Monday, December 12, 2011

ഗന്ധങ്ങള്‍, ഓര്‍മ്മകള്‍

ഗന്ധങ്ങള്‍ പലപ്പോഴും ഓര്‍മകളുടെ കൂട്ടുകാരാണ്.പിന്നിട്ട വഴികളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ അവയ്ക്ക് കഴിയും . ആളുകള്‍, സ്ഥലങ്ങള്‍, അവസ്ഥകള്‍....അല്ല ഓരോ ഗന്ധവും ഓരോ ഓര്‍മ തന്നെ ആണ്




ബ്രുട്ട്: അമ്മയുടെ വീട്ടില്‍ പള്ളിപ്പെരുന്നാള്‍. രാവിലെ പള്ളിയില്‍ പോകുമ്പോള്‍ എല്ലാവര്ക്കും ഒരേ ഗന്ധം. ഏശച്ചന്റെ മേശമേല്‍ ഇരിക്കുന്ന മാലയിട്ട പച്ചക്കുപ്പിയിലെ അതെ ഗന്ധം.(ഏശച്ചന്‍ യേശുദാസ് എന്ന് പേരുള്ള എന്‍റെ ഇളയ അമ്മാവനാണ്. പക്ഷെ
എന്‍റെ മേമ അതായതു ഏശച്ചന്റെ ചേച്ചി അടുക്കളെന്നു "ഡാ യേശ്വോ , ചന്തെന്നു കൊറച്ചു ഒണക്കമീന്‍ വാങ്ങി കൊണ്ട് വാടാ" എന്ന് വിളിച്ചു പറയുന്ന കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇദു.)

ലൈഫ് ബോയ്‌ : തറവാട്ടിലെ പഴയ ഇരുണ്ട കുളിമുറി. കുളിമുറിക്കു പുറത്തു ചുവന്നചാമ്പയ്ക്കകള്‍ പൊങ്ങി ക്കിടക്കുന്ന കറുത്ത വെള്ളമുള്ള കിണര്‍. കരണ്ട് പോയാല്‍കത്തിക്കുന്ന മണ്ണെണ്ണ വിളക്ക്. നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം എന്ന ഭക്തിഗാനംകേള്‍ക്കുമ്പോള്‍ വെറുതെ പേടിക്കുന്ന ഒരു നാലുവയസ്സുകാരി ഞാന്‍

യു ഡി കൊളോണ്‍: എഴാം ക്ലാസ്സിലെ ഹിന്ദി പരീക്ഷ. ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷഎഴുതിതീര്‍ത്ത്‌ പേപ്പര്‍ മടക്കി ഇരിക്കുന്ന ഞാന്‍ . തൊട്ടു അപ്പുറത്തിരിക്കുന്ന പത്താംക്ലാസ്സുകാരി ചേച്ചിയുടെ മലയാളം II പേപ്പറില്‍ ഭാവന വിരിയുന്നത് വായിച്ചു രസിക്കുന്നു

ചന്ദ്രിക സോപ്പ്: അയല്‍വീടിലെ ചാണകം മെഴുകിയ വരാന്ത. അവിടെ കൂട്ടിനു ഷെര്‍ലക്ക്ഹോംസ്, അഗത ക്രിസ്റ്റി, കോട്ടയം പുഷ്പനാഥ്, മെഴുവേലി ബാബുജി. ഞാവല്‍പ്പഴങ്ങള്‍, ഉപ്പു കൂട്ടിത്തിന്ന മൂവാണ്ടന്‍ മാങ്ങകള്‍ .

റോയല്‍ മിറാഷ്: ഞാന്‍ എന്നെത്തന്നെ പറഞ്ഞു പറ്റിച്ച ഒരു നുണക്കഥ. അപ്പയുടെ വലിയതൂവാലകള്‍

മെഡിമിക്സ്‌ : നീണ്ട ഒരു വീട്ടു തടങ്കല്‍. ഉമ്മറത്തിരുന്നു കറുത്ത കണ്ണടയിലൂടെനോക്കുമ്പോള്‍ കാണുന്ന ചലിക്കുന്ന ലോകം.

