മുന്‍കുറിപ്പ് 1: ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തതാണ് ഈ പോസ്റ്റ്... . ഈ പോസ്റ്റ് എഴുതാന്‍ എന്നെ നിര്‍ബന്ധിച്ച, അഥവാ കൊച്ചു വെളുപ്പാന്‍കാലത്ത് സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങിയിരുന്ന എന്‍റെ 'സര്‍ഗാത്മകതയുടെ' തലയില്‍ നിര്‍ദയം ഒരു ബക്കറ്റ് വെള്ളം കോരി ഒഴിച്ച വ്യക്തിക്ക്........
മുന്‍കുറിപ്പ് 2: ഈ കഥയിലെ മറ്റു കഥാപാത്രങ്ങള്‍ ഇപ്പോള്‍ കുട്ടികളും കേട്ട്യോന്മാരുമായി സുഖമായി ജീവിച്ചിരിക്കുന്നുണ്ട്. അവരുടെ കുടുംബസമാധാനം തകര്‍ക്കുക എന്‍റെ ലക്ഷ്യമല്ല. ഈ പോസ്റ്റ് വായിച്ചു അവരുടെ ഭര്‍ത്താക്കന്മാര്‍ ചിരവയുമെടുത്ത് അവരെ ഓടിച്ചിടും എന്ന് പേടിയുള്ളതു കൊണ്ട്, സുരക്ഷയെ മാനിച്ചു മാത്രം അവരുടെ പേരുകള്‍ ഞാന്‍ മാറ്റിയിട്ടുണ്ട്.
പ്രിയ സുഹൃത്തുക്കളെ,
ഇത് വെറുമൊരു കഥയല്ല. പച്ചയായ ജീവിതമാണ്. ഉണ്ണിയേട്ടന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു കോമിക് ട്രാജഡി ആയ എന്‍റെ ജീവിതത്തില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത ഒരു ഏടാണ് ഇത്.
അതിപ്രശസ്തമായ ഒരു വനിതാകോളെജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായി ചേര്‍ന്ന്, കൊച്ചിരാജാവിലെ ദിലീപിനെ പോലെ ഞാന്‍ അടങ്ങി ഒതുങ്ങി ജീവിക്കുന്ന സമയം. ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കരുത് എന്ന ആത്മാര്‍ഥമായ ആഗ്രഹം ഒന്ന് കൊണ്ട് മാത്രം കലാസാംസ്കാരികപ്രവര്ത്തനങ്ങളി ല്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നു പഠിപ്പിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കുകയായിരുന്നു ഞാന്‍. . പക്ഷെ വിധിയുടെ ഓരോ വികൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍.!!!!!
അതിപ്രശസ്തമായ ഒരു വനിതാകോളെജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായി ചേര്‍ന്ന്, കൊച്ചിരാജാവിലെ ദിലീപിനെ പോലെ ഞാന്‍ അടങ്ങി ഒതുങ്ങി ജീവിക്കുന്ന സമയം. ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കരുത് എന്ന ആത്മാര്‍ഥമായ ആഗ്രഹം ഒന്ന് കൊണ്ട് മാത്രം കലാസാംസ്കാരികപ്രവര്ത്തനങ്ങളി
കോളേജ് ആര്‍ട്സ് ഫെസ്ടിവല്‍ നാടകമത്സരത്തിന്‍റെ തലേദിവസം സന്ധ്യക്ക് വീട്ടിലേക്കു ഒരു ഫോണ്‍കോള്‍.. അങ്ങേത്തലക്കല്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ആഞ്ജലീന ആണ്. "മേരി, നമ്മള്‍ ആകെ കുടുങ്ങി. നാടകമത്സരത്തിനു നമ്മള്‍ ഒരാവേശത്തിനു പേര് കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ പ്രാക്ടിസ് ചെയ്യാനൊന്നും നേരം കിട്ടിയില്ല. പങ്കെടുത്തില്ലെങ്കില്‍ മൈനസ് മാര്‍ക്കാ. സീനിയര്‍ ചേച്ചിമാര് വഴക്ക് പറയും. നീ ഒന്ന് സഹായിക്കണം. നാളെ വന്നു നമ്മുടെ നാടകത്തില്‍ അഭിനയിക്കണം."
