Thursday, October 24, 2013

ഒരു പോസ്റ്റ്‌ മോഡേണ്‍ പുരാണകഥ
ക്ടിന്‍!

അടുക്കളയിലെ ചുവരില്‍ ഒരു അലുമിനിയം പാത്രം ശക്തിയായി വന്നിടിക്കുന്ന ആ ശബ്ദം കേട്ട് പിന്നാമ്പുറത്ത് താടി വടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ലോമപാദന്‍ പിള്ള ഞെട്ടിത്തരിച്ചു. ആ ഞെട്ടലില്‍ താടി അല്‍പ്പം മുറിയുകയും ചെയ്തു. നേരത്തെ കേട്ട ആ ശബ്ദം ഭാര്യയുടെ അങ്കപ്പുറപ്പാടിന്റെ സിഗ്നല്‍ ആണെന്ന് ഇരുപതു വര്ഷം നീണ്ട സംഭവബഹുലമായ ദാമ്പത്യജീവിതത്തില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിനു ഊഹിക്കാന്‍ കഴിഞ്ഞു.

 ഇന്നെന്താണാവോ കാരണം എന്ന് ചിന്തിച്ചു കൊണ്ട് പാതി വടിച്ച താടിയുമായി അദ്ദേഹം അടുക്കളയിലെത്തി.

“നിങ്ങളോട് ഞാന്‍ രണ്ടാഴ്ച മുന്നേ പറഞ്ഞതല്ലേ ഗ്യാസ് ബുക്ക്‌ ചെയ്യണം എന്ന്. നിങ്ങള്‍ കേട്ടോ? ഇപ്പൊ ദേ ഗ്യാസും തീര്‍ന്നു. ഇനി ഒരു ഗ്യാസ് കിട്ടാന്‍ ഏത് അമ്പലത്തിലൊക്കെ വഴിപാടു കഴിക്കണം എന്റെ ഭഗവാനെ......ദേ മനുഷ്യാ...ഇന്ന് സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ ഉള്ളതാ. എനിക്ക് നേരത്തെ പോകണം. അടുപ്പ് കൂട്ടാനൊന്നും പറ്റില്ല. ഇന്ന് ഹോട്ടലീന്ന് കഴിച്ചാ മതി അച്ഛനും മോളും.” മാലിനി ടീച്ചര്‍ ഒച്ചയെടുത്തു.

ലോമപാദന്‍ പിള്ളയുടെ കണ്ണില്‍ ഇരുട്ട് കയറി. ഇനി ഗ്യാസ് കിട്ടുന്നത് വരെ ഈ വീട്ടില്‍ കഴിയുന്ന ഓരോ നിമിഷവും നരകതുല്യമാണെന്നു അയാള്‍ ഓര്‍ത്തു.

എന്ത് ചെയ്യും!

പത്ത് മണിയായപ്പോള്‍ ലോമപാദന്‍ മൊബൈലില്‍ വിഭാണ്‍ടക ഗ്യാസ് എജെന്സിയുടെ നമ്പര്‍ തപ്പിയെടുത്ത് കുത്തി.
“ഹലോ... വിഭാണ്‍ടക ഗ്യാസ് എജെന്സി അല്ലെ? ഇത് അംഗമാലീന്നു ലോമപാദന്‍ പിള്ളയാ വിളിക്കുന്നെ.”
ഗ്യാസ് ബുക്ക് ചെയ്യാനായിരുന്നു. അത്യാവശ്യമാണേ. എന്ന് കിട്ടും?
എന്ത്?
പതിനഞ്ചു ദിവസമോ?
അതിനുള്ളില്‍ താന്‍ അത്യാസന്ന നിലയിലായിട്ടുണ്ടാകുമെന്നു ലോമപാദന്‍ പിള്ള ആത്മഗതം പറഞ്ഞു.
അയ്യോ അത്രയൊന്നും കാത്തിരിക്കാന്‍ പറ്റില്ലാ..
എന്ത്?
ഹലോ ഹലോ..........

അവിടന്നങ്ങോട്ട് എല്ലാ ദിവസവും രാവിലെ ലോമപാദന്‍ പിള്ള കൃത്യമായി വിഭാണ്‍ടക ഗ്യാസ് എജെന്സിയില്‍ വിളിച്ചു.
പക്ഷെ താങ്കള്‍ വിളിച്ച നമ്പര്‍ പ്രതികരിക്കുന്നില്ല, ബിസിയാണ്, ഉറക്കമാണ്, പിണക്കമാണ് എന്നൊക്കെയുള്ള കിളിശബ്ദവും 
സ്റോക്ക് എത്തിയില്ല, ഒരാഴ്ച കൂടി പിടിക്കും
തുടങ്ങിയ ന്യായങ്ങളും മാത്രമാണ് അദ്ദേഹത്തിനു കേള്‍ക്കാന്‍ സാധിച്ചത്.

