Thursday, August 25, 2016

'പെണ്ണുകാണൽ' 

രംഗം ഒന്ന്
രണ്ടു വർഷങ്ങൾക്കു മുൻപ്ഒരു ഉച്ചനേരം
ഞാൻ എന്റെ സബ് ജൂനിയർ ആയി പഠിച്ച സിറിൽ എന്ന സുഹൃത്തുമായി ഫേസ്ബുക് ചാറ്റിങ്ങിൽ ആണ്.
ഞാൻ: "എടാ, ഈ കല്യാണം എങ്ങനെയാ? കഴിക്കാൻ പറ്റുന്ന സാധനമാണോ?"
ലവൻ: "എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം?"
ഞാൻ: "ഇന്നെന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്."
ലവൻ: "എപ്പോ?"
ഞാൻ: "ഇപ്പൊ"
ലവൻ: "ഹ ഹ. അത് ശരി. കല്യാണം എന്നൊക്കെ പറഞ്ഞാൽ....അത് ഞാൻ കഴിച്ചതല്ലേ? എന്നിട്ട് കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ. എല്ലാരും കെട്ടുന്നുണ്ട്. ചുമ്മാ ഒന്ന് കെട്ടി നോക്കെന്നേ."
ഞാൻ: "ശരി എന്നാ ഞാൻ പോയി നോക്കട്ടെ"
ലവൻ: " ഓൾ ദ ബെസ്ററ്"
രംഗം രണ്ട്
കോഴിക്കോട് പട്ടണത്തിലെ പ്രശസ്തമായൊരു പള്ളി. 'പെണ്ണുകാണൽ' പരിപാടി വൈകുമെന്ന് അറിയിപ്പ് കിട്ടിയതു കൊണ്ടും പുറത്തു നല്ല മഴ ആയതുകൊണ്ടും ഒരു തീരുമാനം ആകുന്നതു വരെ അവിടെ ഇരിക്കാമെന്നു തീരുമാനിച്ചു. അവിടത്തെ കൽകുരിശിനോട് പ്രാർത്ഥിച്ചാൽ എന്തും നടക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു ഇത് നടക്കണേ എന്നു ഞാൻ പ്രാർത്ഥിച്ചില്ല. ഇഷ്ടമായില്ലെങ്കിൽ നടക്കല്ലേ എന്നു പ്രാർത്ഥിക്കാൻ വീണ്ടും വരണ്ടേ?
അതു കൊണ്ടു തലേ ദിവസം വൈകുന്നേരം നടന്ന സംഭവങ്ങൾ ഞാൻ ചുമ്മാ റീ വൈൻഡ് ചെയ്തു.
ഫ്ലാഷ് ബാക്ക്
ഞാൻ ഇന്ത്യൻ എക്സ്പ്രസിന്റെ ഓഫീസിൽ പതിവുപണികളിൽ ഏർപ്പെട്ടിരിക്കുന്നു. വൈകീട്ട് ഏഴു മണിക്ക് അമ്മയുടെ കാൾ.
അമ്മ: എന്തൊക്കെ ഉണ്ട് വിശേഷം?
ഞാൻ: നല്ല വിശേഷം. ഒരു കൊലപാതകം രണ്ടു ബലാത്സംഗം. ഏഴുമണി അല്ലെ ആയിട്ടുള്ളൂ. വാർത്തകൾ ഇനിയും വരും
'അമ്മ: ഒരു കൂട്ടര് കല്യാണാലോചനയും ആയി വന്നിരുന്നു. നിന്റെ ഫോട്ടോ കാണിച്ചു. അവർക്കിഷ്ടായി. നാളെ നിന്നെ അവിടെ വന്നു കണ്ടാലോ എന്ന് ചോദിച്ചു. ഞാൻ നിന്നോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു. ഞാൻ എന്താ അവരോടു പറയണ്ടേ?
ഞാൻ: ആഹാ..വീട്ടിലോ സമാധാനം തരില്ല. ഇനി ഇപ്പൊ ഇവിടേം. എനിക്ക് ഏറ്റവും അധികം പെണ്ണുകാണപ്പെട്ട യുവതി എന്ന ഗിന്നസ് റെക്കോഡ് വാങ്ങിത്തരാൻ ഉദ്ദേശം ഉണ്ടോ അമ്മക്ക്?
