Friday, August 21, 2015

തീപ്പിടുത്തം





സബരോൻ കി സിന്ദഗി ജോ കഭി നഹി കതം ഹോ ജാതി ഹേ എന്നാണല്ലോ പ്രമാണം. അതുകൊണ്ട് രണ്ടുമൂന്നു മാസം അലഞ്ഞു നടന്നിട്ടാണ് എനിക്ക് ദുബായിൽ ഒരു ജോലി ശരിയായത്. ദുബായ് നഗരത്തിലെ അംബരചുംബികളായ കെട്ടിടങ്ങളിൽ ഒന്നിലെ സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് അന്ന് ഒന്നോ രണ്ടോ ദിവസമേ ആയിട്ടുള്ളൂ. രാവിലെ പതിവുപോലെ ലാപ്ടോപ് തൊട്ട് നെറുകിൽ വച്ച് കണ്ണടച്ച് കൈ കൂപ്പി 'അഖിലാണ്ഡമണ്ഡലം'  മനസ്സിൽ പാടി (പണ്ട് തൊട്ടേ ഉള്ള ശീലമാ) ഐശ്വര്യമായി ഞാൻ ലാപ്ടോപ്‌ സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോഴാണ്‌ പുറത്തെവിടെയോ നിരത്താതെ മണിയടിക്കുന്നതു കേട്ടത്. 
 ഫയർ അലാമാണ് സംഭവം. കെട്ടിടത്തിനു തീ പിടിക്കുമ്പോഴാണല്ലോ ഈ അലാം അടിക്കുന്നത്. പക്ഷെ തീയുണ്ടെങ്കിൽ പുകയുണ്ടാകുമല്ലോ. പുകയൊന്നും ഇല്ല താനും. 
ഏതായാലും അന്നേരം  ഓഫിസിൽ ഉണ്ടായിരുന്ന മറ്റു രണ്ടു യുവതികളോടൊപ്പം  ഞാനും പുറത്തിറങ്ങി. തൊട്ടടുത്ത ഓഫീസിലെ ഏകാന്തചന്ദ്രികയായ യുവതിയും ഞങ്ങളോടൊപ്പം കൂടി. അങ്ങനെ നാലുപേരും ഇടനാഴിയിൽ കൂടിനിന്ന് ഓടണോ അതോ പുക കണ്ടിട്ട് ഓടിയാൽ മതിയോ എന്ന് ചർച്ച ചെയ്യാൻ തുടങ്ങി. 
എനിക്കാണെങ്കിൽ ഭയങ്കരമായി പേടിയാകുന്നുണ്ട്. എന്നാൽ കൂടെയുള്ളവർക്കാകട്ടെ ഓടണമോ വേണ്ടയോ എന്നതിനെപറ്റി ഐക്യകണ്ഠം ആയി ഒരു തീരുമാനത്തിലെത്താൻ സാധിക്കുന്നുമില്ല. തനിയെ ഓടാൻ ആണെങ്കിൽ ഈ അഭിമാൻ സമ്മതിക്കുന്നുമില്ല. 
അങ്ങനെ നിൽക്കുമ്പോഴാണ് ശാന്തസ്വരൂപനായ ഒരു നേപ്പാളി ചേട്ടൻ അതിലെ വന്നത്. കണ്ണടിച്ചു പോകുന്ന പച്ചനിറത്തിലുള്ള കോട്ട് ഇട്ടിരുന്നത് കൊണ്ട് അദ്ദേഹം ആ കെട്ടിടത്തിലെ ഒരു ജോലിക്കാരനാണെന്ന് മനസ്സിലായി. പക്ഷെ തീ പിടിച്ചതിന്റെ ആധി ഒന്നും ആളുടെ മുഖത്തില്ല. അദ്ദേഹം അടുത്തെത്തിയപ്പോൾ ഞങ്ങൾ ഉത്കണ്ഠയോടെ ചോദിച്ചു: 
"ചേട്ടാ, ഞങ്ങൾ നില്ക്കണോ അതോ പോണോ?"
