Friday, November 22, 2013

ഹോട്ടൽ സദാചാരം അഥവാ അങ്ങനെ ഒന്നുണ്ടോ?

എൻ ഇനിയ നൻപൻ മിസ്റ്റർ ജമ്പനു ഒരു കുത്തകകമ്പനിയിൽ പണി കിട്ടുകയും പണി കിട്ടി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ പണം കിട്ടുകയും ചെയ്തതിനാൽ ആ യുവാവ് കൃതാർഥനായി. കോഴിക്കോട് പട്ടണത്തിൽ വന്നാൽ പ്രോട്ടോകോൾ അനുസരിച്ചു എനിക്ക് ബിരിയാണി വാങ്ങി തരേണ്ടതുള്ളതുകൊണ്ട് ഞങ്ങൾ നഗരമധ്യത്തിലെ ഉയർന്ന നിലയിലുള്ള ഒരു ഹോടലിൽ പോയി.
വല്ല്യ നിലയിലുള്ള ഹോട്ടലുകളുടെ പ്രത്യേകത എന്താന്നു വച്ചാൽ, അവർ സീറോ ബൾബ് മാത്രേ  ഉപയോഗിക്കൂ എന്നുള്ളതാണ്. സ്വതവേ കണ്ണിനു മങ്ങലുള്ളത് കൊണ്ട് ടോർച്ചടിച്ചു വഴി കണ്ടു പിടിച്ചു ഞാനും മിസ്റ്റർ ജമ്പനും  അനുയോജ്യമായ ഒരു ഇരിപ്പിടം കണ്ടെത്തി.  ചുവരിനോട് ചേർന്നുള്ള സോഫ പോലുള്ള ഇരിപ്പിടത്തിൽ ജമ്പനും അതിനെതിരായുള്ള കസേരയിൽ ഞാനും  ആസനസ്ഥരായി (എന്റമ്മേ, എന്റെ ഒരു കാര്യം!)  ഞങ്ങൾ ഇരിക്കുന്ന മേശക്കു സമാന്തരമായി മറ്റൊരു മേശയും രണ്ടു മേശകൾക്കു ഇടയ്ക്കു ഒരു ചെറിയ വഴിയുണ്ട്. ആ മേശയിൽ തല്ക്കാലം ആരുമില്ല.
വിശേഷങ്ങൾ പറഞ്ഞു സമയം കടന്നു പോയി.  കാത്തിരുന്ന് കാത്തിരുന്നു കാത്തിരുന്നു കാത്തിരുന്ന്.....അവസാനം.... അതാ മുന്നില് ബിരിയാണി!
ആക്രമണം തുടങ്ങുന്നതിനു മുൻപ് ഞാൻ മിസ്റ്റർ ജമ്പനു  മുന്നറിയിപ്പ് കൊടുത്തു.

ഞാൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാൻ പോകുന്നു. ഇടയ്ക്കു അതുമിതും പറഞ്ഞു എന്നെ ദയവു ചെയ്തു ശല്യപ്പെടുത്തരുത്.
അനന്തരം ഞാൻ എന്റെ കർത്തവ്യത്തിൽ വ്യാപൃതയായി. അവസാനത്തെ കോഴിക്കാലും കടിച്ചു വലിക്കുന്നതിനിടയിലാണ് മിസ്റ്റർ ജമ്പൻ  എന്റെ മുന്നില് ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ ഓർത്തത്.

ഞാൻ തലയുയർത്തി നോക്കി.

എന്റെ ദൈവമേ!

അതാ മിസ്റ്റർ ജമ്പൻ ഷോക്കടിച്ച പോലെ ഇരിക്കുന്നു! കണ്ണൊക്കെ തുറിച്ചു മുടിയൊക്കെ എഴുന്ന്.... എന്തോ കണ്ടു പേടിച്ചതാണ്. എന്റെ തീറ്റ കണ്ടിട്ടാണോ?

എന്ത് പറ്റി ജമ്പൻ?

ഉടനെ ജമ്പൻ എനിക്ക് രണ്ടു ബ്രിഞ്ചൊൽ ഗുലു ഗുലു തന്നു.

എന്താണ് ബ്രിഞ്ചൊൽ ഗുലു ഗുലു എന്നോ?
മിസ്റ്റർ ബട്ലർ സിനിമ കണ്ടിട്ടില്ലേ? ഇനി കാണാത്തവരാനെങ്കിൽ വിശദീകരിച്ചു തരാം.

അതായത്, തല അനക്കാതെ കണ്ണിന്റെ കൃഷ്ണമണികൾ രണ്ടും കാറിൻറെ വൈപർ പോലെ  ഒരു വശത്തേക്ക് രണ്ടു പ്രാവശ്യം വേഗത്തിൽ ചലിപ്പിക്കുന്നതിനാണ് ബ്രിഞ്ചൊൽ ഗുലു ഗുലു എന്ന് പറയുന്നത്. ഒരാളുടെ എതിരെ ഇരിക്കുന്ന ആളുടെ ശ്രദ്ധ അയാളുടെ ഒരു വശത്തിരിക്കുന്ന ആളിലേക്ക്, അദ്ദേഹം അല്ലെങ്കിൽ അദ്ദേഹി അറിയാതെ ആകർഷിക്കുന്നതിനായി നൂറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നതാണ് ഈ സൂത്രം. മിസ്റ്റർ ബട്ലർ സിനിമയിലൂടെ ദിലീപ് ഇതിനു വലിയ പ്രചാരം നല്കി.

അതൊക്കെ പോട്ടെ.

ഞാൻ ജമ്പന്റെ കണ്ണ് പോയ ഭാഗത്തേക്ക് നോക്കി.

അല്പം മുൻപ് പഴയ ഹിന്ദി നടി മമത കുൽകർനിയെപ്പൊലെ സുന്ദരിയായ ഒരു യുവതി മഞ്ഞ ടീഷർട്ടും ജീൻസുമിട്ട് അവിടെയുള്ള മേശയെ സമീപിച്ചിരുന്നു. ബിരിയാണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ അര്ഹിക്കുന്ന ശ്രദ്ധ ആ സംഭവത്തിനോ ആ യുവതിക്കോ കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ ജമ്പന്റെ കണ്ണുകൾ ഫോകസ് ചെയ്തിരിക്കുന്ന സ്ഥാനത്ത് ആ യുവതി ഉണ്ട്. അതായത് രണ്ടു മേശകൾക്കിടയിലുള്ള സ്ഥലത്ത്. അവൾ അവിടെ വെറുതെ നില്ക്കുകയല്ല സുഹൃത്തുക്കളെ...

പിന്നെ.....

അവൾ അവിടെ നിന്ന് സ്വന്തം ജീൻസ് ഊരുകയാണ്. ഈ കാഴ്ച കണ്ടാണ്‌ യഥാർത്ഥത്തിൽ മിസ്റ്റർ ജമ്പന്റെ കിളി പോയത്.

പക്ഷെ ആ യുവതി കാരണോന്മാർ വീട്ടിൽ വന്നാൽ രണ്ടാം മുണ്ട് അഴിച്ചു വക്കുന്നത് പോലെ സിമ്പിൾ ആയി ജീൻസ് ഊരി മേശപ്പുറത്തു വച്ചു. എന്നിട്ട് ഉള്ളിലിട്ടിരിക്കുന്ന കുട്ടി ടൌസർ മുകളിലേക്ക് വലിച്ചു കയറ്റി കസേരയിൽ ഇരുന്നു.

ജമ്പൻ എന്റെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി.

പിന്നെ ആ യുവതിയുടെ മുഖത്തേക്കും ഊരി വച്ച ജീൻസിലെക്കും മാറി മാറി നോക്കി.

യുവതിയാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ മെനു വായിക്കുന്നതിൽ എര്പ്പെട്ടു.

ജമ്പൻ അപ്പോഴും വാ  പൊളിചിരിക്കുകയാണ്

ജമ്പൻ, ജമ്പൻ...ആർ യു ആൾ റൈറ്റ്?

ജമ്പൻ അനങ്ങുന്നില്ല

ജമ്പൻ....

ജമ്പനു ബോധം വന്നു.

കുറച്ചു വെള്ളം കുടിക്കൂ

ജമ്പൻ വെള്ളം കുടിച്ചു ശ്വാസം വിട്ടപ്പോഴേക്കും അതാ വരുന്നു അടുത്ത ഷോക്ക്‌

ആ യുവതി എഴുന്നേറ്റു ഊരിയ ജീന്സും കക്ഷത്ത്‌ വച്ച് കൂളായി വാഷ് റൂമിലേക്ക്‌ പോയി.

ജമ്പൻ വല്ലാത്ത പകപ്പോടെ എന്നോട് ചോദിച്ചു

എന്താ സംഭവം?

സത്യമായിട്ടും എനിക്കറിയില്ല ജമ്പൻ. ഐ ആം ദി റിയലി സോറി ഫോർ ദി ഇന്കണ്‍വീനിയൻസ്‌ ഓഫ് ദി ഡേ

ജമ്പനു തൃപ്തിയായില്ല

അപ്പോഴാണ്‌ മുന്നില് പാവാടയും പിന്നിൽ പാന്റുമിട്ട ഒരു വൈറ്റർ സഖാവ് അത് വഴി വന്നത്

പാവം ജമ്പൻ അയാളോടും ചോദിച്ചു. "എന്താ സംഭവം?"

