എന്‍റെ പ്രിയപ്പെട്ടവരേ
ഞാന്‍ നിങ്ങളോട് മനസ്സ് തുറക്കുകയാണ്.
അര കുപ്പി ഉറക്കമരുന്നാണ് ഞാന്‍ ഒറ്റ വലിക്കു കുടിച്ചു
തീര്‍ത്തത്.
ആലോചിച്ചു നോക്കിയാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്നങ്ങളൊന്നും എന്‍റെ ജീവിതത്തില്‍ ഇല്ല. പിന്നെ ഞാന്‍ എന്തിനു അങ്ങനെചെയ്തു?
സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.
അത്രയും മധുരമുള്ള മരുന്ന് ഞാന്‍ ഇതിനു മുന്‍പ് കഴിച്ചിട്ടില്ല . അതാണ് കാരണം. അത് മാത്രമാണ് കാരണം. അല്ലാതെ .......ഛെ ഛെ
അല്ല.. എന്നെ പറഞ്ഞിട്ടും കാര്യമില്ല. ഡോക്ടര്‍ എനിക്കെഴുതി തന്ന
ഉറക്കമരുന്നു തന്നെയാണത്. പല തവണകളായി കുടിക്കേണ്ടത്
ഒറ്റ അടിക്കു കുടിച്ചു. അത്രേ ഉള്ളൂ.
അന്ന് ഞാന്‍ ഭൂമിയില്‍ വന്നിട്ട് വെറും അഞ്ചു വര്‍ഷം. മരം കയറലും മണ്ണപ്പം ചുടലുമായി ജീവിതം തള്ളി നീക്കുന്ന സമയം.
ആ ഒരു കാലഘട്ടത്തിലാണ് കൈയ്യിലിരിപ്പ് കൊണ്ട് കുറച്ചു കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്ന ശേഷം ഞാന്‍ തിരിച്ചെത്തി അമ്മയുടെ വീട്ടില്‍
താവളമടിച്ചത്.
അവിടെ ഇപ്പോള്‍ ഞാനും എന്‍റെ അനിയനും
വല്ല്യമ്മയുടെ രണ്ടു മക്കളും അടക്കം മൊത്തം നാല്
കുട്ടിപ്പിശാച്ചുക്കള്‍ ഉണ്ട്. എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള
ചേട്ടനും, യഥാക്രമം ഒരു വയസ്സും രണ്ടു വയസ്സും കുറവുള്ള
അനിയത്തിയും അനിയനും പിന്നെ അഞ്ചു പൈസ കുറവുള്ള ഞാനും.
ഞാനാണെങ്കില്‍ എന്നും രാത്രി ഉറക്കത്തില്‍ നേഴ്സുമാര്‍ സൂചിയുമായി
കുത്താന്‍ വരുന്നത് സ്വപ്നം കണ്ടു ഉറക്കെ കരയുകയും പിന്നെ
ഉറക്കമില്ലാതെ അലഞ്ഞു നടക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനു
പ്രതിവിധി ആയിട്ടാണ് ഡോക്ടര്‍ എനിക്ക് ഉറക്കമരുന്നിനു എഴുതി
തന്നത് . പകല്‍ സമയങ്ങളില്‍ ആ മരുന്നുകുപ്പി മച്ചിന്റെ അകത്തെ
ജനാലയില്‍ ശാന്തമായി വിശ്രമിച്ചു . രാത്രിയില്‍ സൂചി കുത്താന്‍
വരുന്ന നെഴ്സുമാരെ എന്‍റെ അടുത്ത് നിന്ന് ഓടിച്ചു .
അന്ന് ഉച്ചയൂണിനു ശേഷം ഈ മുറിയിലാണ് കുട്ടിപ്പട്ടാളം ഒത്തു കൂടിയത്. മുതിര്‍ന്നവര്‍ ഉച്ചമയക്കത്തിലായത് കൊണ്ട് അവരുടെ ശല്യം ഇല്ല.
"ഇനി ഇന്നെന്താ കളിക്കാ ? "
ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണല്ലോ പ്രമാണം.
"ഡോക്ടറും രോഗിയും" . ഞാന്‍ ചാടിക്കേറി പറഞ്ഞു .
ആര്‍ക്കും എതിരഭിപ്രായം ഇല്ല .
കൂട്ടത്തില്‍ മൂശേട്ട ആയ അനിയത്തി ഡോക്ടര്‍ ആകാന്‍ സന്നദ്ധത
പ്രകടിപ്പിച്ചു മുന്നോട്ടു വന്നു.
ഞങ്ങള്‍ മൂന്നു രോഗികള്‍ ഓരോരുത്തരായി ഡോക്ടറെ കാണാന്‍ വരിയായി കാത്തിരിപ്പ് തുടങ്ങി. ആദ്യത്തെ രോഗി ഡോക്ടറുടെ ചേട്ടന്‍ തന്നെ ആണ് .
"ഹും . ഇവിടെ കിടക്കൂ," ഡോക്ടര്‍ ആജ്ഞാപിച്ചു .
"എന്താ അസുഖം ?"
"പനിയാ ഡോക്ടറെ." രോഗി ചിരിയടക്കാന്‍ പാടുപെടുന്നുണ്ട്.
"ചുമയുണ്ടോ ?"
"ഉണ്ട് . കുറച്ച് ."
"ഉം ...മഴയത്ത് കളിച്ചിട്ടുണ്ടാകും ."
ഡോക്ടര്‍ സ്റ്റെതസ്കോപ് ആയി മാറിയ കയര്‍ രോഗിയുടെ നെഞ്ചില്‍ വച്ച്
കാതോര്‍ത്തു . "നാക്ക് നീട്ട്"
"ആ.."