 ഒരു ഋഷിവര്യനെപ്പോലെ ശാന്തനായിട്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്:
"ആരും പേടിക്കണ്ട....എല്ലാരും....ഓടിക്കോ....ഒരു കാര്യം ശ്രദ്ധിക്കണം...ലിഫ്റ്റ്‌ ഉപയോഗിക്കരുത്...ഗോവണിയിലൂടെ ഇറങ്ങി താഴോട്ട് പോയ്ക്കോണം."
ഇത് കേട്ടതും ഞങ്ങൾ ഓഫീസിലേക്ക് ഓടി. വേഗം ചോറ്റുപാത്രം, ബാഗ്, ലാപ്ടോപ്പ്, ഫോണ്‍ ഇതൊക്കെ 'അയ്യോ എന്റെ ടീവി, അയ്യോ എന്റെ എമെർജെൻസി' എന്ന സി ഐ ഡി മൂസയിലെ ബിന്ദു പണിക്കർ മോഡലിൽ പെറുക്കിയെടുത്തു ഗോവണിയുടെ അടുത്തേയ്ക്കോടി. കൂട്ടത്തിൽ ചോറ്റുപാത്രം ആരും മറന്നിട്ടില്ലല്ലോ എന്ന് പരസ്പരം ഓർമിപ്പിക്കുകയും ചെയ്തു. ജീവൻ പോയാലും അതുമറക്കാൻ പാടില്ലല്ലോ.
വേറെ ഏതോ ഓഫിസിലെ രണ്ടു ചേച്ചിമാർ ഗോവണിയിലൂടെ മാറ്റിനി കഴിഞ്ഞു പോകുന്നതു പോലെ മന്ദം മന്ദം താഴോട്ടിറങ്ങുന്നുണ്ടായിരുന്നു. ഇവര്ക്കൊക്കെ ജീവിതം മടുത്തിട്ടാണോ എന്ന് അത്ഭുതപ്പെട്ടുകൊണ്ട് ഞങ്ങൾ അവരെ ഓവർറ്റെയ്ക് ചെയ്തു. 
പുറത്തെത്തിയപ്പോൾ കെട്ടിടത്തിനു ചുറ്റും ഫയർ എൻജിനുകളും, പോലിസുവണ്ടികളും നിരന്നു നിൽക്കുന്നുണ്ട്. പിന്നെ കുറെ ഫയർമാന്മാരും ആ കെട്ടിടത്തിൽ ജോലി ചെയ്യുന്നവരും വഴിപ്പോക്കന്മാരും. എന്നാൽ പുകയൊന്നും കാണുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ല എന്നാണല്ലോ തിയറി. അപ്പൊ തീയുണ്ടെങ്കിൽ പുകയുണ്ടാവേണ്ടതല്ലേ? 
അങ്ങനെ നിൽക്കുമ്പോഴാണ് ഞങ്ങൾ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ചിലരെല്ലാം ഞങ്ങളെ 'എന്താ ഇത്?' എന്ന ഭാവത്തോടെ നോക്കുന്നു. സിമ്പിൾ ഡ്രസ്സ്‌ ധരിച്ച പെണ്‍കുട്ടികളെ ഇവർക്കിഷ്ടമാല്ലായിരിക്കും, അതുകൊണ്ടായിരിക്കും എന്ന് ഞാൻ അനുമാനിച്ചു. 
കെട്ടിടത്തിനു തീ പിടിച്ചു അതുകൊണ്ട് എല്ലാരും അടങ്ങി ഒതുങ്ങി നിന്നോണം എന്ന് അതാ ഒരു ചേട്ടൻ കോളാമ്പിമൈക്കിലൂടെ വിളിച്ചുപറയുന്നു. 
ഞാൻ എന്റെ സഹപ്രവർത്തകയോട് ചോദിച്ചു: "അറിയിക്കേണ്ടവരെ ഒക്കെ അറിയിക്കേണ്ടേ?"