ഞാന്‍ ഒരു നിമിഷം ഓര്‍ത്തു...ഈ കുട്ടി ഇത് എന്തറിഞ്ഞിട്ടാണാവോ ഈ പറയുന്നത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഒരു നാടകത്തിലഭിനയിച്ചതിന്‍റെ തന്നെ ക്ഷീണം മാറിയിട്ടില്ല. ഡയലോഗ് മറന്നു പോയി മിഴിച്ചുനിന്ന എന്നോട് "എന്താടി മിഴിച്ചു നോക്കുന്നെ" എന്ന് നായകന്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍റെ സൌന്ദര്യം കണ്ടു അങ്ങനെ നിന്നതാണ് ചേട്ടാ എന്ന് പറഞ്ഞു സ്റ്റേജില്‍ നിന്നും സ്കൂട്ടായ ആളാണ് ഞാന്‍ . ആ എന്നോടാണ്..... ഈശ്വരാ...ഞാന്‍ ഇതെങ്ങനെ സഹിക്കും?
ഞാന്‍ ഒരു അവസാനശ്രമം നടത്തി. "ഞാന്‍ തന്നെ വരണം എന്ന് നിര്‍ബന്ധമാണോ?"
"അതിനെന്താ? നമ്മള്‍ എല്ലാവരും ഉണ്ട്. ദീപികയും അനിതയും പ്രിയാവര്‍ഗീസും എല്ലാവരും. നീ ഈ അത്യാവശ്യഘട്ടത്തില്‍ കുലംകുത്തി ആവരുത്. പ്ലീസ്..." അങ്ങനെ ആ പ്രതീക്ഷയും നശിച്ചു.
അതൊക്കെ പോട്ടെ...ഏതു നാടകമാണ് നമ്മള്‍ കളിക്കുന്നത്?
"അത്........ആറാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്കില്‍ ഒരു കഥ ഉണ്ടെന്നു മറിയാമ്മ പറഞ്ഞു. ടെക്സ്റ്റ് ബുക്ക് ഒരു ദിവസത്തേക്ക് കടം തരാമെന്നു മരിയാമെടെ അയല്‍വീട്ടിലെ ആറാം ക്ലാസ്സുകാരി മിനിക്കുട്ടി സമ്മതിച്ചിട്ടുണ്ട്. ഏതോ ഒരു കര്‍ഷകന്‍റെ കഥയാണെന്നാ അവള്‍ പറയുന്നേ...എന്തായാലും മേരി ഒരു കാര്യം ചെയ്യ്....നാളെ ഒരു വെള്ള ഷര്‍ട്ടും വെള്ള മുണ്ടും തോര്‍ത്തും ഒക്കെയായി ഇങ്ങു പോര്. കര്‍ഷകന്‍റെ വേഷം നമുക്ക് കലക്കണം. ഏഴു മണിക്ക് കോളേജില്‍ എത്തണം. ഒമ്പത് മണിക്ക് മത്സരം തുടങ്ങും. ഞങ്ങള്‍ എല്ലാവരും അവിടെ ഉണ്ടാകും. അപ്പൊ ഒക്കെ പറഞ്ഞ പോലെ," ഇങ്ങനെ പറഞ്ഞു അവള്‍ ഫോണ്‍ വച്ചു.
കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു. പിറ്റേ ദിവസം ഏഴുമണിക്കേ കോളേജില്‍ എത്തി. പക്ഷെ, എന്ത് പറയാനാ. ബഷീര്‍ പറഞ്ഞപോലെ ഞാന്‍ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരും ഇല്ല. മറ്റു കഥാപാത്രങ്ങള്‍ ആരും എത്തിയിട്ടില്ല. അതുകൊണ്ട് കുറെ നേരം ഉറക്കം തൂങ്ങി അവിടെ ഇരുന്നു. എട്ടര ആയപ്പോഴേക്കും കഥാപാത്രങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. കൃത്യം ഒമ്പത് മണിക്ക് ആറാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കുമായി മറിയാമ്മ രംഗപ്രവേശം ചെയ്യുമ്പോള്‍ സ്റ്റേജില്‍ ആദ്യത്തെ നാടകം ആരംഭിച്ചിരുന്നു. നമ്മുടേത് മൂന്നാമാത്തെതോ നാലാമത്തേതോ ആണ്.
മറിയാമ്മ ടെക്സ്റ്റ് ബുക്ക് എന്‍റെ കൈയില്‍ വച്ചു തന്നു. "നീ ആ കഥ വായിച്ചു ഡയലോഗ് ഒക്കെ അങ്ങ് സ്വയം ഉണ്ടാക്കിക്കോ." അപ്പൊ കഥവായിക്കാനും ഡയലോഗ് ഉണ്ടാക്കാനും മേക് അപ്പ് ചെയ്യാനും ഒക്കെയായി കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍ ഉണ്ടാകും. എന്‍റെ കലാദേവതേ, ഞങ്ങളോട് പൊറുക്കണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു ടെക്സ്റ്റ് ബുക്ക് തുറന്നു ഞാന്‍ കഥാവായന തുടങ്ങി.