"ഓ കുഴപ്പം ഒന്നും ഇല്ല . രണ്ടു ദിവസം കുളിക്കണ്ട. പൊയ്ക്കോളൂ."
"ഡോക്ടര്‍ ...മരുന്ന് ..."
"മരുന്നൊന്നും വേണ്ട ..പൊയ്ക്കോ "
രണ്ടാമത്തെ രോഗി .
ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു .
"വയറു വേദന "
ഉടന്‍ തന്നെ പ്രതിവിധി
"മിട്ടായി തിന്നുന്നത് നിര്‍ത്തണം"
"ഓ .."
"ഉം പൊയ്ക്കോ . അടുത്ത രോഗി ..."
അതായത് ഞാന്‍ !
"ഉം എന്താ ?"
"പല്ലുവേദന "
"വായ തുറക്കൂ "
"ആ "
"വേദന മാറാന്‍ മരുന്ന് കഴിക്കണം." ഡോക്ടര്‍ ചുറ്റും
കണ്ണോടിച്ചു. അതാ ജനാലയില്‍ ഒരു കുപ്പി മരുന്ന് വെറുതെ ഇരിക്കുന്നു.
ഡോക്ടര്‍ അതെടുത്തു രോഗിക്ക് നേരെ നീട്ടി
"ഉം . ദിവസവും രണ്ടു നേരം കഴിക്കണം.
എന്നാ ശരി . രണ്ടു ദിവസം കഴിഞ്ഞു മാറിയില്ലെങ്കില്‍ ഇനീം വരണം."
"ശരി ഡോക്ടര്‍ "
രണ്ടു നേരം മരുന്ന് കഴിക്കണം അല്ലെ. അതിനെന്താ ഇപ്പൊ തന്നെ ആവാല്ലോ.
ആദ്യമായിട്ടാണ് ഒരു കുപ്പി നല്ല മധുരമുള്ള മരുന്ന് അപ്പാടെ കൈയില്‍ കിട്ടുന്നത്.
ഞാന്‍ കുപ്പിയുടെ മൂടി തുറന്നു പതുക്കെ വായിലേക്ക് കമിഴ്ത്തി .
ആഹ എന്തൊരു ടേസ്റ്റ് . 'ഐ ലവ് യു രസ്ന '. ഞാന്‍ രസ്നയുടെ പരസ്യത്തിലെ പെണ്‍കുട്ടിയെപ്പോലെ ഉറക്കമരുന്നു ഉയര്‍ത്തി പിടിച്ചു പറഞ്ഞു.
അത് കേട്ടതും ഡോക്ടറുടെ കണ്ട്രോള് പോയി .
ഡോക്ടര്‍ ഓടിവന്നു രോഗിയുടെ കൈയില്‍ നിന്ന് മരുന്നുകുപ്പി തട്ടിപ്പറിച്ചു കുടിക്കാന്‍ ഒരു ശ്രമം നടത്തി. രോഗി ഉണ്ടോ വിട്ടു കൊടുക്കുന്നു? ആവേശത്തില്‍ ഏതാണ്ട് കുപ്പിയുടെ പകുതിയോളം മരുന്ന് രോഗി അകത്താക്കി.
പിന്നെ ....
ഡോക്ടര്‍ ആക്രാന്തം പിടിച്ചു മരുന്ന് കുടിക്കുന്നതും , മറ്റു രണ്ടു രോഗികള്‍- ഒരാള്‍ കുപ്പിയുടെ വായും മറ്റെയാള്‍ കുപ്പിയുടെ മൂടിയും നക്കിത്തുടച്ച് സംതൃപ്തി അടയുന്നതും കണ്ടതായി ഓര്‍മയുണ്ട്.
പിന്നെ ഓര്‍മ വരുമ്പോള്‍ രാത്രി വെള്ള വിരിപ്പിട്ട ആശുപത്രിക്കിടക്കയില്‍
ഞാന്‍ കിടക്കുകയാണ്. കൈയിലൂടെ ഡ്രിപ്പ് കയറ്റുന്നുണ്ട് . അമ്മയും
വല്യമ്മയും തൊട്ടടുത്തുണ്ട് . ഞാന്‍ തല തിരിച്ചു നോക്കിയപ്പോള്‍ കണ്ട
കാഴ്ച !
ഡോക്ടര്‍ അതാ എന്‍റെ തൊട്ടടുത്ത കട്ടിലില്‍ ബോധം കെട്ടു കിടക്കുന്നു.
മറ്റു രണ്ടു രോഗികള്‍ മരുന്ന് കഴിക്കാത്തത് കൊണ്ട് ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു .
ഹെന്ത് ചെയ്യാം, അതിനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല .
ഏതായാലും അന്ന് ഞാന്‍ അരക്കുപ്പി ഉറക്കമരുന്നു കഴിച്ചിട്ടും എന്ത് കൊണ്ടോ ഞാന്‍ 'കര്‍ത്താവില്‍ നിദ്ര പ്രാപി'ച്ചില്ല . പക്ഷെ ഉറക്കമരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഇന്നും എന്നെ ശല്യം ചെയ്യുന്നു. എത്ര ഉറങ്ങിയാലും പോരാ പോരാ എന്ന തോന്നല്‍.....
ഇതൊരു രോഗമാണോ ഡോക്ടര്‍ ?
ha ha ha.....ninte urakka pranthinte reason ipazha pidi kittiye.....kollaaam......
ReplyDeleteToo good! Loved all your posts...
ReplyDeletethank u....
Delete