"വേണം"
"എന്നാ...സമയം കളയണ്ടാ"
"ഹലോ...സാറല്ലേ...നമ്മുടെ ഓഫീസ് ഇതാ കത്തി ചാമ്പലാകാൻ പോകുന്നു. വേഗം വരിക."
ദേ ചിലരെല്ലാം ചേർന്ന് ഒരാളെ കെട്ടിടത്തിനുള്ളിൽ നിന്നും സ്ട്രെച്ചറിൽ എടുത്തുകൊണ്ടു വരുന്നു. ആളുടെ തലയിൽ ഒരു കെട്ടൊക്കെ ഉണ്ട്.
"അയ്യോ. ഇത് നമ്മുടെ ഡിക്രുചേട്ടനല്ലേ?"
"തങ്കപ്പെട്ട മനുഷ്യനായിരുന്നു"
"പാവം"
ആ ചേട്ടനെ ആംബുലൻസിൽ കയറ്റുന്നതും ആംബുലൻസ് നിലവിളിശബ്ദം ഇട്ടോണ്ട് പോകുന്നതും ഞങ്ങൾ നോക്കിനിന്നു.
അപ്പോൾ പുറകിൽ നിന്നൊരു പൊട്ടിച്ചിരി കേട്ടു. കെട്ടിടത്തിൻറെ മാനേജർ തങ്കപ്പൻ ചേട്ടനാണ്. ആരോടോ തമാശ പറഞ്ഞു ചിരിച്ചോണ്ട് നിൽക്കുകയാണ് ചുള്ളൻ.
ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
"എങ്ങനെയാ ചേട്ടാ തീ പിടിച്ചത്?"
"തങ്കപ്പൻ ചേട്ടൻ ഒന്നുകൂടെ പൊട്ടിച്ചിരിച്ചു.
"തീയോ? അപ്പോൾ നിങ്ങൾ മെമോ വായിച്ചില്ലേ?"
"ഏതു മെമോ?"
"ഇന്ന് മോക്ക് ഡ്രിൽ ഉണ്ടാകും എന്ന് അറിയിച്ചോണ്ടുള്ള മെമോ എല്ലാ ഓഫീസിലും കൊടുത്തിരുന്നല്ലോ?"
"ങേ!!!"
ഞങ്ങൾ നാലുപേരും ഒരുമിച്ചു ഞെട്ടി. 
"അപ്പോൾ ആ ആംബുലൻസിൽ കൊണ്ടുപോയ ഡിക്രു ചേട്ടൻ?"
 " അങ്ങേരെ അപ്പുറത്ത് കൊണ്ടുപോയി അപ്പോൾത്തന്നെ ഇറക്കിവിട്ടില്ലേ?"
ആളുകൾ ഞങ്ങളെ അന്യഗ്രഹജീവികളെ നോക്കുന്നതുപോലെ നോക്കിയതിന്റെ ഗുട്ടൻസ് അപ്പോഴാണ്‌ ഞങ്ങൾക്ക് പിടികിട്ടിയത്.
ഞങ്ങൾ മാത്രമാണ് ചോറ്റുപാത്രവും ബാഗും ചട്ടിയും കുട്ടിക്കലവും ഒക്കെ എടുത്തോണ്ട് വന്നിട്ടുള്ളത്!!!
ഞങ്ങൾ അങ്ങനെ ഇളിഭ്യരായി വിഷണ്ണരായി  എകാന്തരായി നിൽക്കുമ്പോഴാണ് അടുത്ത അനൗൻസ്മെന്റ്:
"ഈ മോക്ക് ഡ്രിൽ ഇവിടെ അവസാനിക്കുകയാണ്.  ഈ പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും നന്ദി. എല്ലാവർക്കും ഓഫിസുകളിലേക്ക് തിരിച്ചുപോകാവുന്നതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്ന വരെ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതല്ല." 
ഇത് കേട്ടതും തലയിൽ മുണ്ടിട്ടുകൊണ്ട്‌ ഞങ്ങൾ ഓഫിസിലേക്ക് ഓടി.
ദുബായിലെ ഓരോരോ ആചാരങ്ങളേ!!!

Sunday, August 9, 2015

ഡാൻസ്കാരി

എന്റെ അപ്പാപ്പൻ, അതായത്  അമ്മയുടെ അപ്പൻ മക്കളുടെ കലാപരമായ കഴിവുകൾ വളർത്താൻ വളരെയേറെ താൽപര്യമുള്ള ആളായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്നത് ചെന്നൈയിൽ ആയിരുന്നത് കൊണ്ട് അമ്മയുടെ കുട്ടിക്കാലം അവിടെ ആയിരുന്നു. അമ്മയേയും അമ്മയുടെ ചേച്ചിയെയും ഭരതനാട്യം പഠിപ്പിക്കാൻ അപ്പാപ്പൻ അന്ന് ഒരു ഗുരുവിനെ ഏർപ്പാടാക്കുകയും അവരുടെ നൃത്ത പരിപാടികൾക്ക് സ്വന്തം ചെലവിൽ മേളക്കാരെയും പാട്ടുകാരെയുമൊക്കെ വരുത്തുകയും (അന്ന് കാസറ്റും സിഡിയും ഒന്നും ഇല്ലല്ലോ) ചെയ്തിരുന്നു. എന്നാൽ അവരുടെ നൃത്തപഠനം അധികകാലം നീണ്ടു നിന്നില്ല. സത്യക്രിസ്ത്യാനികളായ പെണ്‍കുട്ടികൾ "ഹിന്ദു ദൈവങ്ങളെ" സ്തുതിച്ചുകൊണ്ട് നൃത്തം ചെയ്യുന്നത് കുടുംബത്തിൽ വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കി. അങ്ങനെ സഹികെട്ട് അപ്പാപ്പന് മക്കളുടെ നൃത്തപഠനത്തിനു ഫുൾസ്റ്റോപ്പ്‌ ഇടേണ്ടി വന്നു.
പക്ഷെ എന്റെ അമ്മയാരാ മോള്? അമ്മയുടെ മോളായ ഞാൻ ഒരു വലിയ ഡാൻസ്കാരി ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അത്കൊണ്ട് ഞാൻ ചെറുതായിരിക്കുമ്പോൾ അമ്മയ്ക്കിഷ്ടപ്പെട്ട സിനിമാപ്പാട്ടുകൾ അമ്മ തന്നെ കൊറിയോഗ്രാഫി ചെയ്തു എന്നെ പഠിപ്പിക്കുമായിരുന്നു. ഞാനത് സ്റ്റെയ്ജിൽ കളിക്കണം. ഇതിന്റെ ഭീകരത മനസ്സിലാക്കണം എങ്കിൽ.....ആകാശദൂതിലെ പാട്ടിനു വരെ ഞാൻ സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടുണ്ട് എന്ന സത്യം നിങ്ങൾ അറിയണം.
പോരാത്തതിന് എന്നെ സ്കൂളിലെ ഡാൻസ്ക്ലാസ്സിലും ചേർത്തു. ഇടതുകാലു ചവിട്ടാൻ പറയുമ്പോൾ ഏതാപ്പാ എന്റെ ഇടതു കാലു എന്ന് ഞാൻ ആലോചിച്ചു നില്ക്കാറുള്ളത് കൊണ്ട് ടീച്ചർ താളം പിടിക്കുന്ന കോലുകൊണ്ട് എന്റെ കാലിലും കൊട്ടുമായിരുന്നു. അരമണ്ഡലം, മുഴുമണ്ഡലം എന്ന് പഠിപ്പിച്ചപ്പോൾ അടുത്തത് നിയോജകമണ്ഡലമാണോ എന്ന് ചോദിച്ചതിനു ടീച്ചർ എന്റെ ചെവിയിൽ നുള്ളി. അങ്ങനെ ഭാവിയിൽ ഒരു പത്മാ സുബ്രഹ്മണ്യം ആകേണ്ട ഞാൻ ശാരീരികപീഡനം മൂലം നൃത്തപഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
എന്നാൽ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ! ഇന്ന് പലരും എന്നെ ഓർക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ കളിച്ച ഒരു സിനിമാറ്റിക് ഡാൻസിന്റെ പേരിലാണ്. കൊറിയോഗ്രാഫർ മറ്റാരുമല്ല, അമ്മ തന്നെ.