പകലുകളും രാത്രികളും കൊഴിഞ്ഞു പോയി. ഇനിയും ഗ്യാസ് കിട്ടിയില്ലെങ്കില്‍ താന്‍ മകളേയും കൊണ്ട് സ്വന്തം വീട്ടില്‍ പോകുമെന്ന് മാലിനി ടീച്ചര്‍ വിറകടുപ്പിനു അടുത്ത് നിന്ന് ചുമച്ചു കുരക്കുന്നതിനിടയില്‍ ഭീഷണി മുഴക്കി.

അങ്ങനെ ടീച്ചറുടെ വായില്‍ നിന്നും മൂര്‍ച്ചയേറിയ കൂരമ്പുകള്‍ ലോമപാദന്‍ പിള്ളയുടെ നേരെ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരുന്ന ഒരു സന്ധ്യാനേരത്ത് നിര്‍ഗുണപരബ്രഹ്മനായി അദ്ദേഹം വീടിന്റെ സിറ്റൌട്ടില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അനന്തിരവന്‍ രാജ്‌ഗുരു അവിടെ എത്തിയത്.

“ജിമ്മില്‍ നിന്നും തിരിച്ചു പോകുന്ന വഴിയാ. അമ്മാവനെ ഒന്ന് കണ്ടു കളയാം എന്ന് കരുതി.” ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടു കൊണ്ട് രാജുമോന്‍ മൊഴിഞ്ഞു.

ധീരരക്തസാക്ഷി രാജ്ഗുരുവിനോടുള്ള ആരാധന മൂത്താണ് ലോമപാദന്‍ പിള്ളയുടെ അളിയന്‍ തിലോത്തമന്‍ പിള്ള മകന് രാജ്‌ഗുരു എന്ന് പേരിട്ടത്. പക്ഷെ ഇന്നവന്‍ പേര് രാജ് എന്ന് ചുരുക്കി, നാം തോ സുനാ ഹോഗാ എന്ന് പെണ്പിള്ളേരോട് ഡയലോഗും അടിച്ചു നടക്കുകയാണ്. ഋതിക് രോഷന്റെതു പോലുള്ള ഒരു സിക്സ് പാക്‌ ബോഡിയാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം.

അമ്മാവന്റെ കിളി പോയ ഇരിപ്പും അമ്മായിയുടെ പ്രഘോഷണവും എല്ലാം കൂടി കണ്ടപ്പോള്‍ അവിടെ കാലാവസ്ഥ പ്രതികൂലമാനെന്നും കൊടുങ്കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും രാജുമോന്‍ മനസ്സിലാക്കി.

എന്താ അമ്മാവാ പ്രശ്നം?

അശോകവനത്ത്തിലെ സീതയെപ്പോലെ താടിക്ക് കൈയും കൊടുത്തു ഇരിക്കുകയായിരുന്ന ലോമപാദന്‍ പിള്ള പതുക്കെ തല ഉയര്‍ത്തി.
"എന്ത് പറയാനാ മോനെ ഗ്യാസ് തീര്‍ന്നിട്ട് ഇന്നേക്കു പതിനേഴു ദിവസമായി. എജെന്സിയില്‍ വിളിച്ചു ഞാന്‍ മടുത്തു. ഒരു വഴിയും കാണുന്നില്ല."

"അത്രേ ഉള്ളൂ? അമ്മാവന്‍ വിഷമിക്കാണ്ടിരി..എന്റെ കൂട്ടുകാരന്‍ ഒരുത്തനുണ്ട്...റിശ്യ....റിശ്യ......" നാം തോ സുനാ ഹോഗായുടെ നാക്ക് കുഴങ്ങി. 
"ആ രിശ്യശ്രിംഗന്‍ എന്നാ പേര്...ആ മ്മടെ റിഷിയെ...... അവന്റെ അച്ചന്റെ ആണ് ഈ പറഞ്ഞ ഗ്യാസ് എജെന്സി. ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ...."

രാജുമോന്‍ തന്റെ സ്മാര്‍ട്ട്‌ ഫോണെടുത്ത് മാന്തി.

"ഡാ നീ എവിട്യാ? നീ അവടെ ഉണ്ടോ...ഞാന്‍ തൊട്ടപ്പുറത്തുണ്ട്. ആ അമ്മാവന്റെ വീട്ടില്. നീ ഇങ്ങോട്ടൊന്നു വരുമോ? ഒരത്യാവശ്യം ഉണ്ട്...."

കേട്ടതും റിഷിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.

കാരണം?

കാരണം മറ്റൊന്നുമല്ല. ലോമപാദന്‍ പിള്ളയുടെ മകളും സ്ഥലത്തെ പ്രധാന സുന്ദരിയുമായ വൈശാലിയുടെ പിന്നാലെ കണ്കള്‍ ഇരണ്ടാല്‍ സ്റ്റൈലില്‍ കുറെ നടന്നിട്ടുണ്ട് അദ്ദേഹം.
കേട്ട പാതി കേള്‍ക്കാത്ത പാതി ഉപവനം ആര്‍ട്സ് സ്പോര്‍ട്സ് ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരുന്ന ടിയാന്‍ ലോമപാദന്‍പിള്ളയുടെ വസതിയില്‍ പറന്നെത്തി.  

