്പറഞ്ഞ വിദ്യാര്‍ത്ഥിനികള്‍ കോളേജിലെ ഫ്രെഷെര്‍സ് ഡേയ്ക്ക് ഒരു സിനിമാറ്റിക്‌ ഡാന്‍സ് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്ള ‘ഓടി പോയി കല്യാണം താന്‍ കട്ടി ചെല്ലാമ ഇല്ലേ കല്യാണം താന്‍ കട്ടിക്കിട്ട് ഓടിപോലാമാ’ എന്ന പാട്ട് തെരഞ്ഞെടുക്കുകയും ചെയ്തു. തങ്കമണിയാണ് കോറിയോഗ്രാഫര്‍. അങ്ങനെ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം കാത്തിരുന്ന ആ ദിനം വന്നെത്തി. എന്തായിരുന്നു ആ ദിനം അവര്‍ക്കായി എടുത്തു വച്ചിരുന്നത്?
പറഞ്ഞു തരാം.
കാഴ്ചക്കാരായി വന്ന ചിലര്‍ സ്റ്റേജില്‍ ആരെന്തു കാണിച്ചാലും കൂവും എന്ന് പ്രതിജ്ഞ എടുത്തിട്ടായിരുന്നു വന്നത്. എന്തായാലും നമ്മുടെ കൂട്ടരോടും അവര്‍ ഒട്ടും പക്ഷപാതം കാണിച്ചില്ല. അവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ കൂവലുകാര്‍ പണി തുടങ്ങി. പക്ഷെ ഇതൊന്നും കൂസാതെ തങ്കമണിയും സംഘവും സധൈര്യം നൃത്തിച്ചുകൊണ്ടിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്!
സംഘത്തില്‍ അല്‍പ്പം തൊലിക്കട്ടി കുറവുണ്ടായിരുന്ന അനസൂയക്കും പ്രിയംവദക്കും യാതൊരു ന്യായവുമില്ലാത്ത ആ കൂവല്‍ സഹിക്കാന്‍ കഴിഞ്ഞില്ല. നൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍ നൃത്തിക്കുന്നത് നിര്‍ത്തി അവര്‍ വേദിയില്‍ നിന്നും പലായനം ചെയ്തു 
തങ്കമണിയും കൂട്ടരും അന്ധാളിച്ചു. എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് മനസ്സിലായില്ല. അതോടെ പരിശീലിച്ചതെല്ലാം അവര്‍ മറന്നു പോകുകയും ഓരോരുത്തരും മനോധര്‍മമനുസരിച്ച് നൃത്തം ചവിട്ടാന്‍ തുടങ്ങുകയും ചെയ്തു.
കൂവലിന് ശക്തി കൂടി.
കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോള്‍ തങ്കമണി രണ്ടു കൈയും ‘മാങ്ങപറി’ മുദ്രയില്‍ പിടിച്ചു എതിരെ നില്‍ക്കുന്ന ആളുടെ നേരെ നീട്ടി എന്താ സംഭവം എന്ന് ആംഗ്യഭാഷയില്‍ അന്വേഷിച്ചു. കഷ്ടകാലത്തിന് താന്‍ മറന്നു പോയ ചുവടുകള്‍ തങ്കമണി തനിക്കു കാണിച്ചു തരികയാണെന്നാണ് ആ നര്‍ത്തകിക്ക് മനസ്സിലായത്‌. ഉടനെ അവളും കൈകള്‍ ‘മാങ്ങപറി’ മുദ്രയിലാക്കി തങ്കമണിയെ അഭിമുഖീകരിച്ച് ചുവടു വയ്ക്കാന്‍ തുടങ്ങി. പെട്ടന്ന് തന്നെ മറ്റു നര്‍ത്തകികളും അവരോടു ചേര്‍ന്നു.
പിന്നെ നോക്കുമ്പോള്‍ കാണുന്നത് നര്‍ത്തകികള്‍ എല്ലാവരും കൈകള്‍ ‘എന്ത്?’ എന്ന മുദ്രയിലാക്കി വൃത്തത്തില്‍ ചുവടു വയ്ക്കുന്നതാണ്. ആ പാട്ട് കഴിയുന്നത്‌ വരെ അവര്‍ ആ നൃത്തം തുടര്‍ന്നു.
അങ്ങനെയാണ് സഹൃദയരേ എന്തുനൃത്തത്തിന്‍റെ പിറവി. മഹനീയമായ ഈ കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍ കാലചക്രം ഉരുളുമ്പോള്‍ വിസ്മൃതരായി പോകരുത് എന്ന ആഗ്രഹത്തോടെ ഈ കുറിപ്പ് അവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു.
എന്നെ ആളെ വിട്ടു തല്ലരുതേ എന്നും വിനീതമായി അവരോടു അഭ്യര്‍ഥിച്ചു കൊള്ളുന്നു.