ഇനി ഭൂതകാലത്തിൽ നിന്നും അൽപം ഫാസ്റ്റ് ഫോർവേഡ് അടിക്കാം. ഇപ്പോൾ ഞാനൊരു വനിതാകോളെജിൽ ജേണലിസം അധ്യാപികയാണ്. അന്നും പതിവ് പോലെ ക്ലാസ്സൊക്കെ കഴിഞ്ഞ് ബസ്സിറങ്ങി ഞാൻ വീട്ടിലേക്ക് നടക്കുകയാണ്. കോട്ടൻ സാരി ഒക്കെ ഉടുത്ത് കയ്യിൽ ഫയലും തോളിൽ ബാഗും ഒക്കെയായി പക്കാ ലെക്ചറർ സ്റ്റൈലിൽ തന്നെ. എന്റെ കൂടെ രണ്ടു മൂന്നു സ്റ്റുഡനറ്സും ഉണ്ട്. ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റത്തെക്കുറിച്ച് അവരെ ബോധവല്ക്കരിച്ചുകൊണ്ട് ഞാൻ അങ്ങനെ പോകുകയാണ്.
അപ്പോൾ  എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു ചേച്ചി എതിരെ വന്നു. പെട്ടന്ന് എന്റെ കൈയ്യിൽ പിടിച്ചു ചോദിച്ചു:
"ദീപ അല്ലെ?"
"അതെ"
"പണ്ട് കൊട്ടേക്കാട് പള്ളീല് കുഞ്ഞിക്കിളിയേ കൂടെവിടെ ഡാൻസ് കളിച്ച ദീപയല്ലേ?"
സത്യം പറയാമല്ലോ. അന്ന് പ്ലിംഗ് എന്ന വാക്ക് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും പിള്ളേരുടെ മുൻപിൽ വച്ചു ഞാൻ അപ്പോൾ ഭംഗിയായി പ്ലിങ്ങി.
ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
"ചേച്ചിക്ക് അതൊക്കെ ഇപ്പോഴും ഓർമയുണ്ടോ?"
"ഇല്ലാതെ പിന്നെ. അന്നത്തെ ഡാൻസ്....അടിപൊളിയായിരുന്നു."
എന്നെ പ്ളിങ്ങിച്ചതിലുള്ള സന്തോഷം കൊണ്ടാണോന്നറിയില്ല. ചേച്ചി ചിരിച്ചു.
ഏതായാലും അന്നെനിക്കൊരു സത്യം മനസ്സിലായി. ഞാനിനി ഇന്ത്യൻ പ്രസിഡന്റ്‌ ആയാലും പത്തിന്റെ കറൻസി നോട്ടിൽ പുലിക്കും കാണ്ടാമൃഗത്തിനും പകരം എന്റെ പടം വന്നാലും(നമുക്കിങ്ങനെ ചെറിയ ആഗ്രഹങ്ങളേ ഉള്ളൂ) അത്നോക്കി ഇത് ആ കുഞ്ഞിക്കിളിയേ കൂടെവിടെ കളിച്ച ക്ടാവല്ലേ എന്ന് പറയാൻ ആളുകൾ ഉണ്ടാകും

കടപ്പാട്: ഈയിടെ എന്റെ ടൈംലൈനിൽ ഈ കുഞ്ഞിക്കിളിപ്പാട്ട് ഷെയർ ചെയ്ത എന്റെ അയൽക്കാരിയും പ്രിയ സുഹൃത്തുമായ യുവതിക്ക്