അമ്പോ...കഥ എഴുതിയത് ചില്ലറക്കാരനൊന്നും അല്ല. ലിയോ ടോള്‍സ്റ്റോയ്!
കഥ ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ ആണ്. കളിക്കുന്ന കുട്ടികള്‍ക്ക് എന്തോ ഒരു വലിപ്പമുള്ള സാധനം കിട്ടുന്നു. പക്ഷെ അതെന്താണെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. ഈ സാധനം എങ്ങനെയോ മന്ത്രിയുടെ കൈയില്‍ എത്തുന്നു. മന്ത്രി അത് രാജാവിനു കൊടുക്കുന്നു. രാജാവ് അതെന്താണെന്ന് പറയുന്നവര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്നു. അത് പരിശോധിക്കാന്‍ ഒരു കര്‍ഷകന്‍ വരുന്നു. പക്ഷെ അയാള്‍ക്കും അതെന്താണെന്ന് മനസ്സിലാകുന്നില്ല. അയാള്‍ അയാളുടെ പ്രായമായ അച്ഛനെ വിളിച്ചു കൊണ്ട് വരുന്നു. അദ്ദേഹവും പരാജയപ്പെടുന്നു. ഒടുക്കം ഈ അച്ഛന്‍ കര്‍ഷകന്‍റെ വളരെ പ്രായമായ അച്ഛനെ വിളിച്ചു വരുത്തുന്നു. ഇങ്ങേര്‍ക്ക് ഒരു പാട് പ്രായം ഉണ്ടെങ്കിലും അയാളുടെ മകനേക്കാളും കൊച്ചുമകനെക്കാളും ആരോഗ്യവാനാണ്. അയാള്‍.. ഈ സാധനം പരിശോധിച്ചതിനു ശേഷം അതൊരു നെല്‍മണി ആണെന്ന് രാജാവിനെ അറിയിക്കുന്നു. അയാളുടെ ചെറുപ്പകാലത്ത് ധാന്യങ്ങള്‍ക്കൊക്കെ ഇത്രയും വലിപ്പം ഉണ്ടായിരുന്നു എന്നും, ആളുകളുടെ മനസ്സിലെ നന്മയും അധ്വാനശീലവും കൊണ്ടാണ് അന്നത്തെ ധാന്യമണികള്‍ക്ക് അത്രയും വലിപ്പമെന്നും, കൂടാതെ അതാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നും പറയുന്നു.
ഇത്രയും ആണ് കഥ.
ഇതിലെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന മുതുമുത്തച്ചന്‍ കര്‍ഷകനായി അഫിനയിക്കാനാണ് എന്നെ വിളിച്ചിരിക്കുന്നത്. എനിക്ക് രണ്ടോ മൂന്നോ ഡയലോഗെ ഉള്ളൂ. പക്ഷെ അതല്ല പ്രശ്നം....ഏറ്റവും അധികം ഡയലോഗ് ഉള്ള രാജാവായി അഭിനയിക്കുന്ന പ്രിയാവര്‍ഗീസിനു തത്സമയം നടക്കുന്ന ലളിതഗാനമത്സരത്തിലും പങ്കെടുക്കാനുണ്ട്. അന്ന് അവള്‍ കിരീടവും അരപ്പട്ടയും ഒക്കെ കെട്ടി വാളും പിടിച്ചാണോ ലളിതഗാനം പാടിയതെന്ന് ഞാന്‍ ഇന്ന് കൃത്യമായി ഓര്‍ക്കുന്നില്ല.
