Sunday, November 2, 2014

ഒരു തുമ്മൽക്കഥ


(ഈ കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമാണോ അല്ലയോ എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം. ഗോതമ്പ്, ഓട്സ്, കഞ്ഞിപ്പുല്ല് തുടങ്ങിയ ആഹാരങ്ങൾ കഴിക്കുന്ന മലയാളികൾക്ക് അല്ലെങ്കിലും പണ്ടേ ഒന്നും അറിയില്ല.) 

ഒരുത്തിലൊരുത്തിലേയ് (ആ അങ്ങനെയാണ് തൃശ്ശൂർക്കാര് കഥ പറയാൻ തുടങ്ങുക) ഒരു നാടുണ്ടായിരുന്നു.  പുല്ലു ധാരാളമായി വളരുന്നത്‌ കൊണ്ട് ആ സ്ഥലം പുല്ലളം എന്നാണു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ  ആ നാട്ടുകാർ പുല്ലു പറിച്ചു കൊണ്ടാണ് എല്ലാ വര്ഷവും ഗാന്ധി ജയന്തി ആഘോഷിച്ചിരുന്നത്. വളരെ അഭ്യസ്തവിദ്യരും പുരോഗമനവാദികളും മെഗാസീരിയൽ കാണുന്നവരുമായ ആളുകളാണ് അവിടെ താമസിച്ചിരുന്നത്. 
എന്നാൽ ഈ നാട്ടിലുള്ളവർക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. തുമ്മുന്നത് ആഭാസകരവും അവരുടെ സംസ്കാരത്തിന് യോജിക്കാത്തതുമായ ഒരു കാര്യമായിട്ടായിരുന്നു അവർ കണ്ടിരുന്നുന്നത്. ഒരുകാലത്ത് ജലദോഷം ഉള്ളവർ റോഡിൽ ഇറങ്ങി നടക്കുന്നത് വരെ വിരളമായിരുന്നു.  എന്തിനു അവരെ വീട്ടില് നിന്ന് പുറത്താക്കുക വരെ ചെയ്തിരുന്നു. ജലദോഷികൾ  റോഡിലൂടെ നടക്കുമ്പോൾ പൊതുജനങ്ങള് അവരെ അജ്ഞാതജീവികളെപ്പോലെ നോക്കുകയും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കടാപ്പുറം, പാർക്ക്, തിയറ്റർ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തുമ്മിയതിനും മൂക്ക് പിഴിഞ്ഞതിനും ജലദോഷരോഗികളെ പോലീസ് പിടിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സിനിമകളിലും നോവലുകളിലും ജല ദോഷികൾക്ക്  വീരപരിവേഷമാണ്  ഈ നാട്ടുകാർ നൽകിയിരുന്നത് എന്നതാണ്. ആളുകൾ  ജലദോഷം വന്നു മരിക്കുകയോ ജലദോഷം വന്നതിനു  ആരെയെങ്കിലും വില്ലന്മാർ തല്ലിക്കൊല്ലുകയോ  ജലദോഷം വന്നത് കൊണ്ട് നായകനും നായികയും ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നത് സിനിമയിൽ കാണിച്ചാൽ  സ്ത്രീകള് നെഞ്ചത്തടിച്ച് കരയുകയും പുരുഷന്മാർ ജർമ്മനി ബ്രസീലിനെ തോൽപ്പിക്കുന്നത്‌ കണ്ട പോലെ നെടുവീർപ്പിടുകയും ചെയ്യുക പതിവാണ്. 
 ജലദോഷം വരുന്നത് പ്രത്യേകിച്ചും പെണ്‍കുട്ടികൾക്ക് വരുന്നത് കുടുംബത്തിനു മാനക്കേടുണ്ടാക്കുന്ന കാര്യമായിട്ടായിരുന്നു കണ്ടിരുന്നത്. ജലദോഷം വന്ന പെണ്‍കുട്ടികളെ അച്ഛനും അമ്മയും ചേട്ടന്മാരുമെല്ലാം ഭീകരമായി മർദ്ദിക്കുന്നതും വീട്ടുതടങ്കലിൽ ആക്കുന്നതും എല്ലാം അന്നത്തെ സിനിമകളിൽ ഒരു സാധാരണ സംഭവം ആയിരുന്നു. ഇനി സിനിമയിൽ അഥവാ തുമ്മുന്നതു കാണിക്കാതെ നിവൃത്തി ഇല്ല എന്ന അവസ്ഥയാണെങ്കിൽ നായകനോ നായികയൊ മറ്റുള്ളവരോ ഇപ്പൊ തുമ്മും എന്നാകുമ്പോൾ പെട്ടന്ന് കാക്ക പറക്കുന്നതോ പൂച്ച കരയുന്നതോ കാണിക്കുകയും പ്രേക്ഷകർ അതിൽ നിന്നും തുമ്മേണ്ടവർ തുമ്മി എന്ന് മനസ്സിലാക്കുകയും ആയിരുന്നു  പതിവ്. 