ഇവ ഡിയോടെരന്റ്റ് : യുനിവേര്സിടി ലേഡീസ് ഹോസ്റ്റല്‍. മഞ്ഞപ്പൂക്കള്‍ കൊഴിയുന്നമരത്തിലേക്ക് തുറക്കുന്ന ഒരു ജന്നല്‍, ആരുടെയൊക്കെയോ കണ്ണീര്‍ വീണു മരവിച്ച ഒരുമുറിയുടെത്.

യാര്‍ഡ്‌ലി: ചെന്നൈ ലോക്കല്‍ ട്രെയിനില്‍ നീണ്ട യാത്രകള്‍. തീരെ ഇഷ്ടം തോന്നാത്ത മഴകള്‍. സബ്‌വേകള്‍, വഴിവാണിഭക്കാര്‍ . ഭിക്ഷക്കാര്‍. പൊടി പിടിച്ച പഴയ ഇംഗ്ലീഷ് നോവലുകള്‍. നീണ്ട നടത്തങ്ങള്‍. അറിയാത്ത വഴികള്‍.

ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍: ഞാന്‍ എടുത്തു കൊണ്ട് നടന്ന ഇപ്പോള്‍ ഹൈസ്കൂളിലുംകോളേജിലും പോകുന്ന കുഞ്ഞുങ്ങള്‍.

മുല്ലപ്പൂക്കള്‍: കോയമ്പത്തൂരില്‍ നിന്നും അമ്മ കൊണ്ട് വരുന്ന വലിയ മുല്ലമാലകള്‍. യാതൊരു ആവശ്യവും ഇല്ലാതെ അതും മുടിയില്‍ വച്ചു സ്കൂളില്‍ പോകുന്ന ഞാന്‍

ആക്സ്‌ ഇഫ്ഫെക്റ്റ്: അനിയന്റെ മുറി. ശ്വാസതടസ്സം

പാലപ്പൂ : യുനിവേര്സിടിയിലെ ക്രോനിക്ല്‍ രാത്രികള്‍. പിന്നെ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു പാതിരക്ക് ഹോസ്റ്റലില്‍ പോകുമ്പോള്‍ കൂട്ടിനു ക്യാമ്പസ്‌ നിറച്ചും പൂത്തു നില്‍ക്കുന്ന പാലപ്പൂക്കളുടെ കടുത്ത ഗന്ധവും

സൈക്കിള്‍ അഗര്‍ബത്തി: മരണം, ജനക്കൂട്ടം, ഉഷ്ണം, കരച്ചില്‍...പാട്ട് പ്രാര്‍ത്ഥന, പിന്നെ ഇടവിട്ട നിശബ്ദതയില്‍ അകന്നു പോകുന്ന മണിമുഴക്കങ്ങള്‍


ഓര്‍മകള്‍ അവസാനിക്കുന്നില്ല, ഗന്ധങ്ങളും. ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ അവ ഓര്‍മകളെ നമ്മുടെ മുന്നില്‍ കൊണ്ട് നിര്‍ത്തും. എത്ര വേഗത്തില്‍ ഓടുകയാനെങ്കിലും തിരിഞ്ഞു നോക്കാതിരിക്കാനാവില്ല.




Wednesday, November 23, 2011

അതിഥി


സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരു പതിനേഴുകാരി ആണ്. മധുരപ്പതിനെഴു ഒന്നും അല്ല. ഒരു വിത്തൌട്ട് പതിനേഴു എന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ഒരു ദിവസം ചുമ്മാ എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരം രാക്ഷസി എന്ന് മൂളിപ്പാട്ട് ഒക്കെ പാടി ചുരിദാര്‍ കൊണ്ട് അലക്കുകല്ലില്‍ ടപ്പേ ടപ്പേന്നു താളമിട്ടു അലക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.. സമയം ഏകദേശം സന്ധ്യ ആവാരായിട്ടുണ്ട്.
ഇവള്‍ടെ പരിപാടി ഇത് വരെ കഴിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ അടുത്ത വീടിലെ അമ്മൂമ്മ വാതിലിലൂടെ തല നീട്ടി നോക്കുകയും അനന്തരം തല പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാന്‍ ആത്മാര്‍ഥമായി അലക്കുകയാണ് .
പെട്ടന്നാണ് അത് സംഭവിച്ചത്. ആകാശത്ത് നിന്നു ഒരു ഇരമ്പം. ചുറ്റും നില്‍ക്കുന്ന മരങ്ങളെല്ലാം കൊടുംകാറ്റ് അടിച്ച പോലെ ആടി ഉലയുന്നു. എന്താണതു ?.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല! എന്‍റെ മുന്നില്‍ അതാ ഒരു ഹെലികോപ്ടര്‍ താഴ്ന്നിറങ്ങുന്നു. നില്കണോ അതോ ഓടണോ എന്ന് ഒരു തീരുമാനം എടുക്കാനാവാതെ അലക്കുന്ന തുണിയും പിടിച്ചു ഞാന്‍ അങ്ങനെ നില്‍ക്കുകയാണ്.
ഹെലികോപ്ടറിന്റെ പുറത്തു എന്തോ എഴുതിയിട്ടുണ്ടല്ലോ. അതേ. 007. അതു തന്നെ.
ഇതാരപ്പാ എന്‍റെ വീടിന്റെ പിന്നില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ഒരു 007 ? നോക്കിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ഞാന്‍ അവിടെ തന്നെ നിന്നു.
ഹെലികോപ്ടര്‍ പതുക്കെ നിലത്തിറങ്ങി. അതിന്റെ വാതില്‍ തുറന്നു കറുത്ത കോട്ട് ഇട്ടു സണ്‍ഗ്ലാസ്‌ വച്ച ഒരാള്‍ ഇറങ്ങി.
എന്റമ്മേ!
ആരാ ഇത്! സന്തോഷം കൊണ്ട് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് തോന്നി.
ഇന്നലെ കണ്ട ഡൈ അനദര്‍ ഡേ യിലെ അതേ ജെയിംസ്‌ ബോണ്ട്‌!
ഹെലികോപ്ടറിന്റെ പങ്ക തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ അസ്തമയസൂര്യന്‍. അതാ ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ എന്‍റെ നേരെ നടന്നു വരുന്നു. ഞാന്‍ ഇങ്ങനെ വായും പൊളിച്ചു നോക്കി നില്‍ക്കുകയാണ്.
ജെയിംസ്‌ ബോണ്ട്‌ എന്നെ നോക്കി ചിരിച്ചു.
"എന്നെ മനസ്സിലായോ?"
എ? ജെയിംസ്‌ ബോണ്ട്‌ മലയാളം പറയുമോ? പറയുമായിരിക്കും.
"ഉവ്വ്. ജെയിംസ്‌ ബോണ്ടല്ലേ? ഞാന്‍ ഡൈ അനദര്‍ ഡേ ദാ ഇന്നലെ കണ്ടേ ഉള്ളൂ."
"എങ്കില്‍ ഞാന്‍ വന്ന വിവരം ആരോടും പറയരുത്. ഒരു സീക്രട്ട് ഒപരേഷന് വേണ്ടി ഇന്ത്യയില്‍ വന്നതാണ്‌."
"ഏയ്‌ ഞാന്‍ ആരോടും പറയില്ല. അമ്മചിയാനെ ആരോടും പറയില്ല. ചേട്ടന്‍ അകത്തേക്ക് വന്നാട്ടെ" ഞാന്‍ ജെയിംസ്‌ ബോണ്ടിനെ വീടിനകട്ടെക്ക് ക്ഷണിച്ചു
വീട്ടില്‍ കയറിയ ജെയിംസ്‌ ബോണ്ട്‌ കസേരയില്‍ ഇരുന്നു പോക്കെറ്റില്‍ നിന്നു ഒരു റിവോള്‍വര്‍ പുറത്തെടുത്തു ഒന്നും മിണ്ടാതെ ഒരു കര്‍ചീഫ്‌ കൊണ്ട് തുടക്കാന്‍ തുടങ്ങി.
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല.
"ജെയിംസ്‌ ചേട്ടന് എന്താ കഴിക്കാന്‍ വേണ്ടേ ? ഞങ്ങടെ നാട്ടില്‍ ചേട്ടന്റെ പേരില്‍ ഒരു പലഹാരം ഉണ്ട്. ബോണ്ട. നല്ല ടേസ്റ്റ് ആണ്. ഇവിടെ ഉണ്ട്. എടുക്കട്ടെ?"
"വേണ്ട"
പിന്നെ ഇയാള്‍ എന്താവും തിന്നുക? സായിപ്പുമാര് തിന്നുന്ന ഒന്നും ഇവിടെ ഇല്ലല്ലോ ഈശ്വരാ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ബോണ്ട്‌ എന്നോട് ചോദിച്ചു
'ഹോര്‍ലിക്സ് ഇരിപ്പുണ്ടോ?'
'എ?'
'ഹോര്‍ലിക്സ്?'
'ആ. ഹോര്‍ലിക്സ് ഉണ്ട് ഹോര്‍ലിക്സ് ഉണ്ട്. ദാ ഇപ്പൊ എടുക്കാം'
ഞാന്‍ വേഗം അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസില്‍ പാലും ഹോര്‍ലിക്സ് കുപ്പിയും എടുത്തു ജെയിംസ്‌ ബോണ്ടിന്റെ മുന്നില്‍ വച്ചു.
ഇനി എന്താ നടന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എനിക്കുറപ്പാ.
എനിക്ക് പാല് വേണ്ട. എനിക്ക് ഹോര്‍ലിക്സ് തന്നെ തിന്നുന്നതാ ഇഷ്ടം എന്ന് പറഞ്ഞു ചുള്ളന്‍ ഹോര്‍ലിക്സ് കുപ്പി തുറന്നു. കൈയ്യിട്ടു ഒരു പിടി ഹോര്‍ലിക്സ് വാരി എടുത്തു തിന്നു തുടങ്ങി.
ഞാനാകട്ടെ ജെയിംസ്‌ ബോണ്ട് എന്‍റെ വീട്ടിലിരുന്നു ഹോര്‍ലിക്സ് തിന്നുന്ന രംഗം മനം കുളിര്‍ക്കെ കണ്ടു കൊണ്ട് നിന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. പെട്ടന്നാണ് ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്‍ കേട്ട പോലെ ഒരു അശരീരി കേട്ടത്
'ഇദി വാര്‍ത്താഹ'
നോക്കുമ്പോള്‍ ഹോര്‍ലിക്സും ഇല്ല ബോണ്ടും ഇല്ല. ആകാശവാണിയില്‍ സംസ്കൃതം വാര്‍ത്ത‍ കഴിഞ്ഞ ശബ്ദമാണ് കേട്ടത്.
എല്ലാം ഒരു സ്വപ്നം. ഹോ ! എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം!
നേരം പരപരാ വെളുത്തിരിക്കുന്നു. ഇന്നും കോളേജില്‍ പോണം. ക്ലാസ്സിലിരിക്കണം. ബസ്സിലെ ഇടി കൊണ്ട് തിരിച്ചു വരണം. ഹോംവര്‍ക്ക് ചെയ്യണം. ശരിക്കും ഡൈ അനദര്‍ ഡേ!!!

Tuesday, April 5, 2011

ചില്ലറപ്പൈസ

ഞാന്‍ അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടിയായി വളരണമെന്ന
എന്‍റെ അമ്മയുടെ ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് എന്നെ എന്‍റെ ഗ്രാമമായ കുറ്റൂര്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ പട്ടണത്തിലെ
സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ആക്കിയത് . കുറ്റൂര്‍ നിന്നും തൃശൂര്‍ എത്തുക എന്നത് സ്വന്തമായി വണ്ടി ഇല്ലാത്തവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ഇരുപതോ മുപ്പതോ മിനിറ്റ് ബസ്‌സ്റ്റോപ്പില്‍ കാത്തുനിന്നാല്‍ വരുന്ന ബസിന്റെ പടിയിലെങ്കിലും ഒരു കാല്‍ വയ്ക്കാനായാല്‍ സുകൃതം എന്ന് കരുതണം . കാരണം തമിഴ്നാടില്‍ ഓടുന്ന ലൂനയുടെ ഹാന്‍ഡില്‍ ബാറില്‍ തലകുത്തനെ തൂങ്ങിക്കിടക്കുന്ന ബ്രോയിലെര്‍ കോഴികളെ പോലെ ബസിന്റെ രണ്ട് വാതില്‍ക്കലും ആളുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും.
അങ്ങനെ തൂങ്ങിക്കിടന്നാണ് അടക്കവും ഒതുക്കവും പഠിക്കാന്‍ ഞാന്‍ നിത്യവും സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. സത്യം പറഞ്ഞാല്‍ ടെക്സ്റ്റ്‌ ബുക്കിലെ വാഗണ്‍ ട്രാജഡിയുടെ ടെമോന്‍സ്ട്രെഷന്‍ ആയിരുന്നു സ്കൂളിലേക്കുള്ള ബസ്‌ യാത്ര. എത്തിയാല്‍ എത്തി എന്ന് പറയാം. മാത്രമല്ല വെറും 35കിലോ ഭാരമുണ്ടായിരുന്ന എനിക്ക് പന്ത്രണ്ടു വിഷയങ്ങളുടെ ടെക്സ്റ്റുകളും അതിന്റെ ഒക്കെ നോട്ടുകളും അടങ്ങിയ ബാഗും തൂക്കിപ്പിടിച്ച് ബസില്‍ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.

നമ്മള്‍ കുരങ്ങന്മാരുടെ പിന്‍ഗാമികലാണെന്ന ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെന്ന് സ്ഥാപിക്കുന്നത് ബസില്‍ നില്‍ക്കുംബോഴാനെന്നു എനിയ്ക്ക് തോന്നാറുണ്ട്. നമ്മുടെ അപ്പൂപ്പന്‍മാരുടെ വിദ്യകളില്‍ പലതും ബസ് യാത്രയില്‍ നമുക്കുപകരിക്കും. ഒരു ഭാഗത്ത്‌ നിന്ന് മറ്റൊരു ഭാഗത്ത് എത്താന്‍ നമ്മള്‍ ഉരാന്‍ഗ് ഉട്ടാന്‍ കുരങ്ങനെ പോലെ ബസിന്റെ മുകളിലുള്ള കമ്പികളില്‍ തൂങ്ങിയല്ലേ നമ്മള്‍ പോകുന്നത്?

അങ്ങനെ തൂങ്ങിയതിന് ഒരു ദിവസം ഞാന്‍ ശരിക്കും 'തൂങ്ങി' .

സംഭവം ഇങ്ങനെ. ഞാന്‍ സ്കൂളില്‍ നിന്നും തിരിച്ചു വരികയാണ് . വൈകുന്നേരം ആയതു കൊണ്ട് ബസില്‍ വലിയ തിരക്കില്ല. എനിക്കിറങ്ങാനുള്ള സ്റ്റോപ്പിനു തൊട്ടു മുന്‍പുള്ള സ്റ്റോപ്പില്‍ നിന്നും ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ ഡ്രൈവറുടെ തൊട്ടു പിറകില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഇനി വാതിലിനടുത്ത്തെത്താന്‍ കുറച്ചു പണിയുണ്ട്. കഷ്ടിച്ച് മുകളിലുള്ള കമ്പിയില്‍ തൂങ്ങിക്കിടക്കാനുള്ള ഉയരമേ എനിക്കുള്ളൂ. അതുകൊണ്ട് നേരത്തെ തന്നെ തോളില്‍ ബാഗ് തൂക്കിയിട്ടു ഞാന്‍ പതുക്കെ എഞ്ചിന്‍ ബോക്സിനു പിറകില്‍ വന്നു നിന്നു. വാതിലിനടുത്ത് കുത്തനെ വച്ചിട്ടുള്ള കമ്പിയില്‍ പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ബാലന്‍സ് കിട്ടുമായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ ആ കമ്പിയില്‍ ചാരിനിന്നു കണ്ടക്ടര്‍ പൈസ പിരിക്കുകയാണ്. എന്ത് ചെയ്യും.
അപ്പോഴാണ് ഞാന്‍ ഞെട്ടലോടെ ഒരു കാര്യം ഓര്‍ത്തത്. എന്‍റെ സ്റ്റോപ്പിനു തൊട്ടു മുന്‍പ് ഒരു കൊടും വളവു ഉണ്ട്. ബസ്‌ ആണെങ്കില്‍ നല്ല സ്പീഡിലും. ഇപ്പോഴുള്ള അവസ്ഥയില്‍ വീഴാതെ നില്‍ക്കുക പ്രയാസമാണ്. ദേ വരുന്നു വളവു. ഞാന്‍ എന്തും നേരിടാന്‍ തയ്യാറായി ധൈര്യം ഭാവിച്ചു നിന്നു. ഇതാ ബസ്‌ ഒരു ഒന്നൊന്നര വളവു വളയുന്നു . എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
ടമാര്‍...............പടാര്‍....ടിഷ്യും ....................ച്ലും............ച്ലും..........ച്ലും ...........
വളവു കഴിഞ്ഞു . കൊമ്പസ്സില്‍ വച്ച പെന്‍സില്‍ പോലെ 180ഡിഗ്രീ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങി പഴയ പൊസിഷനില്‍ വന്നു നിന്നിട്ടെ ഉള്ളൂ ഞാന്‍. എന്‍റെ തൊട്ടടുത്ത് പഴയ പൊസിഷനില്‍ കണ്ടക്ടര്‍.
അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്. കണ്ടക്ടറുടെ മുഖത്ത് മറ്റൊരു കണ്ടക്ടറുടെ മുഖത്തും ഇന്ന് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭാവം....നിസ്സഹായത....നിസ്സഹായതയ്ടെയും പകപ്പിന്റെയും ആള്‍രൂപമായി കണ്ടക്ടര്‍ എന്നെ നോക്കുന്നു . ആ ഭാവം പതുക്കെ രൌദ്രത്തിന് വഴി മാറുന്നുണ്ട്.
എന്താ സംഭവിച്ചത്? കണ്ടക്ടറുടെ ഒഴിഞ്ഞ കൈകള്‍. പൈസ പിരിക്കുന്ന കറുത്ത ബാഗ് അതാ എഞ്ചിന്‍ ബോക്സിനു മുകളില്‍ മലച്ചു കിടക്കുന്നു . കാക്കത്തൊള്ളായിരം ചില്ലറപ്പൈസകള്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കുന്ന ചേച്ചിമാരുടെ മടിയില്‍ ചിതറിക്കിടക്കുന്നു .
എനിക്ക് പതുക്കെ കാര്യം മനസ്സിലായി. സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങിയപ്പോ എന്‍റെ ബാഗുകൊണ്ട് ഞാന്‍ ഇടിച്ചു തെറിപ്പിച്ചതാണ്‌ അദ്ദേഹതിന്റെ ചില്ലറ ബാഗ്‌.

എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ.

അപ്പോഴേക്കും എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. കണ്ടക്ടര്‍ ഷോക്ക്‌ അടിച്ച പോലെ അങ്ങനെ തന്നെ നില്‍ക്കുകയാണ് . ബോധം തിരിച്ചു കിട്ടിയാല്‍ അയാള്‍ എന്നെ ഒറ്റ ചവിട്ടിനു ബസിനു പുറത്തെക്കിടുമെന്നു തോന്നി.
അപ്പോള്‍ എന്ത് ചെയ്യണമെന്നു അറിയാതെ നില്‍ക്കുന്ന എന്നോട് കിളി പറഞ്ഞു വേഗം ഇറങ്ങിക്കോ. വേഗം ഇറങ്ങിപ്പോക്കോ.


ഞാന്‍ ജീവനും കൊണ്ട് ബസില്‍ നിന്നും ചാടി ഇറങ്ങി ഓടി.

Tuesday, March 8, 2011

കുരിശിന്‍റെ വഴി അഥവാ കത്തുന്ന കച്ചിത്തുറു

രംഗം ഒന്ന്: സ്പെലിംഗ് മിസ്ട്ടെക്


അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!”
സത്യവിശ്വാസികള്‍ പ്രവചനം കേട്ട് രണ്ടു പ്രാവശ്യം ഞെട്ടി.

ഒരു നിമിഷം കനത്ത നിശബ്ദത എങ്ങും തളം കെട്ടി നിന്നു.

ഹെന്ത്?

അതൊരു നോമ്പുകാലം ആയിരുന്നു .

മെഴുകുതിരികളും കയ്യില്‍ പിടിച്ചു കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയും ചൊല്ലി വരിവരിയായി പള്ളിയിലേക്ക് നടക്കുകയായിരുന്നു ആ സത്യവിശ്വാസികള്‍ .


കൂട്ടത്തില്‍ നേതാവ് കുരിശു ചുമന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ യാത്ര നാടകീയമായി

വിവരിക്കുന്നുണ്ട്.


സന്ദര്‍ഭം ഇതാണ് . യാത്രക്കിടയില്‍ ഈശോ ജെറുസലേമിലെ സ്ത്രീകളെ കാണുന്നു. അദ്ദേഹത്തിന്റെ അവസ്ഥകണ്ട് അവര്‍ കരയുന്നു. അവരെ കര്‍ത്താവ്‌ ആശ്വസിപ്പിക്കുന്നു.

നേതാവ് വികാര വിക്ഷോഭങ്ങലോടെ കര്‍ത്താവിനു വോയിസ് ഓവര്‍ കൊടുക്കുന്നുണ്ട്:" നിങ്ങള്‍ എന്നെ ഓര്‍ത്തു കരയണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്തു കരയുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെറുസലേം ആക്രമിക്കപ്പെടും "

തുടര്‍ന്നാണ് നമ്മള്‍ നേരത്തെ കേട്ട സംഭവം .

( റീപ്ലേ )
"അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!!!!!"

സത്യവിശ്വാസികള്‍ തലകുടഞ്ഞു

എന്തോ ഒരു പ്രശ്നം പറ്റിയിട്ടുണ്ട്. ഇങ്ങനെ അല്ലല്ലോ കര്‍ത്താവ്‌ പറഞ്ഞത്?

നേതാവിന് കാര്യം മനസ്സിലായി. അദ്ദേഹം ഭാഗം ഇളിഭ്യതയോടെ മുഴങ്ങുന്ന സ്വരത്തില്‍ മൊത്തംവിശ്വാസികള്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഒന്ന് കൂടെ വായിച്ചു.
"അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു ചാകും!"

ഹെന്‍റെ കര്‍ത്താവേ!

ഇവന്‍ വായിക്കുന്നതെന്താണെന്ന് ഇവന് യാതൊരു പിടിയുമില്ല. ഇവനിട്ടൊരു
പണി കൊടുക്കണമെ.


രംഗം രണ്ട്

വായനക്കാര്‍ അലോഗ്യം വിചാരിച്ചിട്ട് കാര്യമില്ല. എപ്പിസോസില്‍ നായിക ഞാനാണ്. സന്ദര്‍ഭംപഴയത് തന്നെ. മെഴുകുതിരികളും കൈയില്‍ പിടിച്ചു വരിവരിയായി പോകുന്ന വിശ്വാസികള്‍.

അതാ അങ്ങോട്ട്‌ നോക്കൂ.

അവര്‍ക്കിടയില്‍ സുന്ദരിയും സുശീലയും സുകുമാരിയും ആയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍കാണുന്നില്ലേ?

ആര്?

ആരാണവള്‍?

അത് മറ്റാരുമല്ല.

ഞാന്‍ തന്നെ!

(പ്ലീസ് വായന നിര്‍ത്തരുത്. പിന്നെ എന്നെപ്പറ്റി നിങ്ങള്‍ ഇങ്ങനെ ഒക്കെ എഴുത്വോ. എന്ത് ചെയ്യാം.അതും ഞാന്‍ തന്നെ ചെയ്യണം)

കളരിവിളക്കു തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന് ആരും പാടിപ്പോകുംഅവളെ കണ്ടാല്‍. അവളെ അതായത് എന്നെ കൂട്ടുകാര്‍ സ്നേഹപുരസ്സരം വിളിക്കുന്ന പേരാണ് മിസ്സ് കച്ചിത്തുറു.

ഹെന്ത് ചെയ്യാം.

ലോകത്തില്‍ ഒരാള്‍ക്കും ഇല്ലാത്ത തരം തലമുടി ഇവള്‍ക്കിരിക്കട്ടെ എന്ന് ദൈവം അങ്ങ്തീരുമാനിച്ചു. എന്നിട്ട് എങ്ങനെ വെട്ടിയാലും കച്ചിത്തുറുവിന്റെ രൂപം പ്രാപിക്കുന്ന ഒരു പ്രത്യേക തരംതലമുടി അങ്ങേരു എന്‍റെ തലയില്‍ ഫിറ്റ്‌ ചെയ്തു .

അതൊക്കെ പഴയ കഥ.

ഇനി നിങ്ങള്‍ക്കൂഹിക്കാമല്ലോ. എന്‍റെ കച്ചിത്തുറുവിനു എന്ത് സംഭവിച്ചു എന്ന് ? ഒട്ടനവധി കത്തുന്നമെഴുകുതിരികള്‍ക്കിടയിലാണ് എന്‍റെ പാവം കച്ചിത്തുറു .

അവസാനം അത് തന്നെ സംഭവിച്ചു .

എന്‍റെ തൊട്ടു പിറകിലുണ്ടായിരുന്ന ഒരു കുട്ടിവിശ്വാസി കച്ചിത്തുറുവിനു തീ വച്ചു!

അതിന്‍റെ അമ്മവിശ്വാസി അവസരോചിതമായി പ്രവര്‍ത്തിച്ചത് കൊണ്ട്
വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേനയുടെ സേവനം ആവശ്യമായി വന്നില്ല. ഞാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബട്ട്‌ , പള്ളിയിലെത്തിയപ്പോള്‍ എന്‍റെ തൊട്ടു പിറകിലിരുന്ന കൂട്ടുകാരികള്‍ എല്ലാംമണത്തറിഞ്ഞു

ആരാ കച്ചിത്തുറുവിനു തീ വച്ചേ ?

ഉം..ഇനി പറഞ്ഞിട്ടെന്താ!