"എന്താ പ്രശ്നം?"

അമ്മാവന് വേണ്ടി രാജു മോന്‍ സംഭവങ്ങള്‍ വിവരിച്ചു.

"നീ ഒന്നിങ്ങോട്ടു വന്നെ.."

റിഷി കൂട്ടുകാരനെ പിടിച്ചു കൊണ്ട് പോയി അല്പം മാറ്റി നിര്‍ത്തി.
"എടാ... അച്ഛന്‍ സമ്മതിക്കില്ല. ഇന്നാളു ടിന്റു മോന്റെ വീടിലേക്ക്‌ ഗ്യാസ് ചോദിച്ചപ്പോള്‍ തന്നെ അങ്ങേരു ചൂടായി."
അതിനിടക്കാണ് വൈശാലി മോള്‍ ടൂഷന്‍ കഴിഞ്ഞു വന്നത്. വീട്ടുമുറ്റത്ത് തന്റെ വഴിയോരകാമുകന്‍ നില്‍ക്കുന്നത് കണ്ടു അവള്‍ അല്‍പനേരത്തേക്ക് ഇതികര്‍ത്തവ്യതാമൂഢയായി (ഈ വാക്ക് ഞാന്‍ ഇന്നലെ എഴുതി പഠിച്ചതാ...എങ്ങനെ ഉണ്ട്?). പിന്നെ റിഷിമോന് ഒരു പുഞ്ചിരി സമ്മാനിച്ചു സുബ്രമണ്യപുരത്തിലെ തുളസിയെപ്പോലെ തലകുനിച്ചു വീടിനകത്ത് പോയി.

അതോടെ അതുവരെ രാജുമോനോട് മുട്ടുന്യായവും പറഞ്ഞു നിന്നിരുന്ന റിഷികുമാരന്റെ ഭാവം മാറി. അദ്ദേഹം ലോമപാദന്‍ പിള്ളയുടെ അടുത്ത് ചെന്ന് അകത്തേക്കും കേള്‍ക്കും എന്നുറപ്പുള്ള ഒരു ഫ്രീക്വന്‍സിയില്‍ പറഞ്ഞു:
"അമ്മാവന്‍ പേടിക്കണ്ടാന്നെ. ഞാന്‍ ഒന്ന് വിളിച്ചു പറഞ്ഞാല്‍ മതി. അമ്മാവന് എത്ര സിലിണ്ടര്‍ വേണം. പത്ത് മിനിട്ടിനുള്ളില്‍ സാധനം ഇവിടെ എത്തിയിരിക്കും."

"ഒരു സിലിണ്ടര് മതി മോനെ. ഒന്ന് വേഗം കിട്ടിയാ മതി. അല്ലെങ്കി എന്റെ കുടുംബം കലങ്ങും," ലോമപാദന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു.

ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞു റിഷിമോന്‍ ഫോണില്‍ മാന്തിക്കൊണ്ട് ഗേറ്റിനു പുറത്തേക്ക് പോയി. പിന്നെ വിഭാണ്ടക ഗ്യാസ് എജെന്സി മാനേജര്‍ തങ്കപ്പന്‍ചേട്ടനെ വിളിച്ചു സോപ്പിട്ടു പതപ്പിച്ചു ഒരു കുപ്പിയുടെ ഉറപ്പിന്മേല്‍ ഒരു ഗ്യാസ്കുറ്റി വിട്ടുതരാന്‍ കരാറുറപ്പിച്ചു. പിന്നെ തിരിച്ചു പോയി ഗ്യാസ് ഇപ്പൊ വരും ശബ്ദമുയര്‍ത്തി പറഞ്ഞു.

അല്‍പ്പസമയത്തിനകം വിഭാണ്ടക ഗ്യാസ് എജെന്സിയുടെ സ്വന്തം പെട്ടിവണ്ടിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോമപാദന്‍ പിള്ളയുടെ മുറ്റത്തെത്തി. ഗ്യാസ് എജെന്സി തൊഴിലാളി രമണന്‍ ‘ദേവദുന്ദു ഭൂതം...വര്‍ഷ മംഗള ദോഷം’ എന്ന് മൂളിപ്പാട്ടും പാടി സിലിണ്ടര്‍ ശിരസ്സാ വഹിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.

റിഷി മോന്‍ ഈ രംഗം നിര്‍വൃതിയോടെ നോക്കി നിന്നു. ലോമപാദന്‍ പിള്ളയുടെ ഉള്ളില്‍ കുളിര്‍മഴ പെയ്തു. മാലിനി ടീച്ചര്‍ എഫ് എം റേഡിയോ ഓഫ് ആക്കിയത് പോലെ നിശബ്ദയായി.

ഗ്യാസടുപ്പ് കത്തിച്ചു മാലിനി ടീച്ചര്‍ ചായ ഉണ്ടാക്കി. വൈശാലി മോള്‍ എല്ലാവര്ക്കും ചായ കൊടുത്തു. അങ്ങനെ എല്ലാം ശുഭമായി പര്യവസാനിച്ചു.