ഇതിനു ഒരു മാറ്റം വന്നത് കേബിൾ ടി വി സർവസാധാരണമായപ്പോഴാണ്. നമ്മുടെ സിനിമകളിൽ മാത്രമാണ് ആളുകള് തുമ്മുമ്പോൾ കാക്ക പറക്കുന്നത് എന്ന് ഈ നാട്ടുകാര്ക്ക് മനസ്സിലായത് അപ്പോഴാണ്‌.  എന്നിരുന്നാലും സിനിമകൾ കുടുംബമായി കാണുമ്പോൾ അഥവാ ആളുകള് തുമ്മുന്ന സീൻ വന്നാൽ  കുടുംബനാഥൻ റിമോട്ടിൽ ചാടി വീണു ദൂരദർശൻ ചാനലിലെ  കഥകളി  വയ്ക്കുകയാണ് പതിവ്.
അപ്പോഴാണ്‌ നാടിനെ പിടിച്ചു കുലുക്കിയ ഒരു സംഭവം ഉണ്ടായത്.  ഒരു ചായക്കട ഉണ്ട് എന്നും അവിടെ ജലദോഷം  ഉള്ളവർ മാത്രമാണ് ചായകുടിക്കാൻ വരുന്നതെന്നും ഈ  ജലദോഷികൾക്ക് തുമ്മാനും മൂക്കുപിഴിയാനും കുരക്കാനും കാറിത്തുപ്പാനും ഉള്ള  സാഹചര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ ചായക്കടക്കാർ എന്നും  ടിവിയിൽ ഒരു വാർത്ത വന്നു. കേട്ട പാതി കേൾക്കാത്ത പാതി  ജലദോഷം ആണ് നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും  കാരണം എന്ന് വിശ്വസിക്കുന്ന ചിലർ  കൂട്ടമായി വന്നു ആ ചായക്കട തല്ലിപ്പൊളിച്ചു.  ഒരിക്കലെങ്കിലും ജലദോഷം വന്നവർക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ലാ ഈ അക്രമം. അവർ മോന്ത പുസ്തകം തുറന്നു ചായക്കട അടിച്ചു തകര്ത്തവരെ' അച്ചാലും മുച്ചാലും വിമർശിച്ചു . തെറി പറഞ്ഞു. 
പിന്നെ അവർ ആലോചിച്ചു. മനുഷ്യരായാൽ ജലദോഷം ഉണ്ടാകും തുമ്മലും ചീറ്റലും ഉണ്ടാകും .  ഇനി അങ്ങനെ ഒന്നും ഇല്ല  ഉണ്ടാകില്ല  ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞു കണ്ണടച്ചു ഇരുട്ടാക്കുന്നവരെ കാണിച്ചു കൊടുക്കണം .  അതുകൊണ്ട് ജലദോഷം ഉള്ളവർ എല്ലാരും കൂടി കടാപ്പുറത്ത് ഒരുമിച്ചു കൂടി തുമ്മാൻ പദ്ധതിയിട്ടു. തുമ്മുന്നത്  ഒരു ക്രിമിനൽ കുറ്റം അല്ല എന്നും  എല്ലാ മനുഷ്യന്മാര്ക്കും  തുമ്മാൻ അവകാശമുണ്ട് എന്നും സ്ഥാപിക്കുകയായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്‌ഷ്യം.  നമ്മൾ ഇങ്ങനെ ഒക്കെ തുമ്മിയാൽ മതിയോ എന്ന ഒരു ചോദ്യവും സമരക്കാർക്ക്  നാട്ടുകാരോട് ചോദിക്കാൻ ഉണ്ടായിരുന്നു. പൊതുസ്ഥലത്ത് മുള്ളിയാൽ കുഴപ്പമില്ല. അപ്പൊ പൊതുസ്ഥലത്ത് തുമ്മിയാൽ  എന്താ കുഴപ്പം  എന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം. അങ്ങനെ അവർ  Sneeze of Cold അഥവാ ജലദോഷ തുമമൽ  എന്ന പേരിൽ സമരം ചെയ്യാൻ തീരുമാനിച്ചു. 
ഇത് കേട്ട ഉടൻ ഇതുവരെ തുമ്മാത്തവർ വരെ അവരുടെ സ്മാർട്ട്‌ ഫോണിലെ 'എന്താപ്പാ?' എന്ന ആപ്പ് ഉപയോഗിച്ചു നീ പോകുന്നുണ്ടോ നീ പോകുന്നുണ്ടോ എന്ന് എല്ലാരോടും ചോദിക്കാൻ തുടങ്ങി. 