എന്തായാലും അവളുടെ കാര്യം വിധിക്ക് വിട്ടു കൊടുത്തു ഞങ്ങള്‍ മേക് അപ്പിലേക്ക് കടന്നു. അപ്പോഴാണ് എനിക്ക് ഭയങ്കര കണ്‍ഫ്യൂഷന്‍!! !ഹിറ്റ്ലര്‍ മീശ വേണോ പതിനൊന്നു മീശവേണോ അതോ പഴുതാര മീശവേണോ? അവസാനം ഒരു വീരപ്പന്‍ മീശ ആകട്ടെ എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു. കുറച്ചു കണ്മഷി ചെലവായാലെന്താ...വീരപ്പന്‍ മീശ ആണെങ്കില്‍ ഒരു ലുക്കൊക്കെ ഉണ്ടാകും. അതെ സമയം എന്‍റെ കൊച്ചു മകനായി അഭിനയിക്കുന്ന അനിത ഒരു ബുള്‍ഗാന്‍ താടി വരക്കാനുള്ള തത്രപ്പാടിലാണ്. മീശവരപ്പിനു ശേഷം ഞാന്‍ കുറച്ചു ഡയലോഗുകള്‍ സ്വന്തമായി ഉണ്ടാക്കി പഠിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കൊച്ചുമകന്‍ അതാ ഒരു വശത്ത് മാത്രം താടിയുമായി നില്‍ക്കുന്നു! "ബുള്‍ഗാന്‍ ശരിയായില്ലെടോ. മുകളിലേക്ക് പരത്തി താടി ആക്കാന്‍ നോക്കിയതാ..കണ്മഷി തീര്‍ന്നു പോയി...." എന്തായാലും ഒരു ഹാഫ് താടിക്കാരന്‍ കര്‍ഷകന്‍റെ മുത്തച്ചനായി അഭിനയിക്കാന്‍ എനിക്ക് മടിയൊന്നും തോന്നിയില്ല. കഴുത്തോളം മുങ്ങിയാല്‍ കുളിരില്ല എന്നാണല്ലോ.
അപ്പോഴാണ് പുതിയൊരു പ്രശ്നം. കഥയിലെ കുട്ടികളായി അഭിനയിക്കാന്‍ ആരും ഇല്ല! എല്ലാത്തിനും ഒരു പരിഹാരമുണ്ടല്ലോ. തൊട്ടു മുന്‍പത്തെ നാടകം തുടങ്ങുന്നതിനു മുന്‍പ് സ്റ്റേജിന്‍റെ താഴ്ന്നു കിടക്കുന്ന കര്‍ട്ടനുകള്‍ക്കിടയിലൂടെ ഒരു ഞങ്ങളുടെ ഒരു കഥാപാത്രത്തിന്‍റെ തല പതുക്കെ കാഴ്ചക്കാരുടെ മുന്‍പിലേക്ക് നീണ്ടു. ആ തലയിലെ രണ്ട് കണ്ണുകള്‍ കാഴ്ച്ചക്കാരെ മൊത്തം സ്കാന്‍ ചെയ്തു. ഒടുക്കം ആ കണ്ണുകള്‍ നാടകം കാണാനിരിക്കുന്ന ഞങ്ങളുടെ ക്ലാസ്സിലെ ആശാലക്ഷ്മിയെയും പ്രിയംവദയെയും കണ്ടു പിടിച്ചു. കര്‍ട്ടനിടയില്‍ നിന്നു ഒരു കൈ കൂടി പുറത്ത് വന്നു. ആ തലയും ആ കൈയും ഗോഡ്ഫാതര്‍ സിനിമയിലെ ബോധം കേട്ട ശങ്കരാടിയെപ്പോലെ അവരെ സ്റ്റേജിന്‍റെ പിറകിലേക്ക് ക്ഷണിച്ചു. അനന്തരം അവര്‍ കുട്ടികളായി അഭിനയിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തു.
അങ്ങനെ ഇരിക്കുമ്പോള്‍ ഞങ്ങളുടെ നമ്പര്‍ അനൌണ്‍സ് ചെയ്തു. ആകെ ഓട്ടവും പാച്ചിലും. എല്ലാ കഥാപാത്രങ്ങളും സ്റ്റേജിനു പിന്നില്‍ റെഡി. അടുത്ത പ്രശ്നം. നാടകത്തിന്‍റെ പേരെന്താണെന്ന് അനൌണ്‍സര്‍ ചോദിക്കുന്നു. കഥാപാത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അതിപ്പോ എന്താ പറയാ?
"അങ്ങനെ ഒന്നും ഇല്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിട്ടോ," അത് രാജാവിന്‍റെ വക. അനൌണ്‍സര്‍ ഇടിവെട്ട് കൊണ്ട പോലെ നില്‍ക്കുകയാണ്. പക്ഷെ ഞങ്ങള്‍ക്ക് ഒരു കുലുക്കവും ഇല്ല.
"ഒരു കാര്യം ചെയ്യ്. പേര് ധാന്യം എന്നിട്ടോ. കിടക്കട്ടെ. ധാന്യം." ഒരു കഥാപാത്രം അങ്ങനെ പ്രശ്നം തീര്‍ത്തു.
കര്‍ട്ടന്‍ ഉയര്‍ന്നു, നാടകം തുടങ്ങി. എന്‍റെ ഊഴം വന്നു.
