Tuesday, January 19, 2016

ഞാൻ സൂപ്പർമാൻ

എല്ലാ വർഷവും വേനൽ അവധിക്കാലത്ത്‌ ഞാനും അനിയനും വല്ല്യമ്മയുടെ രണ്ടു മക്കളും അമ്മയുടെ വീട്ടിൽ പാർക്കാൻ പോകുന്ന പതിവുണ്ടായിരുന്നു അത്തവണ അമ്മയുടെ വീട്ടിൽ പോയപ്പോൾ അമ്മയുടെ ആങ്ങള നമുക്കായി ഒരു സർപ്രൈസ് വച്ചിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ? ഒരു വലയൂഞ്ഞാൽ അഥവാ ഹാമൊക്ക്. പക്ഷെ അതിന്റെ സ്വഭാവം വച്ച് അതിനെ ഹമുക്ക് എന്ന് വിളിക്കുന്നതാവും നല്ലത്. വഴിയരികിൽ ഒരു മരത്തിൽ പല നിറങ്ങളിൽ തൂക്കിയിട്ടത് കണ്ടപ്പോളുള്ള കൌതുകം കൊണ്ടാവാം അച്ചൻ ( തൃശ്ശൂര് ക്രിസ്ത്യാനിയോള് അമ്മാവനെ അച്ചാ ന്നാണ് വിളിക്ക്യാ) അത് വാങ്ങിയത്. എന്നാൽ അന്ന് കുടക്കമ്പി, ഇന്ദ്രൻസ് എന്നീ ഓമനപ്പേരുകളിൽ അറിയപ്പെട്ടിരുന്ന പെൻസിൽമാർക്കായ എനിക്കുപോലും കിടക്കാനുള്ള വീതി ആ ഹാമൊക്കിനുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ അതിനെ കൈ വിട്ടില്ല. വീടിന്റെ മുറ്റത്ത് ഒരു പ്ലാവും പിന്നെ ഒരു ചങ്ങലമരവും ഉണ്ട്. ചങ്ങലമരം എന്താന്നാവും. അമ്മയുടെ വീട്ടിൽ വളർത്തിയിരുന്ന നായ്ക്കൾക്ക് നൽകിയിരുന്ന സ്ഥാനപ്പേരാണ് ജിമ്മി. അങ്ങനെ നായ്ക്കളെല്ലാം ജിമ്മി ഒന്നാമൻ, ജിമ്മി രണ്ടാമൻ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. ഈ ജിമ്മിമാരെ കെട്ടാനുള്ള ഔദ്യോഗിക ചങ്ങല കെട്ടിയിരുന്ന ഔദ്യോഗിക മരമായിരുന്നു ചങ്ങല മരം. പിന്നീട് ജിമ്മിമാരെ അവിടെ കെട്ടാതായി. ചങ്ങല അഴിക്കാതെ ആ മരത്തിൽ തന്നെ കെട്ടിയിരുന്നത് കൊണ്ട് മരം വളർന്നപ്പോൾ ചങ്ങല മരത്തിന്റെ ഒരു ഭാഗമായി. ഈ ചങ്ങലമരവും നല്ല ചക്കയുണ്ടാകുന്ന ഒരു പ്ലാവും അടുത്തടുത്താണ് നിന്നിരുന്നത്. അതിനു തൊട്ടടുത്ത് പണ്ട് എല്ലാ പൂന്തോട്ടത്തിലും സ്ഥിരം ഉണ്ടായിരുന്ന ബുഷ്ചെടികൾ ഒരു വരിയായി വളർന്നു നില്ക്കുന്നുണ്ട്. ആ ബുഷ്‌ ചെടികൾക്ക് സമാന്തരമായി ചങ്ങലമരത്തോടും പ്ലാവിനോടും ചേർത്ത് നമ്മൾ ആ ഹാമൊക്ക് കെട്ടി. ഹാമൊക്കിൽ കിടന്നു പുസ്തകം വായിക്കുന്നതൊക്കെ സിനിമയിൽ കണ്ടിട്ടുള്ളതുകൊണ്ട് ഞാൻ അതിൽ കിടന്നു മലർവാടി, കുട്ടികളുടെ ദീപിക, ബാലരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ശ്രമം നടത്തിയെങ്കിലും ബാലൻസിംഗ് പ്രോബ്ലം കാരണം നടന്നില്ല. അതായത് നമ്മുടെ വലയൂഞ്ഞാലിനു വീതി ഇല്ലാത്തതു കൊണ്ട് കിടന്നാൽ താഴെ എത്താതെ നോക്കാൻ നമ്മൾ തന്നെ ശ്രദ്ധിക്കണം. മനോഹരമായ രണ്ടു ചോയ്സുകളാണ് ആ സാധനം നമുക്ക് തന്നത്, ഒന്നുകിൽ പുസ്തകം വായിക്കാം അല്ലെങ്കിൽ നിലത്തു കിടക്കാം. അങ്ങനെ ആ ഹാമൊക്കിനോടുള്ള താല്പര്യം നശിച്ചു. അതവിടെ അങ്ങനെ അനാഥമായി കിടന്നു.