'അമ്മ: അവര് വന്നു കാണുന്നേനു ഇപ്പൊ എന്താ കുഴപ്പം? ഇഷ്ടായില്ലെങ്കിൽ അത് പറയുക. എനിക്ക് ചെറുക്കനെ കണ്ടിട്ട് ഇഷ്ടായി. നീ ചുമ്മാ കണ്ടു നോക്ക്.
ഞാൻ: ഹും
'അമ്മ: ഗൾഫ്കാരനാണു. ലീവ് കുറവായോണ്ടാ നാളെ തന്നെ കാണണം എന്ന് പറഞ്ഞേ.
ഞാൻ: അയ്യേ ഞാൻ ഗൾഫിൽ ഒന്നും പോകില്ല. ഈ പച്ചപ്പും ഹരിതാഭയും ഒന്നും ഇല്ലാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല
'അമ്മ: നീ പോകണ്ട. ഒന്നു കണ്ടിട്ട് അഭിപ്രായം പറയോ?
ഞാൻ: ശരി
രംഗം മൂന്ന് (ബാക്ക് റ്റു ദ പള്ളി)
അവർ എത്താറായി എന്ന് ഫോൺ വരുന്നു. പെട്ടന്ന് ഫീലിംഗ് നേർവസ് എന്ന് ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇടാൻ ഒരു തോന്നൽ. ആത്മസഖിയും സഹമുറിയത്തിയുമായ റീഷ്മ ദാമോദറെ വിളിച്ചു.
"നീ ഫ്രീ ആണെങ്കിൽ എന്റെ കൂടെ ഒന്ന് വരുമോ? എനിക്ക് ഒരു പേടി."
ഉടൻ വന്നു മറുപടി: "ഞാൻ ഫ്രീ അല്ല. പക്ഷെ നീ പേടിക്കരുത്. കാരണം നീ മേരി ദീപ ഡേവിഡ് ആണ്. നീ ധൈര്യമായിട്ട് പോ." വേറെ വഴിയില്ലല്ലോ! രണ്ടും കല്പിച്ച് ഞാൻ ഇറങ്ങി.
ഞാൻ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ മുൻപിൽ മഴവെള്ള ശേഖരണത്തിനായി മൂന്നു ബക്കറ്റുകൾ ആണ് സ്ഥാപിച്ചിരുന്നത്. ഈ ചോർന്നൊലിക്കുന്ന ഫ്ലാറ്റിൽ അവരെ വരുത്തുന്നത് എന്റെ അന്തസ്സിനു ചേരാത്ത പരിപാടി ആയതു കൊണ്ടാണ് വേറെ എവിടെങ്കിലും ആകാം എന്ന് തീരുമാനിച്ചത്. അങ്ങനെ ചെറുക്കനും കൂട്ടരും വന്ന വെള്ളക്കാറിനെ ഓവർടേക് ചെയ്ത് ഞാൻ സഞ്ചരിച്ച ഓട്ടോറിക്ഷ ആർ പി മാളിന് മുൻപിൽ ഡസൻബ്രെക്കിട്ടു.
ഓട്ടോയിൽ നിന്നും ചാടിയിറങ്ങി മാളിലേക്ക് ഓടുന്ന യുവതിയാണ് പ്രതി എന്ന് മനസ്സിലാക്കിയ പ്രസ്തുതസംഘത്തിലെ ഒരാൾ എന്നെ കൈകൊട്ടി വിളിച്ചു. അങ്ങനെ മാളിന്റെ എൻട്രൻസിൽ നിന്ന് 'ഞാൻ കുറെ നേരമായി വെയ്റ്റ് ചെയ്യുന്നു, നിങ്ങൾ വരാൻ ലെയ്റ്റ് ആയി അല്ലെ ' എന്ന് പറയാനുള്ള എന്റെ പ്ലാൻ അതിമനോഹരമായി പാളി.
ആർ പി മാളിന്റെ ഫുഡ് കോർട്ടിലേക്ക് ഞാൻ അവരെ ആനയിച്ചിരുത്തി. എല്ലാവര്ക്കും തണ്ണിമത്തൻ ജൂസും ഉഴുന്നുവടയും വാങ്ങിക്കൊടുത്തു. (എപ്പോഴും ഈ ചായയും മിക്സ്ചറും ആയാലെങ്ങനാ? ഒരു വെറൈറ്റി ഒക്കെ വേണ്ടേ?) തണ്ണിമത്തൻ ജൂസ് അഥവാ കോഴിക്കോടൻ ഭാഷയിൽ വത്തക്കൊള്ളം കുടിച്ചു കൊണ്ട് ഭാവി അമ്മായിയമ്മയായ ആനിയമ്മയുമായി ചന്ദനമഴയും പരസ്പരവും ചർച്ച ചെയ്യുകയായിരുന്നു ഞാൻ. രസം പിടിച്ചു വരുന്നതിനിടെ ഫാവി ഫർത്താവ് എന്നെ സ്വകാര്യസംഭാഷണത്തിനു ക്ഷണിച്ചു.
"സിഗരറ്റു വലിക്ക്യോ?" ഞാൻ ചോദിച്ചു.
"മുൻപ് വലിക്കുമായിരുന്നു. ആറാം ക്‌ളാസിൽ വച്ച് നിർത്തി."
ബെസ്റ്റ്‌! ഓൺ ദി സ്പോട്ടിൽ, ആർ പി മാളിന്റെ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. ഇവൻ, ഈ ഉമ്മച്ചൻകുട്ടൻ എന്റെയാണെന്ന്. മറ്റൊരുത്തിക്കും ഇവനെ ഞാൻ വിട്ടുകൊടുക്കില്ലാന്ന്. അപ്പോൾ വടക്കൻകേരളത്തിൽ മാത്രം വീശുന്ന ഒരു പ്രത്യേകതരം കാറ്റ് അതിലൂടെ തപ്പിത്തടഞ്ഞു കടന്നു പോയി.
വീട്ടിലെത്തി ആത്മസഖാവ് സന്ദീപിനെ വിവരങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
"സത്യമായും കാണാൻ വന്ന ഒരാളെക്കുറിച്ചു നീ ഇത്രയധികം നല്ലതു പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. നീ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു 'പെണ്ണുകാണലും' പോലെ ഈ 'പെണ്ണുകാണലും' കടന്നുപോകും. മറക്കപ്പെടും. പക്ഷെ നിന്റെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും."
അങ്ങനെ രണ്ടും കല്പിച്ച് ഞാനൊരു യെസ് പറഞ്ഞു.
പിന്നെയെല്ലാം ശടപടേ...ശടപടേ ന്നായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരിക്കലും ഗൾഫിൽ കാലുകുത്തില്ല എന്ന് ശപഥം ചെയ്തു നടന്നിരുന്ന ഞാൻ ഇപ്പോൾ ഒട്ടകപ്പാലും കുടിച്ച് ഗൾഫിന്റെ തെരുവോരങ്ങളിൽ അലയുകയാണ് പ്രിയപ്പെട്ടവരേ അലയുകയാണ്! ഈ പരിപാടി എല്ലാം ഒപ്പിച്ചിട്ട് ഇപ്പൊ രണ്ടുകൊല്ലം തികയുന്നു. അതുകൊണ്ടു ചുമ്മാ ഇതൊക്കെ ഓർത്തു എന്ന് മാത്രം!


Tuesday, January 19, 2016

ഞാൻ സൂപ്പർമാൻ

എല്ലാ വർഷവും വേനൽ അവധിക്കാലത്ത്‌ ഞാനും അനിയനും വല്ല്യമ്മയുടെ രണ്ടു മക്കളും അമ്മയുടെ വീട്ടിൽ പാർക്കാൻ പോകുന്ന പതിവുണ്ടായിരുന്നു അത്തവണ അമ്മയുടെ വീട്ടിൽ പോയപ്പോൾ അമ്മയുടെ ആങ്ങള നമുക്കായി ഒരു സർപ്രൈസ് വച്ചിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ? ഒരു വലയൂഞ്ഞാൽ അഥവാ ഹാമൊക്ക്. പക്ഷെ അതിന്റെ സ്വഭാവം വച്ച് അതിനെ ഹമുക്ക് എന്ന് വിളിക്കുന്നതാവും നല്ലത്. വഴിയരികിൽ ഒരു മരത്തിൽ പല നിറങ്ങളിൽ തൂക്കിയിട്ടത് കണ്ടപ്പോളുള്ള കൌതുകം കൊണ്ടാവാം അച്ചൻ ( തൃശ്ശൂര് ക്രിസ്ത്യാനിയോള് അമ്മാവനെ അച്ചാ ന്നാണ് വിളിക്ക്യാ) അത് വാങ്ങിയത്. എന്നാൽ അന്ന് കുടക്കമ്പി, ഇന്ദ്രൻസ് എന്നീ ഓമനപ്പേരുകളിൽ അറിയപ്പെട്ടിരുന്ന പെൻസിൽമാർക്കായ എനിക്കുപോലും കിടക്കാനുള്ള വീതി ആ ഹാമൊക്കിനുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ അതിനെ കൈ വിട്ടില്ല. വീടിന്റെ മുറ്റത്ത് ഒരു പ്ലാവും പിന്നെ ഒരു ചങ്ങലമരവും ഉണ്ട്. ചങ്ങലമരം എന്താന്നാവും. അമ്മയുടെ വീട്ടിൽ വളർത്തിയിരുന്ന നായ്ക്കൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് ജിമ്മി. അങ്ങനെ നായ്ക്കളെല്ലാം ജിമ്മി ഒന്നാമൻ, ജിമ്മി രണ്ടാമൻ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ഈ ജിമ്മിമാരെ കെട്ടാനുള്ള ഔദ്യോഗിക ചങ്ങല കെട്ടിയിരുന്ന ഔദ്യോഗിക മരമായിരുന്നു ചങ്ങല മരം. പിന്നീട് ജിമ്മിമാരെ അവിടെ കെട്ടാതായി. ചങ്ങല അഴിക്കാതെ ആ മരത്തിൽ തന്നെ കെട്ടിയിരുന്നത് കൊണ്ട് മരം വളർന്നപ്പോൾ ചങ്ങല മരത്തിന്റെ ഒരു ഭാഗമായി. ഈ ചങ്ങലമരവും നല്ല ചക്കയുണ്ടാകുന്ന ഒരു പ്ലാവും അടുത്തടുത്താണ് നിന്നിരുന്നത്. അതിനു തൊട്ടടുത്ത് പണ്ട് എല്ലാ പൂന്തോട്ടത്തിലും സ്ഥിരം ഉണ്ടായിരുന്ന ബുഷ്ചെടികൾ ഒരു വരിയായി വളർന്നു നില്ക്കുന്നുണ്ട്. ആ ബുഷ്‌ ചെടികൾക്ക് സമാന്തരമായി ചങ്ങലമരത്തോടും പ്ലാവിനോടും ചേർത്ത് നമ്മൾ ആ ഹാമൊക്ക് കെട്ടി. ഹാമൊക്കിൽ കിടന്നു പുസ്തകം വായിക്കുന്നതൊക്കെ സിനിമയിൽ കണ്ടിട്ടുള്ളതുകൊണ്ട് ഞാൻ അതിൽ കിടന്നു മലർവാടി, കുട്ടികളുടെ ദീപിക, ബാലരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ശ്രമം നടത്തിയെങ്കിലും ബാലൻസിംഗ് പ്രോബ്ലം കാരണം നടന്നില്ല. അതായത് നമ്മുടെ വലയൂഞ്ഞാലിനു വീതി ഇല്ലാത്തതു കൊണ്ട് കിടന്നാൽ താഴെ എത്താതെ നോക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. മനോഹരമായ രണ്ടു ചോയ്സുകളാണ് ആ സാധനം നമുക്ക് തന്നത്, ഒന്നുകിൽ പുസ്തകം വായിക്കാം അല്ലെങ്കിൽ നിലത്തു കിടക്കാം. അങ്ങനെ ആ ഹാമൊക്കിനോടുള്ള താല്പര്യം നശിച്ചു. അതവിടെ അങ്ങനെ അനാഥമായി കിടന്നു.