Monday, September 16, 2013

ഇങ്ങനെയും ഒരോണം

അവിവാഹിതകളുടെ പേടിസ്വപ്നമാണ് കല്യാണ ബ്രോക്കര്‍മാര്‍ എന്ന് ഞാന്‍ പ്രസ്താവിച്ചാല്‍ എത്ര അവിവാഹിതകള്‍ സമ്മതിക്കുമെന്നറിയില്ല. പക്ഷെ ഒരു സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ലക്‌ഷ്യം വച്ചു എന്‍റെ വീട്ടിലേക്കു വരുന്ന ബ്രോക്കര്‍മാര്‍ എന്നും എന്റെ പേടിസ്വപ്നമായിരുന്നു. “ഇത്രയധികം തെങ്ങിന്‍പറമ്പുള്ള ഇവനെ നീ കെട്ടിയില്ലെങ്കില്‍ നിന്‍റെ ജീവിതം കോഞ്ഞാട്ടയായിപ്പോകും” തുടങ്ങിയ ഡയലോഗുകള്‍ സഹിക്കാതെ വന്നപ്പോഴാണ് ബ്രോക്കര്‍മാര്‍ ഇറങ്ങാന്‍ സാധ്യതയുള്ള ഒഴിവുദിവസങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുക എന്ന നയം ഞാന്‍ സ്വീകരിച്ചത്. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. അങ്ങനെ ഓണസദ്യയും ഒക്കെ ഉണ്ട് വയറു നിറയെ പായസവും അടിച്ചു കിറുങ്ങി ഇരിക്കുമ്പോഴാണ് “ഇവിടെ ഒരു പെണ്‍കുട്ടി പുര നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്ന് കേട്ടു, ഞാന്‍ സഹായിക്കാന്‍ വേണ്ടി വന്നതാ” എന്നാ രീതിയില്‍ ഒരു ബ്രോക്കര്‍ കയറി വന്നത്.
ഈ ബ്രോക്കര്‍മാരെ കാണുമ്പോള്‍ ഞാന്‍ സൈക്കൊസിസ്സില്‍ നിന്നും ന്യൂറോസിസ്സിന്റെ അജ്ഞാതമേഖലകളിലേക്ക് സഞ്ചരിക്കുന്നത് കൊണ്ട് കട്ടിലൊന്നും പിടിച്ചു പൊക്കാതിരിക്കാന്‍, എന്നെ തന്നെ നിയന്ത്രിച്ച്‌ ഞാന്‍ സ്വയം മുറിയില്‍ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ അയാളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ചെറിയ തോതില്‍ ഒരു നാഗവല്ലി പ്രകടനം നടത്തി മുറിയിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
എന്നാല്‍ ഇതിലൊന്നും ആ ബ്രൊക്കര്‍ പതറിയില്ല. പല തരത്തിലുള്ള ചെറുക്കന്മാരെ കുറിച്ചു അപ്പന് ക്ലാസ്സെടുക്കാന്‍ തുടങ്ങി. അപ്പന്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. രണ്ടുനില വീട്, സ്വന്തമായി നെല്ലുകുത്ത് കമ്പനി തുടങ്ങിയ പ്രലോഭനങ്ങള്‍ പുട്ടിനു പീര പോലെ ബ്രോക്കര്‍ ഇടുന്നുമുണ്ട്. പക്ഷെ വിവരണങ്ങള്‍ക്ക് നീളം കൂടാന്‍ തുടങ്ങിയപ്പോള്‍ അപ്പനു എന്തോ പന്തികേട്‌ തോന്നി. പിന്നെ തന്നെക്കുറിച്ചും ബ്രോക്കരദ്ദ്യം വിവരിക്കാന്‍ തുടങ്ങി. ഫുട്ബോള്‍ മത്സരത്തില്‍ സമ്മാനം കിട്ടിയതും പാപ്പച്ചന്റെ ഒപ്പം കളിച്ചതും പറഞ്ഞായിരുന്നു തുടക്കം. വിവരണം നീണ്ടു നീണ്ട് “പിന്നേ, ഞാനും സരിതയും കൂടി അല്ലെ സോളാറിന്റെ പൈസ മുഴുവന്‍ പിരിച്ചു ഉമ്മന്‍ ചാണ്ടിക്ക് കൊണ്ട് കൊടുത്തത്?” എന്ന് വരെ എത്തിയപ്പോള്‍ അപ്പന് ഏതാണ്ട് കാര്യങ്ങള്‍ പിടികിട്ടി.
ഞാന്‍ ഒന്നന്ന്വേഷിക്കട്ടെ എന്ന് പറഞ്ഞു സ്കൂട്ടാവാന്‍ നോക്കിയപ്പോള്‍ അതാ വരുന്നു അടുത്ത അമിട്ട്. “ഡേവിസ് ചേട്ടന്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോളുടെ കാര്യം ഞാന്‍ ഏറ്റു. ഞങ്ങളുടെ കുടുംബക്കാര്‍ ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മ്മടെ ഇന്ദിര ഗാന്ധീടെ മോന്‍ രാജീവ്‌ ഗാന്ധീടേം സോനിയെടേം കല്യാണം ശരിയാക്കിയത് ആരാ? എന്റെ അമ്മ. പക്ഷെ ഇപ്പൊ അവരതൊക്കെ മറന്നു. ഒരു വിശേഷത്തിനും ഞങ്ങളെ വിളിക്കാറും ഇല്ല. പക്ഷെ അതിലെനിക്ക് വിഷമം ഒന്നും ഇല്ലാട്ടോ.”
ഇത്രയും ആയതോടെ അപ്പന് മതിയായി. കല്യാണരാമനിലെ ഇന്നസെന്റിനെപ്പോലെ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ട് അപ്പന്‍ എണീറ്റ് അകത്തേക്കോടി രക്ഷപ്പെട്ടു. ചുരുക്കത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ബ്രോക്കര്‍ സാര്‍ ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കി എന്ന് വേണം പറയാന്‍.