ഒരുച്ച നേരം.ഭക്ഷണമൊക്കെ കഴിച്ചു മുതിർന്നവർ ഉറങ്ങാൻ കിടന്നു. ഞങ്ങൾ കുട്ടികൾ നാലുപേരും പുതുതായി എന്തൊപ്പിക്കും എന്ന ആലോചനയിലായി. അപ്പോഴാണ്‌ ഹാമൊക്കിന്റെ കാര്യം ഓർമ വന്നത്. നാലുപേരും ഹാമൊക്കിനടുത്തെത്തി. അതഴിച്ചു കുറച്ചുകൂടി ഉയരത്തിൽ കെട്ടി. എന്നിട്ട് ഒരു ധാരണയിലെത്തി. ഒരാൾ അതിൽ കിടക്കും മറ്റുള്ളവർ ആട്ടും. ആദ്യത്തെ നറുക്ക് എനിക്കുതന്നെ വീണു. ഞാൻ കയറിക്കിടന്നു. അവർ ആട്ടി. അടുത്ത നിമിഷം ഞാൻ ബുഷ്‌ ചെടികളുടെ മേലെ ചെന്ന് ക്രാഷ് ലാൻഡ് ചെയ്തു. അധികം ഭാരമില്ലാതിരുന്നതുകൊണ്ട് എനിക്കും ബുഷ്‌ ചെടികൾക്കും കാര്യമായി ഒന്നും പറ്റിയില്ല. ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..മറ്റു മൂന്നുപേരും പറഞ്ഞു. മാൽനൂറ്റ്രിഷൻ കാരണം അണ്ടർവെയ്റ്റ് ആയതോണ്ട് അവർ അടുത്ത പരീക്ഷണത്തിനും എന്നെ തന്നെ തിരഞ്ഞെടുത്തു. ഊഞ്ഞാൽ അഴിച്ചു ഒന്ന് കൂടി ഉയരത്തിൽ അതായത് അതുക്കും മേലെ കെട്ടി. ഞാൻ അതിൽ കിടന്നു. ഒരാള് ഒരു കസേര കൊണ്ട് വന്നു അതിൽ കയറി നിന്നു എന്നി ആട്ടി. ഞാൻ ഒഴിഞ്ഞ ഒരു മിനറൽ വാട്ടർ കുപ്പി പോലെ വീണ്ടും ബുഷ്‌ ചെടികളുടെ മേലെ ചെന്ന് വീണു. അപ്പോൾ കൂട്ടത്തിൽ ഒരാൾക്ക് മറ്റൊരു ഐഡിയ തോന്നി. രണ്ടു കഷണം കയർ എടുത്തുകൊണ്ടു വന്നു എന്റെ കാലിലും വയറിലുമായി ഊഞ്ഞാലിൽ ചേർത്തുകെട്ടി. കസേരയിൽ നിന്ന ആൾ ഊക്കോടെ ആട്ടി. അടുത്ത നിമിഷം ഞാൻ വായുവിൽ ഉരുണ്ടു ഭൂമിക്ക് സമാന്തരമായി പറക്കുന്ന പോസിൽ പ്ലാവിനും ചങ്ങലമരത്തിനും ഇടയിൽ കറങ്ങി നിന്നു. കെട്ടിയിരുന്ന കാരണം താഴെ വീഴാനും പറ്റിയില്ല. കൃത്യം ആ നിമിഷത്തിൽ ഒരുകൂട്ടം ക്ലിച്ചോ പട്ടികൾ കൂട്ടമായി അവിടെയ്ക്ക് ഓടിയെത്തി. ബാക്കി മൂന്നുപേരും പേടിച്ചു വീടിനുള്ളിലേക്ക് ഓടിക്കയറി. ഞാനാണെങ്കിൽ ത്രിശങ്കു സ്വർഗം പോസിൽ അങ്ങനെ കിടന്നു നിലവിളിക്കുകയാണ്. ഉണക്കമീൻ വെയിലതിട്ടതാണെന്നു തെറ്റിദ്ധരിച്ചു അവർ എന്നെ തിന്നാൻ വരുമോ...ബട്ട് ദോസ് പട്ടികൾ എന്നെ മൈൻഡ് ചെയ്തില്ല. അവർ വേറെ എന്തോ അത്യാവശ്യകാര്യത്തിനു വേണ്ടി ഓടുകയായിരുന്നു. അതിൽ ഒരു പട്ടി മാത്രം കുറച്ചു നേരം എന്നെ നോക്കി നിന്നു. ങേ ഇതെന്താ സൂപ്പർമാൻ പ്ലാവിൻറെ ചോട്ടിലോ എന്ന ലൈനിൽ. പിന്നെ ആ എന്തേലും ആകട്ടെ എന്ന് തല കുടഞ്ഞിട്ട് ഫെല്ലോ പട്ടികളുടെ കൂടെ എത്താനായി ദാറ്റ്‌ പട്ടി കുറച്ചുകൂടി സ്പീഡിൽ ഓടി. എല്ലാ പട്ടികളും പോയിക്കഴിഞ്ഞു എന്ന് ഉറപ്പായതിനു ശേഷം മാത്രമേ മൂന്നു യൂദാസുകളും തിരിച്ചു വന്നു എന്നെ അഴിച്ചു വിട്ടുള്ളൂ. ആ അതൊക്കെ ഒരു കാലം....