നിന്റെ അമ്മയോ പെങ്ങളോ തുമ്മിയാൽ നീ സഹിക്കുമോടാ എന്ന് സമരക്കാരോട് എതിരാളികൾ ചോദിച്ചു.  കാരണം  അമ്മമാരും പെങ്ങമ്മാരും തുമ്മുന്നത് ഒരു മലയാളം സിനിമയിലും കാണാൻ പറ്റില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലും സെറ്റു മുണ്ടു ധരിച്ച അമ്മയും പാവാടയും ബ്ലൗസും ഇട്ട പെങ്ങളും (നായകൻറെ. നായികക്ക് സാധാരണ അമ്മ ഉണ്ടാകാറില്ല. അച്ഛൻ  വേണമെങ്കിൽ പാകത്തിന്‌ ഒന്ന് ആകാം) ഫുൾ  റ്റൈം  അടുക്കളപ്പണിയിലായിരിക്കും. 
അതിനിടക്ക്സ മരം തടയണം എന്നാവശ്യപ്പെട്ട് ചില മൂരാച്ചികൾ കോടതി കയറി. തുമ്മിയാൽ എന്താണ് കുഴപ്പം എന്ന് കോടതി അവരോടു ചോദിച്ചു. തുമ്മുന്നത് പുല്ലളസംസ്കാരത്തിന് യോജിച്ചതല്ല എന്നും ഇവിടെയുള്ളവർ ജലദോഷം വന്നാൽ ചുക്കുകാപ്പി കുടിക്കുക മാത്രമാണ് ചെയ്യുക എന്നും അവർ ബോധിപ്പിച്ചു. 
എന്നാൽ സമരക്കാർ ഇത് കൊണ്ടൊന്നും  കുലുങ്ങിയില്ല. അവർ  ആ ദിവസം  കടാപ്പുറത്ത് ഒത്തുകൂടി. തുമ്മലിനെതിരെ പ്രതിഷേധിക്കാൻ പച്ച, മഞ്ഞ, ചോപ്പ, നീല തുടങ്ങി എല്ലാ കളറിലും ഉള്ള കോടി പിടിച്ച ആളുകള് അവിടെ കൂടിയിരുന്നു. കൊടിയുടെ  നിറം പലതാണെങ്കിലും തുമ്മലോഫോബിയ എന്ന ഒരു പ്രത്യേക  രോഗത്തിനു അടിമകളായിരുന്നു അവർ . ഇത് വരെ പ്രതിരോധമരുന്നു കണ്ടു പിടിക്കാത്ത  ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആര്ക്കെങ്കിലും ജലദോഷം ഉണ്ടെന്നു തോന്നിയാൽ  അവരെ ചോദ്യം ചെയ്യുക, ഭീഷണിപ്പെടുത്തുക, തല്ലുക, അവരുടെ അമ്മയെയും പെങ്ങളെയും അന്വേഷിക്കുക(ദേ  പിന്നേം ), സംസ്കാരം, ലവ് ജിഹാദ്, സദാചാരം തുടങ്ങിയ വാക്കുകൾ  ഇടക്കിടക്ക് ഉരുവിടുക ഇതൊക്കെയാണ്.
കടാപ്പുറത്ത്  തുമ്മാൻ വന്നവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ തടയാൻ വന്നവർ. അവരേക്കാൾ കൂടുതലായിരുന്നു തുമ്മൽ കാണാൻ വന്നവർ. തുമ്മൽ എന്നാൽ തൃശൂർ പൂരത്തിൻറെ കുടമാറ്റമോ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടോ പോലെ കണ്ടാസ്വദിക്കേണ്ട ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഹതഭാഗ്യരായ ആ പാവങ്ങളെ കണ്ടു തുമ്മാൻ വന്നവരുടെ കണ്ണ് നിറഞ്ഞു. ഇതിനിടക്ക് തുമ്മു ന്നവരുടെയും തുമ്മാത്തവരുടെയും ഇടയില പെട്ട് നട്ടം തിരിയുകയായിരുന്നു പാവം പുല്ല ളാ  പോലിസ്. മൊത്തത്തിൽ ആകെ കശപിശ ആയി. പെപ്പർ സ്പ്രേ പ്രയോഗവും ലാത്തിചാര്ജും നടന്നു. ചുരുക്കിപ്പറഞ്ഞാൽ തുമ്മല് കാണാൻ വന്നവർ ലാത്തിചാര്ജ് കണ്ടും കൊണ്ടും മനസ്സ് നിറഞ്ഞു  മടങ്ങി. അങ്ങനെ മേല്മുണ്ട് സമരം തുടങ്ങി പല വിചിത്രമായ സമരങ്ങളും നടന്നിട്ടുള്ള പുല്ലളത്തിന്റെ  തൊപ്പിയിൽ മറ്റൊരു കാക്കത്തൂവൽ കൂടി ആയി.  




ഗുണപാഠം : തുമ്മാത്തവർ തുമ്മുന്നവരെ കല്ലെറിയട്ടെ.


Tuesday, July 1, 2014

മേരി ദീപ ഡേവിഡും മഞ്ജു വാര്യരും

രംഗം ഒന്ന് 


മഞ്ജു വാര്യർ വരുന്നുണ്ട്. എല്ലാവരോടും വരിയായി ഗ്രൌണ്ടിലേക്ക്  പോകാൻ പറഞ്ഞു." സേക്രഡ് ഹാർട്ട് സ്കൂളിലെ ഏഴാം ക്ളാസ്  സിയിൽ ക്ളാസ് ലീഡർ വിളംബരം നടത്തി. "മഞ്ജു വാര്യരോ? അതാരാ?" ആ ക്ളാസ്സിലെ ഒരു പിൻ ബെഞ്ച്‌  വിദ്യാർഥിനി ആയിരുന്ന മേരി ദീപ ഡേവിഡ്‌  നോട്ടുബുക്കിന്റെ പേജ് കീറി വിമാനം ഉണ്ടാക്കുന്നത്  നിർത്തി അടുത്തിരുന്ന കൂട്ടുകാരിയോടു ചോദിച്ചു. "സിൽമാനടിയാന്നാ തോന്നണേ," അവൾ താത്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
സല്ലാപം എന്നാ പേരില് ഉടൻ റിലീസ് ആകാൻ പോകുന്ന സിനിമയിലെ നായികയാണ്  ഈ മഞ്ജു വാര്യർ എന്ന് ഗ്രൌണ്ടിലേക്ക് പോകുമ്പോൾ സിനിമാപ്രാന്തി സന്ധ്യ പറഞ്ഞു. നാന, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമാവാരികകൾ മുടങ്ങാതെ വായിച്ചിരുന്ന അവൾ ഇക്കാര്യങ്ങളിൽ നടക്കുന്ന ഒരു സർവവിജ്ഞാനകോശം(അതായത് വാക്കിംഗ് എന്സൈക്ലോപീടിയ) ആയിരുന്നു. ഗ്രൌണ്ടിൽ ചമ്രം പടിഞ്ഞിരുന്നു വിരല് കൊണ്ട് പൂച്ചയുടെ പടം വരച്ച് ഒരു സിനിമാനടിയെ ആദ്യമായി കാണാൻ പോകുന്നതിന്റെ ആകാംക്ഷയോടും ഉൽകണ്ഠയോടും കൂടി മേരി ദീപ ഡേവിഡ് ഇരുന്നു. പൂച്ചയുടെ വാല് വരച്ചു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും കയ്യടി. ചുവപ്പും പച്ചയും നിറമുള്ള പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു മുഖത്ത് ഒരു ക്ളോസ് അപ് പുഞ്ചിരിയും ഫിറ്റ്‌ ചെയ്തു അതാ വരുന്നു  നീണ്ട കോലൻ മുടിയുള്ള മഞ്ജു വാര്യർ! ഹായ്, കൊള്ളാലോ മഞ്ജു വാര്യർ എന്ന് മനസ്സില് പറഞ്ഞു മേരി ദീപ ഡേവിഡും കയ്യടിയിൽ പങ്കു ചേർന്നു. 