ആ നാടകത്തിലെ ഏറ്റവും സുപ്രധാനമായ ഡയലോഗ് പറയേണ്ടത് ഞാനാണ്. അത് ഇപ്രകാരമാണ്: "രാജാവേ, ഇതൊരു നെല്‍മണി ആണ്."
പക്ഷെ വിധി അവിടെയും എന്നെ തോല്‍പ്പിച്ചു. കൃത്യസമയത്ത് തന്നെ വീണു വെള്ളി! അത് ഇങ്ങനെ ആയിപ്പോയി: "രാജാവേ, ഇതൊരു നെല്‍മളി..........."
അത് കേട്ട് ഞെട്ടിയ രാജാവിന്‍റെ മുഖം കണ്ടു എനിക്ക് ഭീകരമായി ചിരിവന്നു. ഞാന്‍ ഏതു നിമിഷവും ഫ്രണ്ട്സിലെ ശ്രീനിവാസന്‍ ആയി നിര്‍ത്താതെ ചിരി തുടങ്ങും എന്ന് മനസ്സിലായ രാജാവ്, മുഖത്ത് ഒരു ദയനീയഭാവം വരുത്തി, അരുത് മേരീ, അരുത്, എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി പതുക്കെ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു. ഞാന്‍ എങ്ങനെയോ ആ ഡയലോഗ് മുഴുവന്‍ പറഞ്ഞു അവിടെ നിന്നു രക്ഷപ്പെട്ടു.
ഇനിയാണ് ക്ലൈമാക്സ്. മുത്തച്ചന്‍കര്‍ഷകന്‍റെ വിശദീകരണം കേട്ട് ചിന്താകുലനായി നില്‍ക്കുന്ന രാജാവിന്‍റെ മുന്‍പില്‍ കര്‍ട്ടന്‍ വീഴുന്നു. അങ്ങനെയാണ് നാടകം അവസാനിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ നാടകം തീര്‍ന്ന കാര്യം കര്‍ട്ടന്‍ ഇടുന്ന ആള്‍ക്ക് മനസ്സിലായില്ല. രാജാവാണെങ്കില്‍ കര്‍ട്ടനിടുന്നതും കാത്തു കുറെ നേരമായി ചിന്താകുലനായി നില്‍ക്കുന്നു. അവസാനം ക്ഷമ നശിച്ചു രാജാവ് സ്റ്റേജില്‍ ഉലാത്താന്‍ തുടങ്ങി. ഉലാത്തി ഉലാത്തി കര്‍ട്ടനിടുന്ന ആളുടെ അടുത്തെത്തുമ്പോള്‍ പല്ലുകടിച്ച് താഴ്ന്ന ശബ്ദത്തില്‍ 'കര്‍ട്ടനിട്, കര്‍ട്ടനിട് പ്ലീസ്...' എന്ന് പറയുന്നുണ്ട്. പക്ഷെ ആര് കേള്‍ക്കാന്‍?
ഒടുവില്‍ രാജാവിന് ആ ക്രൂരകൃത്യം ചെയ്യേണ്ടി വന്നു. രാജാവ് സ്റ്റേജിന്‍റെ ഒത്ത നടുക്കുനിന്ന് തിരിഞ്ഞു അമ്പു വിട്ട പോലെ ഒരോട്ടം വച്ചു കൊടുത്തു!
നാടകത്തിന്‍റെ ഹതഭാഗ്യരായ ജഡ്ജസ്സില്‍ ഒരാള്‍ ഞങ്ങളുടെ സാറായിരുന്നു. പ്രധാനകഥാപാത്രത്തിന്‍റെ ഓട്ടം കണ്ടു സ്റ്റേജില്‍ തീപിടിത്തം ഉണ്ടായി എന്ന് തെറ്റി ധരിച്ചു സാറും സ്റ്റേജിന്‍റെ പുറകിലേക്ക് ഓടിയെത്തി. കൂട്ടച്ചിരിക്കിടയില്‍ സംഭവം എന്താനിന്നു സാറിനു വിശദീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.
അതൊരു വിമന്‍സ് കോളേജ് ആയതു കൊണ്ടും മലയാളം നാടകമത്സരത്തിനു കാഴ്ചക്കാര്‍ അധികം ഇല്ലാതിരുന്നത് കൊണ്ടും മാത്രം ഞങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു.
അതൊരു വിമന്‍സ് കോളേജ് ആയതു കൊണ്ടും മലയാളം നാടകമത്സരത്തിനു കാഴ്ചക്കാര്‍ അധികം ഇല്ലാതിരുന്നത് കൊണ്ടും മാത്രം ഞങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു.