Sunday, August 9, 2015

ഡാൻസ്കാരി

എന്റെ അപ്പാപ്പൻ, അതായത്  അമ്മയുടെ അപ്പൻ മക്കളുടെ കലാപരമായ കഴിവുകൾ വളർത്താൻ വളരെയേറെ താൽപര്യമുള്ള ആളായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്നത് ചെന്നൈയിൽ ആയിരുന്നത് കൊണ്ട് അമ്മയുടെ കുട്ടിക്കാലം അവിടെ ആയിരുന്നു. അമ്മയേയും അമ്മയുടെ ചേച്ചിയെയും ഭരതനാട്യം പഠിപ്പിക്കാൻ അപ്പാപ്പൻ അന്ന് ഒരു ഗുരുവിനെ ഏർപ്പാടാക്കുകയും അവരുടെ നൃത്ത പരിപാടികൾക്ക് സ്വന്തം ചെലവിൽ മേളക്കാരെയും പാട്ടുകാരെയുമൊക്കെ വരുത്തുകയും (അന്ന് കാസറ്റും സിഡിയും ഒന്നും ഇല്ലല്ലോ) ചെയ്തിരുന്നു. എന്നാൽ അവരുടെ നൃത്തപഠനം അധികകാലം നീണ്ടു നിന്നില്ല. സത്യക്രിസ്ത്യാനികളായ പെണ്‍കുട്ടികൾ "ഹിന്ദു ദൈവങ്ങളെ" സ്തുതിച്ചുകൊണ്ട് നൃത്തം ചെയ്യുന്നത് കുടുംബത്തിൽ വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാക്കി. അങ്ങനെ സഹികെട്ട് അപ്പാപ്പന് മക്കളുടെ നൃത്തപഠനത്തിനു ഫുൾസ്റ്റോപ്പ്‌ ഇടേണ്ടി വന്നു.
പക്ഷെ എന്റെ അമ്മയാരാ മോള്? അമ്മയുടെ മോളായ ഞാൻ ഒരു വലിയ ഡാൻസ്കാരി ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അത്കൊണ്ട് ഞാൻ ചെറുതായിരിക്കുമ്പോൾ അമ്മയ്ക്കിഷ്ടപ്പെട്ട സിനിമാപ്പാട്ടുകൾ അമ്മ തന്നെ കൊറിയോഗ്രാഫി ചെയ്തു എന്നെ പഠിപ്പിക്കുമായിരുന്നു. ഞാനത് സ്റ്റെയ്ജിൽ കളിക്കണം. ഇതിന്റെ ഭീകരത മനസ്സിലാക്കണം എങ്കിൽ.....ആകാശദൂതിലെ പാട്ടിനു വരെ ഞാൻ സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടുണ്ട് എന്ന സത്യം നിങ്ങൾ അറിയണം.
പോരാത്തതിന് എന്നെ സ്കൂളിലെ ഡാൻസ്ക്ലാസ്സിലും ചേർത്തു. ഇടതുകാലു ചവിട്ടാൻ പറയുമ്പോൾ ഏതാപ്പാ എന്റെ ഇടതു കാലു എന്ന് ഞാൻ ആലോചിച്ചു നില്ക്കാറുള്ളത് കൊണ്ട് ടീച്ചർ താളം പിടിക്കുന്ന കോലുകൊണ്ട് എന്റെ കാലിലും കൊട്ടുമായിരുന്നു. അരമണ്ഡലം, മുഴുമണ്ഡലം എന്ന് പഠിപ്പിച്ചപ്പോൾ അടുത്തത് നിയോജകമണ്ഡലമാണോ എന്ന് ചോദിച്ചതിനു ടീച്ചർ എന്റെ ചെവിയിൽ നുള്ളി. അങ്ങനെ ഭാവിയിൽ ഒരു പത്മാ സുബ്രഹ്മണ്യം ആകേണ്ട ഞാൻ ശാരീരികപീഡനം മൂലം നൃത്തപഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
എന്നാൽ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ! ഇന്ന് പലരും എന്നെ ഓർക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ കളിച്ച ഒരു സിനിമാറ്റിക് ഡാൻസിന്റെ പേരിലാണ്. കൊറിയോഗ്രാഫർ മറ്റാരുമല്ല, അമ്മ തന്നെ.
ഇനി ഭൂതകാലത്തിൽ നിന്നും അൽപം ഫാസ്റ്റ് ഫോർവേഡ് അടിക്കാം. ഇപ്പോൾ ഞാനൊരു വനിതാകോളെജിൽ ജേണലിസം അധ്യാപികയാണ്. അന്നും പതിവ് പോലെ ക്ലാസ്സൊക്കെ കഴിഞ്ഞ് ബസ്സിറങ്ങി ഞാൻ വീട്ടിലേക്ക് നടക്കുകയാണ്. കോട്ടൻ സാരി ഒക്കെ ഉടുത്ത് കയ്യിൽ ഫയലും തോളിൽ ബാഗും ഒക്കെയായി പക്കാ ലെക്ചറർ സ്റ്റൈലിൽ തന്നെ. എന്റെ കൂടെ രണ്ടു മൂന്നു സ്റ്റുഡനറ്സും ഉണ്ട്. ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റത്തെക്കുറിച്ച് അവരെ ബോധവല്ക്കരിച്ചുകൊണ്ട് ഞാൻ അങ്ങനെ പോകുകയാണ്.
അപ്പോൾ  എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു ചേച്ചി എതിരെ വന്നു. പെട്ടന്ന് എന്റെ കൈയ്യിൽ പിടിച്ചു ചോദിച്ചു:
"ദീപ അല്ലെ?"
"അതെ"
"പണ്ട് കൊട്ടേക്കാട് പള്ളീല് കുഞ്ഞിക്കിളിയേ കൂടെവിടെ ഡാൻസ് കളിച്ച ദീപയല്ലേ?"
സത്യം പറയാമല്ലോ. അന്ന് പ്ലിംഗ് എന്ന വാക്ക് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എങ്കിലും പിള്ളേരുടെ മുൻപിൽ വച്ചു ഞാൻ അപ്പോൾ ഭംഗിയായി പ്ലിങ്ങി.
ഞാൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
"ചേച്ചിക്ക് അതൊക്കെ ഇപ്പോഴും ഓർമയുണ്ടോ?"
"ഇല്ലാതെ പിന്നെ. അന്നത്തെ ഡാൻസ്....അടിപൊളിയായിരുന്നു."
എന്നെ പ്ളിങ്ങിച്ചതിലുള്ള സന്തോഷം കൊണ്ടാണോന്നറിയില്ല. ചേച്ചി ചിരിച്ചു.
ഏതായാലും അന്നെനിക്കൊരു സത്യം മനസ്സിലായി. ഞാനിനി ഇന്ത്യൻ പ്രസിഡന്റ്‌ ആയാലും പത്തിന്റെ കറൻസി നോട്ടിൽ പുലിക്കും കാണ്ടാമൃഗത്തിനും പകരം എന്റെ പടം വന്നാലും(നമുക്കിങ്ങനെ ചെറിയ ആഗ്രഹങ്ങളേ ഉള്ളൂ) അത്നോക്കി ഇത് ആ കുഞ്ഞിക്കിളിയേ കൂടെവിടെ കളിച്ച ക്ടാവല്ലേ എന്ന് പറയാൻ ആളുകൾ ഉണ്ടാകും