വാൽകഷണം: ഏതോ ഒരു ബാലമാസികയുടെ പ്രകാശന പരിപാടി ആയിരുന്നു അത് എന്നാണു ഓർമ 

രംഗം രണ്ട് 

അമ്മയുടെ വീടാണ് രംഗം. ഹാളിൽ ചാളമീൻ ഉണക്കാനിട്ടത്‌ പോലെ എല്ലാവരും വരിവരിയായി ഉറങ്ങാൻ കിടന്നപ്പോൾ മേരി ദീപ ഡേവിഡിന്റെ അടുത്ത്  കിടന്നിരുന്ന അനിയത്തി ക്രൂരമായ ഒരു പ്രസ്താവന ഇറക്കി. "എനിക്ക്  മഞ്ജു വാര്യരെ ഇഷ്ടമല്ല!" എന്തേ മഞ്ജു വാര്യർ നിന്നെ പിടിച്ച് കടിച്ചാ എന്ന് ചോദിക്കാൻ അന്ന്  അറബിക്കഥ റിലീസ് ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്  മേരി ദീപ ഡേവിഡ്‌  "എന്തേ?" എന്ന് മാത്രം ചോദിച്ചു. 
"പാവം മനോജ്‌ കെ ജയൻ. അവളെ   എ ത്ര സ്നേഹിച്ചതാ... എന്നിട്ട് അവനെ പറ്റിച്ച് അവൾ ദിലീപിന്റെ അടുത്തു പോയി. എന്നിട്ടെന്തായി? അവസാനം തീവണ്ടീടെ മുന്നില് ചാടാൻ പോയപ്പോൾ മനോജ്‌ കെ ജയൻ മാത്രല്ലേ ഉണ്ടായുള്ളൂ?"

മേരി ദീപ ഡേവിഡിന് ഒന്നും മനസ്സിലായില്ല. കാരണം അവൾ അന്ന് സല്ലാപം സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് ഹോ, ഇത്ര ഭയങ്കരി ആണോ ഈ  മഞ്ജു വാര്യർ? കണ്ടാൽ അങ്ങനെ തൊന്നില്ലല്ലോ, എന്ന് ചുമ്മാ ഒരു അഫിപ്രായം തട്ടിവിടുക മാത്രം ചെയ്തു. പിന്നെ അടുത്ത ലക്കം ബാലരമയിൽ ലൊട്ടുലൊടുക്കും ഗുൽഗുലുമാലും എന്തു പുതിയ യന്ത്രമാണാവോ ഉണ്ടാക്കാൻ പോകുന്നത് എന്നാ ആലോചനയിൽ  അറിയാതെ ഉറങ്ങിപ്പോയി. 

രംഗം മൂന്ന് 

വേനലവധിക്കാലത്ത് പാവം മേരി ദീപ ഡേവിഡിനെയും അനിയനേയും ജവഹർ ബാലഭവനിൽ കൊണ്ട് നട തള്ളുക എന്നത് അവരുടെ മാതാപിതാക്കളുടെ ഒരു ഇഷ്ടവിനോദം ആയിരുന്നു. പാട്ടും കൂത്തും പടംവരയും പഠിക്കാനാണ് പോകുന്നതെങ്കിലും അവിടെയുള്ള കുളത്തിലെ ഗോൾഡ്‌ ഫിഷുകളെ നോക്കി ഇരിക്കുക ആയിരുന്നു മേരി ദീപ ഡേവിഡിന്റെ ഇഷ്ടവിനോദം. പിന്നെ ഇടക്കൊക്കെ സംഗീതക്ലാസ്സിൽ പോയി സാ സാ രീ രീ ഗാ ഗാ മാ മാ എന്നൊക്കെ ചുമ്മാ ശബ്ദമുണ്ടാക്കി ഇങ്ങു പോരും. 