ഒരുച്ച നേരം.ഭക്ഷണമൊക്കെ കഴിച്ചു മുതിർന്നവർ ഉറങ്ങാൻ കിടന്നു. ഞങ്ങൾ കുട്ടികൾ നാലുപേരും പുതുതായി എന്തൊപ്പിക്കും എന്ന ആലോചനയിലായി. അപ്പോഴാണ്‌ ഹാമൊക്കിന്റെ കാര്യം ഓർമ വന്നത്. നാലുപേരും ഹാമൊക്കിനടുത്തെത്തി. അതഴിച്ചു കുറച്ചുകൂടി ഉയരത്തിൽ കെട്ടി. എന്നിട്ട് ഒരു ധാരണയിലെത്തി. ഒരാൾ അതിൽ കിടക്കും മറ്റുള്ളവർ ആട്ടും. ആദ്യത്തെ നറുക്ക് എനിക്കുതന്നെ വീണു. ഞാൻ കയറിക്കിടന്നു. അവർ ആട്ടി. അടുത്ത നിമിഷം ഞാൻ ബുഷ്‌ ചെടികളുടെ മേലെ ചെന്ന് ക്രാഷ് ലാൻഡ് ചെയ്തു. അധികം ഭാരമില്ലാതിരുന്നതുകൊണ്ട് എനിക്കും ബുഷ്‌ ചെടികൾക്കും കാര്യമായി ഒന്നും പറ്റിയില്ല. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..മറ്റു മൂന്നുപേരും പറഞ്ഞു. മാൽനൂറ്റ്രിഷൻ കാരണം അണ്ടർവെയ്റ്റ് ആയതോണ്ട് അവർ അടുത്ത പരീക്ഷണത്തിനും എന്നെ തന്നെ തിരഞ്ഞെടുത്തു. ഊഞ്ഞാൽ അഴിച്ചു ഒന്ന് കൂടി ഉയരത്തിൽ അതായത് അതുക്കും മേലെ കെട്ടി. ഞാൻ അതിൽ കിടന്നു. ഒരാള് ഒരു കസേര കൊണ്ട് വന്നു അതിൽ കയറി നിന്നു എന്നി ആട്ടി. ഞാൻ ഒഴിഞ്ഞ ഒരു മിനറൽ വാട്ടർ കുപ്പി പോലെ വീണ്ടും ബുഷ്‌ ചെടികളുടെ മേലെ ചെന്ന് വീണു. അപ്പോൾ കൂട്ടത്തിൽ ഒരാൾക്ക് മറ്റൊരു ഐഡിയ തോന്നി. രണ്ടു കഷണം കയർ എടുത്തുകൊണ്ടു വന്നു എന്റെ കാലിലും വയറിലുമായി ഊഞ്ഞാലിൽ ചേർത്തുകെട്ടി. കസേരയിൽ നിന്ന ആൾ ഊക്കോടെ ആട്ടി. അടുത്ത നിമിഷം ഞാൻ വായുവിൽ ഉരുണ്ടു ഭൂമിക്ക് സമാന്തരമായി പറക്കുന്ന പോസിൽ പ്ലാവിനും ചങ്ങലമരത്തിനും ഇടയിൽ കറങ്ങി നിന്നു. കെട്ടിയിരുന്ന കാരണം താഴെ വീഴാനും പറ്റിയില്ല. കൃത്യം ആ നിമിഷത്തിൽ ഒരുകൂട്ടം ക്ലിച്ചോ പട്ടികൾ കൂട്ടമായി അവിടെയ്ക്ക് ഓടിയെത്തി. ബാക്കി മൂന്നുപേരും പേടിച്ചു വീടിനുള്ളിലേക്ക് ഓടിക്കയറി. ഞാനാണെങ്കിൽ ത്രിശങ്കു സ്വർഗം പോസിൽ അങ്ങനെ കിടന്നു നിലവിളിക്കുകയാണ്. ഉണക്കമീൻ വെയിലതിട്ടതാണെന്നു തെറ്റിദ്ധരിച്ചു അവർ എന്നെ തിന്നാൻ വരുമോ...ബട്ട് ദോസ് പട്ടികൾ എന്നെ മൈൻഡ് ചെയ്തില്ല. അവർ വേറെ എന്തോ അത്യാവശ്യകാര്യത്തിനു വേണ്ടി ഓടുകയായിരുന്നു. അതിൽ ഒരു പട്ടി മാത്രം കുറച്ചു നേരം എന്നെ നോക്കി നിന്നു. ങേ ഇതെന്താ സൂപ്പർമാൻ പ്ലാവിൻറെ ചോട്ടിലോ എന്ന ലൈനിൽ. പിന്നെ ആ എന്തേലും ആകട്ടെ എന്ന് തല കുടഞ്ഞിട്ട് ഫെല്ലോ പട്ടികളുടെ കൂടെ എത്താനായി ദാറ്റ്‌ പട്ടി കുറച്ചുകൂടി സ്പീഡിൽ ഓടി. എല്ലാ പട്ടികളും പോയിക്കഴിഞ്ഞു എന്ന് ഉറപ്പായതിനു ശേഷം മാത്രമേ മൂന്നു യൂദാസുകളും തിരിച്ചു വന്നു എന്നെ അഴിച്ചു വിട്ടുള്ളൂ. ആ അതൊക്കെ ഒരു കാലം....