കടപ്പാട്: ഈയിടെ എന്റെ ടൈംലൈനിൽ ഈ കുഞ്ഞിക്കിളിപ്പാട്ട് ഷെയർ ചെയ്ത എന്റെ അയൽക്കാരിയും പ്രിയ സുഹൃത്തുമായ യുവതിക്ക്

8 comments:

  1. ഇതിന്റെ ഭീകരത മനസ്സിലാക്കണം എങ്കിൽ.....ആകാശദൂതിലെ പാട്ടിനു വരെ ഞാൻ സിനിമാറ്റിക് ഡാൻസ് കളിച്ചിട്ടുണ്ട് എന്ന സത്യം നിങ്ങൾ അറിയണം.>>

    സൂപ്പർ :)

    ReplyDelete
  2. വലിയ ചതിയായിപ്പോയി. ഒരു പദ്മാസുബ്രഹ്മണ്യത്തെയല്ലേ ഇന്‍ഡ്യയ്ക്ക് നഷ്ടമായത്. സാരമില്ല, ഇനിയും ശ്രമിക്കാവുന്നതേയുള്ളു. വീഡിയോ പോസ്റ്റ് ചെയ്യൂ! ആകാശദൂതിലെ പാട്ടിന്റെ സിനിമാറ്റിക് ഡാന്‍സ് ആയാലും സാരല്ല

    ReplyDelete
  3. ഹ ഹ ഹ മേരീ , എന്റെ വല്യേട്ടന്റെ മകൾ ഇതുപോലെ ഒരു ദിവസം അവളെ ഡാൻസ് ചിറ്റപ്പൻ ആണു പഠിപ്പിച്ചത് എന്ന് പറഞ്ഞ് എന്നെയും പ്ലിംഗിച്ചിരുന്നു
    ആട്ടെ ആഡാൻസിന്റെ ഒരു വിഡിയോ കിട്ടുമോ?
    :)

    ReplyDelete
    Replies
    1. ഹ ഹ. അന്ന് വിഡിയോ കല്യാണങ്ങൾക്ക് മാത്രേ ഉണ്ടായിരുന്നുള്ളൂ :D

      Delete