അങ്ങനെ ഒരു ദിവസം ക്രാഫ്റ്റ് ക്ലാസ്സിൽ എല്ലാ കുട്ടികളും വട്ടത്തിൽ ഇരുന്നു കടലാസുപൂവുകൾ ഉണ്ടാക്കുമ്പോഴാണ്‌ സതീർഥ്യനായ ഒരുവൻ അവന്റെ ബാഗിൽ നിന്നും ഒരു നോട്ടുപുസ്തകം പുറത്തെടുത്തത്. ആ നോട്ടുബുക്ക് തുറന്നതും മറ്റുകുട്ടികൾ അവനെ ഒരു നികൃഷ്ടജീവിയെപ്പോലെ നോക്കി. കാരണം ആ നോട്ടുബുക്ക് നിറയെ മഞ്ജു വാര്യരുടെ വിവിധ പോസുകളിൽ ഉള്ള ചിത്രങ്ങളായിരുന്നു. അപ്പോഴാണ്‌ തൃശൂർ ജില്ലയിലെ ഏക മഞ്ജു വാര്യർ ആരാധകനാണ് തന്റെ മുൻപിൽ ഇരിക്കുന്നത് എന്ന ആ സത്യം മേരി ദീപ ഡേവിഡ് മനസ്സിലാക്കിയത്.നായികയായആദ്യ സിനിമയിൽ തന്നെ കല്യാണം പറഞ്ഞു വച്ചവനെ ഉപേക്ഷിച്ച് ഒരു ആശാരി ചെറുക്കന്റെ വീടന്വേഷിച്ച്‌ പോയവളല്ലേ അവൾ. വെറുക്കപ്പെട്ടവൾ എന്നാണു തൃശൂർ ജില്ലയിലെ മറ്റുള്ളവർ മഞ്ജു വാര്യരെക്കുറിച്ച് കരുതിയിരുന്നത് എന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ആ നോട്ടുപുസ്തകം  കണ്ടപ്പോൾ മറ്റുള്ളവർക്ക് ഹാലിളകി. 
"നിനക്ക് വേറെ ആരെയും കിട്ടിയില്ലെടാ ആരാധിക്കാൻ?" "അവളെ കാണാൻ ഒരു ഭംഗീം ഇല്ല,"അ വർ പാവം മഞ്ജു ആരാധകനെ  വളഞ്ഞിട്ട് ആക്രമിച്ചു. 
"പക്ഷെ മഞ്ജു നന്നായി അഭിനയിക്കും , ഇല്ലേ?" ആരാധകൻ വാദിച്ചു. "പിന്നെ, കോപ്പാണ്. ഒരു സാധാരണ പെണ്‍കുട്ടി. അല്ലാതെ ഒരു സിൽമാനടി ആവാൻള്ള ഭംഗി ഒന്നും അവൾക്കില്ല." ഒരു മഞ്ജുവിരുദ്ധൻ അഭിപ്രായപ്പെട്ടു. 
മേരിദീപ ഡേവിഡിന് ആ ആരാധകനോട് പാവം തോന്നി. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആൽബം മഞ്ജുവിരുദ്ധ ഭീകരവാദികളായ  ഈ കൂട്ടുകാർ കീറിക്കളഞ്ഞാലോ എന്ന് പേടിച്ച് അവൻ അത് തിരികെ ബാഗിൽ വച്ചു. മഞ്ജു വാര്യരോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ലാതിരുന്ന മേരി ദീപാ ഡേവിഡ് ഇതിനെല്ലാം മൂകസാക്ഷിയായി  കടലാസുപൂക്കൾ ഉണ്ടാക്കിത്തള്ളി.

രംഗം നാല് 

സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ മുറ്റത്ത് കിടന്നിരുന്ന പത്രം വെറുതെ എടുത്തു മറിച്ചു നോക്കിയതായിരുന്നു മേരി ദീപ ഡേവിഡ്. അപ്പോഴാണ്‌ ഒരു വാർത്തയുടെ തലക്കെട്ട് കണ്ണിൽ പെട്ടത്. 'മഞ്ജുമഞ്ജീരശിഞ്ജിതം. ' അതെന്തു കുന്തം എന്ന് നോക്കിയപ്പോൾ  താഴെ ദിലീപിന്റെയും മഞ്ജു വാര്യരുടെയും കല്യാണ വേഷത്തിലുള്ള ഫോട്ടോ. ഓ ഇവര് രണ്ടുപേരും കൂടിയുള്ള പുതിയ സിനിമ ഇറങ്ങിയോ  എന്നാലോചിച്ച് പത്രം കൊണ്ട്  വയ്ക്കാൻ പോയപ്പോഴാണ് ആ ഭീകരസത്യം മനസ്സിലാക്കിയത്. രണ്ടുംകൂടി  കല്യാണം കഴിച്ചു കളഞ്ഞു! അമ്മേ ദിലീപും മഞ്ജു വാര്യരും  കല്യാണം കഴിച്ചൂ.... സ്കൂൾ വാനിനടുത്തെക്ക് ഓടുന്നതിനിടക്ക് അടുക്കളയിൽ ബിസിയായിരുന്ന അമ്മയോട്  മേരി ദീപ ഡേവിഡ് വിളിച്ചു പറഞ്ഞു.