അയാള് അത് അയാള് ഒന്നും സംഭവിക്കാത്ത പോലെ ജമ്പന്റെ ഒഴിഞ്ഞ ഗ്ലാസിൽ വെള്ളം നിറച്ചു തിരിച്ചു പോയി.

അല്പം കഴിഞ്ഞു പോയപോലെ ആ യുവതി ജീൻസ് കക്ഷത്തിൽ വച്ചു തിരിച്ചു വന്നു. പിന്നാലെ മഞ്ഞ ടീഷര്ട്ട് ഇട്ട അവളുടെ കൂട്ടുകാരും.
അവർ ഭക്ഷണം വരുന്നത് വരെ കലപില കൂട്ടുകയും ഭക്ഷണം വന്നപ്പോൾ നിശബ്ദരാകുകയും ചെയ്തു

ജമ്പൻ പതുക്കെ സമനില വീണ്ടെടുത്തു ബിരിയാണി ദൗത്യം വിജയകരമായി പൂർത്തിയാക്കി.

അനന്തരം ബില്ല് കൊടുത്തു ഞങ്ങൾ സ്ഥലം കാലിയാക്കുകയും ചെയ്തു.


വാല്ക്കഷ്ണം: ഈ സംഭവത്തിനു ശേഷം ജീൻസിട്ട പെണ്‍കുട്ടികൾ ഉള്ള ഹോട്ടലിൽ ജമ്പൻ ബിരിയാണി കഴിക്കാൻ പോയിട്ടില്ല എന്നാണു അറിവ് .

Friday, November 1, 2013

സർപ്പയജ്ഞം റീലോഡഡ്

ചെറിയ ഒരു പര്യടനം കഴിഞ്ഞു  വീടിനടുത്തുള്ള കവലയിൽ എത്തിയപ്പോൾ സമയം രാത്രി ഏഴു മണി. നല്ലവണ്ണം ഇരുട്ടായിട്ടുണ്ട്. ഞാനാനെങ്കിലോ തനിച്ചും. വീടിലെത്താൻ ഇനി ഓട്ടോ പിടിക്കണം.

പക്ഷെ പെട്ടന്നാണ് ഫോണ്‍ റീചാർജ് ചെയ്തു കളയാം എന്നൊരു ഉൾവിളി ഉണ്ടായത്. ഞാൻ ചുറ്റും നോക്കി.

അതാ ഒരു റീചാർജ് കട!

റീചാർജ് കട എന്നു പറഞ്ഞാൽ മറ്റേതൊരു റീചാർജ് കടയും പോലെ ഒരു അത്യാധുനിക പെട്ടിക്കട. റോഡരികിലെ ഓവുചാലിന് മുകളിലിട്ടിട്ടുള്ള കോണ്ക്രീറ്റ് സ്ലാബിൽ നിന്ന് കൊണ്ട് വേണം നമ്മൾ ക്രയവിക്രയം നടത്താൻ.

കടയിൽ രണ്ടു കുമാരന്മാരാണ് ഉണ്ടായിരുന്നത്. മസിലൊക്കെ ഉരുട്ടി 'ദിപ്പോ പൊട്ടും' റ്റീഷർട്ടൊക്കെ ഇട്ടു ഗൌരവത്തിൽ ഇരിക്കുകയായിരുന്ന ആ മസിൽകുട്ടന്മാർ എന്നെ കണ്ടപ്പോൾ ബാസ്സിട്ടു ഇങ്ങനെ ചോദിച്ചു, "ഏതാ കണക്ഷൻ? "

"വോഡഫോണ്‍"

"കാർഡില്ല. ഈസി ചെയ്യാം"

"ശരി"

"എത്ര രൂപയുടെയാ?"

"ഇരുപത്"

ഇത് കേട്ടതും അതിലൊരുത്തൻ അക്കങ്ങൾ കരകുരാ എഴുതിയ ഒരു നോട്ടുബുക്ക് ആവശ്യത്തിലധികം പുച്ഛത്തോടെ എൻറെ മുന്നിലേക്ക്‌ നീക്കി വച്ചു.

ഞാൻ നമ്പർ എഴുതാൻ തുടങ്ങിയപ്പോഴാണ് പെട്ടന്ന് കാലിൻറെ ചെറുവിരലിൽ ഒരു പിരുപിരുപ്പു അനുഭവപ്പെട്ടത്. പോകാൻ ധൃതി ഉണ്ടായിരുന്നത് കൊണ്ട് അതെന്താണെന്ന് നോക്കാതെ കാല് കുറച്ചു നീക്കി വച്ചു ഞാൻ നമ്പർ എഴുതൽ തുടർന്നു.

ദാ പിന്നേം. വല്ല പുൽചാടിയോ മറ്റോ ആയിരിക്കും. ഞാൻ മൈൻഡ് ചെയ്തില്ല .

നമ്പർ എഴുതിക്കൊടുത്തു ചുമ്മാ കാലിലോട്ടൊന്നു നോക്കി.

അപ്പോൾ കണ്ട ആ ഭീകര കാഴ്ച!

ഒരു സ്കെയിലിന്റെ അത്ര നീളവും പെൻസിലിന്റെ  അത്ര തടിയുമുള്ള ഒരു ഉഗ്രസർപ്പം അതാ എൻറെ കാലിനടുത്ത് വഴി തടസ്സപ്പെട്ടു നില്ക്കുന്നു!

നീയാണോടീ പാമ്പുകളെ വഴി നടക്കാൻ സമ്മതിക്കാത്ത അലവലാതി ഷാജി എന്ന ഒരു ഭാവത്തോടെ തലയുയർത്തി എൻറെ മുഖത്തേക്ക് നോക്കി നില്ക്കുകയാണ് ആശാൻ.

പിന്നെ ഞാൻ ഒട്ടും അമാന്തിച്ചില്ല.

ബാലരമ സ്റ്റൈലിൽ "ഹീയ്യോ!" എന്ന് കരഞ്ഞു കൊണ്ട് ഇന്ത്യക്ക് ഒളിമ്പിക് മെഡൽ പ്രതീക്ഷ നല്കുന്ന ഒരു ഉഗ്രൻ ഹൈജമ്പ് പ്രകടനം അപ്പോൾ തന്നെ
കാഴ്ച വച്ചു. കവലയിൽ ഉണ്ടായിരുന്നവരെല്ലാം എന്റെ പ്രകടനം കണ്ടു അദ്ഭുതപരതന്ത്രരായി!

പക്ഷെ തിരിച്ചു ഭൂമിയിൽ ലാൻഡ് ചെയ്തപ്പോഴേക്കും ആ കാളസർപ്പം അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു.

മസിൽകുട്ടന്മാരുടെ മുഖത്ത് അമ്പരപ്പ്.

ചേച്ചി ഇപ്പൊ എന്താ ചെയ്തത്? എന്താ ഉണ്ടായേ?

എനിക്കാണെങ്കിൽ പേടി കൊണ്ട് ശബ്ദവും പുറത്ത് വരുന്നില്ല.

പ്....പ്....

ഏ?

ഒരു...പ്...പ്...പാമ്പ്....

അത് കേട്ടതും മസിൽകുട്ടന്മാർ കാറ്റഴിച്ചു വിട്ടത് പോലെ ചുരുങ്ങി. അവര് രമേഷിനെയും സുരേഷിനെയും പോലെ ഒന്ന് പരസ്പരം ചേർന്ന് നിന്നു.

എവടെ?

ഇവിടെ ഉണ്ടായിരുന്നു. എങ്ങോട്ടാ പോയേന്നറിയില്ല.

ഇനി അഥവാ നമ്മുടെ പാമ്പ് വീണ്ടും പ്രത്യക്ഷപ്പെട്ടാൽ തന്നെ ശക്തരായ ഈ യുവാക്കൾ അതിനെ സിമ്പിൾ ആയി കൈകാര്യം ചെയ്യും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയിൽ ഞാൻ ഇങ്ങനെ പറഞ്ഞു.

ഇനി നിങ്ങളുടെ കാലിന്റെ അടുത്തെങ്ങാനും ഉണ്ടോന്നു നോക്കിയേ.

ഇത് കേട്ടതും അവരുടെ മുഖത്ത് ഞങ്ങൾ ഇപ്പൊ കരയും എന്നൊരു ഭാവം വന്നു.

"സത്യമായിട്ടും കണ്ടോ?"

"ഉവ്വെന്നേ. അതിവിടെ തന്നെ കാണും"

"ചേച്ചി ഞങ്ങളെ വെറുതെ പേടിപ്പിക്കല്ലേ.  ചേച്ചിക്ക് ഇതും പറഞ്ഞിട്ട് പോയാ മതി. ഞങ്ങള് രണ്ടാളും രാത്രി ഇനി എങ്ങനാ ഇവിടെ ഒറ്റക്കിരിക്കുന്നെ?"

അതോടെ ഇനി അവിടെ നില്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്നെനിക്കു മനസ്സിലായി. അതുകൊണ്ട്, "മക്കളെ, ആ നമ്പരങ്ങു വെട്ടിക്കോ. ഞാൻ നാളെ വരാം." എന്നറിയിച്ച്പേ ടിച്ചരണ്ട ആ മസിൽകുട്ടന്മാരെ അവിടെ ഒറ്റയ്ക്ക് വിട്ടു കിട്ടിയ ഓട്ടോയിൽ കയറി വീട്ടിൽ പോയി.