രംഗങ്ങൾ പലതും 
സിനിമയിൽ അഭിനയിക്കുന്നത് നിർത്തി എങ്കിലും ടിവിപ്പെട്ടിയിലൂടെ ഇടയ്ക്കിടെ മഞ്ജുവാര്യർ മേരി ദീപ ഡേവിഡിന്റെ  മുന്നിൽ വന്നു. ആമിയായി, ഉണ്ണിമായയായി, ഭാനുവായി, അഞ്ജലിയായി, ഭദ്രയായി ...മഞ്ജുവിന്റെ പിന്നാലെ വന്ന നടിമാർ മഞ്ജുവിനെ പോലെ ആകണമെന്ന്  സ്വപ്നം കണ്ടു.  ആദ്യം കുറ്റം പറഞ്ഞവരൊക്കെ മലയാളത്തിലെ മികച്ച നടിമാരുടെ കൂട്ടത്തിൽ മന്ജുവിനെയും ഉൾപ്പെടുത്തി. മഞ്ജു തിരിച്ചു വരാൻ വേണ്ടി പിന്നെ എല്ലാവരും കാത്തിരിപ്പായി. 


അന്തരംഗം അഥവാ അവസാനത്തെ രംഗം 



"രണ്ടു പഫ്സ്, രണ്ടു പോപ്‌ കോണ്‍, രണ്ട് ആപ്പി ഫിസ്, രണ്ട്...."
"അല്ലാ നമ്മൾ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത് "
ബാൽക്കണി ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമം തിന്നു തീർക്കാം എന്ന് കരുതി സ്നാക്സ് കൌണ്ടറിൽ വന്ന  മേരി ദീപ ഡേവിഡിനോട്  കൂട്ടുകാരി ചോദിച്ചു.
ഈ കുട്ടി എന്താ ഇങ്ങനെ ചോദിക്കുന്നത്, സിനിമാ തിയറ്ററിൽ പിന്നെ ആരെങ്കിലും കുർബാന കാണാൻ വരുമോ എന്ന ഒരു ഭാവത്തോടെ അവൾ ആ യുവതിയെ നോക്കി. 
"സിനിമ കാണാൻ"
"അല്ലാതെ തിന്നു മരിക്കാൻ അല്ലല്ലോ"
മേരി ദീപ ഡേവിഡ് തീറ്റസാധനങ്ങൾ ശേഖരിച്ച് കൂട്ടുകാരിയുടെ പിന്നാലെ തിയറ്ററിനകത്ത്  കയറി. വയറു വാടകയ്ക്കെടുത്ത് വന്നിരിക്കുവാ എന്ന മട്ടിൽ ആളുകൾ അവളെ നോക്കി. 
മഞ്ജു വാര്യരെ വർഷങ്ങൾക്കു ശേഷം സ്‌ക്രീനിൽ കാണാൻ പോകുന്നതിന്റെ ത്രില്ലിൽ അതൊക്കെ അവഗണിച്ചു നല്ല രണ്ടു സീറ്റ് കണ്ടു പിടിച്ചു മേരി ദീപ ഡേവിഡും കൂട്ടുകാരിയും ഉപവിഷ്ടരായി. ജനഗണമനക്കു എഴുന്നേറ്റു നിന്നപ്പോൾ താഴെ വീണു ചിതറിയ പോപ്‌ കോണിനെ കുറിച്ചുള്ള ദുഃഖം സ്ക്രീനിൽ ഹൌ ഓൾഡ്‌ ആർ യൂ എന്ന് എഴുതിക്കാണിച്ചത് കണ്ടപ്പോൾ തന്നെ മാഞ്ഞു പോയി. നല്ല നല്ല കോട്ടണ്‍ സാരികളിൽ സുന്ദരിയായ മഞ്ജു വാര്യർ...എല്ലാം തിന്നു കഴിഞ്ഞപ്പോഴേക്കും സിനിമയും അവസാനിച്ചു.നിരുപമ രാജീവ്‌ തന്ന ഒരു കുട്ട ഇന്സ്പിരെഷനും കൊണ്ട് തിയറ്ററിൽ നിന്ന് പുറത്തു കടന്നപ്പോൾ മേരി ദീപ ഡേവിഡും പറഞ്ഞു: ഐ ആം ജസ്റ്റ്‌ ട്വെന്റി നയൻ 

Monday, February 3, 2014

ഒരു കൊറിയക്കാരന്റെ ദുഃഖം

കാലികറ്റ് യുണിവെർസിറ്റി കാമ്പസിൽ എം സി ജെക്കു പഠിക്കുന്ന കാലം.. അക്കാലത്തെ ഒരു കാര്യപരിപാടി ആയിരുന്നു ജേണലിസം ഡിപാർട്ട്‌മെന്റും ഫിലിം സൊസൈറ്റിയും കൂടി മാസം തോറും നടത്താറുള്ള ഫിലിം ഫെസ്ടിവലുകൾ. സിനിമാ പ്രദര്ശനത്തിന് ഹാള് ബുക്ക്‌ ചെയ്യുക, കാണിക്കേണ്ട സിനിമകളുടെ CD ഒപ്പിക്കുക, പബ്ലിസിറ്റി കൊടുക്കുക, ടികറ്റ് കൊടുക്കുക..ഇതെല്ലാം സംഘാടകരായ ജേണലിസം വിദ്യാർഥികളുടെ പണി ആയിരുന്നു. ഇതിൽ ലേഡീസ് ഹൊസ്റ്റലിലെ പബ്ലിസിറ്റി ആയിരുന്നു പെണ്‍കുട്ടികളായ ഞങ്ങളുടെ ഒരു പ്രധാന ചുമതല. കാണിക്കാൻ പോകുന്ന സിനിമകളുടെ പോസ്റ്റർ എഴുതി ഉണ്ടാക്കി അതിൽ വാർഡന്റെ ഒപ്പ് വാങ്ങിച്ചു നോടിസ് ബോർഡിൽ പതിക്കണം. ഹൊസ്റ്റലിൽ ഒട്ടിക്കുന്ന എല്ലാ കടലാസിലും വാർഡന്റെ ഒപ്പ് വേണം എന്നായിരുന്നു അന്നത്തെ ചട്ടം.
അത്തവണ കിം കി ദുക് ഫിലിം ഫെസ്റിവൽ ആയിരുന്നു. കിം കി ടുകിന്റെ സിനിമയുടെ പേരുകൾ കോവക്കാ അക്ഷരത്തിലും മഹാനായ സംവിധായകൻ കിം കി ടുകിന്റെ പേര് വെണ്ടക്കാ അക്ഷരത്തിലും എഴുതിയ ഒരു എമണ്ടൻ പോസ്റ്ററുമായി ഞാനും എന്റെ സുഹൃത്തും ഒപ്പ് വാങ്ങാൻ വാർഡന്റെ അടുത്തെത്തി. മാഡം ഈ പോസ്റ്റർ ഒന്ന്.....എന്ന് പറഞ്ഞു അച്ഛന്റെ പാന്റിന്റെ നീളം കുറക്കാൻ പോയ രമേഷിനെയും സുരേഷിനെയും പോലെ നിന്നു. മാഡം ആ പോസ്റ്റർ ഒന്നിരുത്തി വായിച്ചു.
എന്നിട്ട് ചങ്കു കലക്കുന്ന ഒരു ചോദ്യം ഞങ്ങളോട് ചോദിച്ചു
"ഓ ഇത്തവണ നിങ്ങളുടെ ഫിലിം ഫെസ്റ്റിവലിനു ഹിന്ദി പടമാണല്ലേ?"
ഞങ്ങൾ ഞെട്ടി. രമേഷിനെയും സുരേഷിനെയും പോലെ മുഖത്തോട് മുഖം നോക്കി. എന്താ സംഭവം? ഈ കൊറിയൻ പടം എങ്ങനെ ഹിന്ദി പടമായി? പോസ്റ്ററിൽ തെറ്റ് വന്നോ? അറിയാതെ ഹിന്ദി എഴുതിപോയോ. അതിനു നമുക്ക് ഹിന്ദി എഴുതാൻ പോയിട്ട് വായിക്കാൻ പോലും അറിയില്ലല്ലോ.
ഞങ്ങൾ മാഡത്തിനോട് പറഞ്ഞു, "അല്ല ഹിന്ദി അല്ല. കൊറിയൻ ആണ്. എന്തെ മാഡത്തിനു അങ്ങനെ തോന്നാൻ?"
അപ്പൊ ഈ കിം കി ദുക് ന്നു പറഞ്ഞാൽ ഹിന്ദി അല്ലെ?
അപ്പോഴാണ്‌ ഞങ്ങൾക്കും ബൾബ് കത്തിയത്. കിം കി ദുക് എന്ന് പറഞ്ഞാൽ ഹിന്ദിയിൽ കിമ്മിന്റെ ദുഃഖം. വാട്ട് എ കോ-ആക്സിടെന്റ്!
പിന്നെ കിം കി ദുക് ഒരു ബോളിവുഡ് സിനിമ അല്ല എന്നും അദ്ദേഹം പുപ്പുലിയായ ഒരു സംവിധായകനാണ് എന്നും വാർഡനെ പറഞ്ഞു മനസ്സിലാകിയിട്ടെ ഞങ്ങൾ പോയുള്ളൂ. തെറ്റിധാരണകൾ അപ്പോൾ തന്നെ മാറ്റുന്നതല്ലേ നല്ലത്.