Wednesday, November 23, 2011

അതിഥി


സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരു പതിനേഴുകാരി ആണ്. മധുരപ്പതിനെഴു ഒന്നും അല്ല. ഒരു വിത്തൌട്ട് പതിനേഴു എന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ഒരു ദിവസം ചുമ്മാ എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരം രാക്ഷസി എന്ന് മൂളിപ്പാട്ട് ഒക്കെ പാടി ചുരിദാര്‍ കൊണ്ട് അലക്കുകല്ലില്‍ ടപ്പേ ടപ്പേന്നു താളമിട്ടു അലക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.. സമയം ഏകദേശം സന്ധ്യ ആവാരായിട്ടുണ്ട്.
ഇവള്‍ടെ പരിപാടി ഇത് വരെ കഴിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ അടുത്ത വീടിലെ അമ്മൂമ്മ വാതിലിലൂടെ തല നീട്ടി നോക്കുകയും അനന്തരം തല പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാന്‍ ആത്മാര്‍ഥമായി അലക്കുകയാണ് .
പെട്ടന്നാണ് അത് സംഭവിച്ചത്. ആകാശത്ത് നിന്നു ഒരു ഇരമ്പം. ചുറ്റും നില്‍ക്കുന്ന മരങ്ങളെല്ലാം കൊടുംകാറ്റ് അടിച്ച പോലെ ആടി ഉലയുന്നു. എന്താണതു ?.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല! എന്‍റെ മുന്നില്‍ അതാ ഒരു ഹെലികോപ്ടര്‍ താഴ്ന്നിറങ്ങുന്നു. നില്കണോ അതോ ഓടണോ എന്ന് ഒരു തീരുമാനം എടുക്കാനാവാതെ അലക്കുന്ന തുണിയും പിടിച്ചു ഞാന്‍ അങ്ങനെ നില്‍ക്കുകയാണ്.
ഹെലികോപ്ടറിന്റെ പുറത്തു എന്തോ എഴുതിയിട്ടുണ്ടല്ലോ. അതേ. 007. അതു തന്നെ.
ഇതാരപ്പാ എന്‍റെ വീടിന്റെ പിന്നില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ഒരു 007 ? നോക്കിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ഞാന്‍ അവിടെ തന്നെ നിന്നു.
ഹെലികോപ്ടര്‍ പതുക്കെ നിലത്തിറങ്ങി. അതിന്റെ വാതില്‍ തുറന്നു കറുത്ത കോട്ട് ഇട്ടു സണ്‍ഗ്ലാസ്‌ വച്ച ഒരാള്‍ ഇറങ്ങി.
എന്റമ്മേ!
ആരാ ഇത്! സന്തോഷം കൊണ്ട് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് തോന്നി.
ഇന്നലെ കണ്ട ഡൈ അനദര്‍ ഡേ യിലെ അതേ ജെയിംസ്‌ ബോണ്ട്‌!
ഹെലികോപ്ടറിന്റെ പങ്ക തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ അസ്തമയസൂര്യന്‍. അതാ ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ എന്‍റെ നേരെ നടന്നു വരുന്നു. ഞാന്‍ ഇങ്ങനെ വായും പൊളിച്ചു നോക്കി നില്‍ക്കുകയാണ്.
ജെയിംസ്‌ ബോണ്ട്‌ എന്നെ നോക്കി ചിരിച്ചു.
"എന്നെ മനസ്സിലായോ?"
എ? ജെയിംസ്‌ ബോണ്ട്‌ മലയാളം പറയുമോ? പറയുമായിരിക്കും.
"ഉവ്വ്. ജെയിംസ്‌ ബോണ്ടല്ലേ? ഞാന്‍ ഡൈ അനദര്‍ ഡേ ദാ ഇന്നലെ കണ്ടേ ഉള്ളൂ."
"എങ്കില്‍ ഞാന്‍ വന്ന വിവരം ആരോടും പറയരുത്. ഒരു സീക്രട്ട് ഒപരേഷന് വേണ്ടി ഇന്ത്യയില്‍ വന്നതാണ്‌."
"ഏയ്‌ ഞാന്‍ ആരോടും പറയില്ല. അമ്മചിയാനെ ആരോടും പറയില്ല. ചേട്ടന്‍ അകത്തേക്ക് വന്നാട്ടെ" ഞാന്‍ ജെയിംസ്‌ ബോണ്ടിനെ വീടിനകട്ടെക്ക് ക്ഷണിച്ചു
വീട്ടില്‍ കയറിയ ജെയിംസ്‌ ബോണ്ട്‌ കസേരയില്‍ ഇരുന്നു പോക്കെറ്റില്‍ നിന്നു ഒരു റിവോള്‍വര്‍ പുറത്തെടുത്തു ഒന്നും മിണ്ടാതെ ഒരു കര്‍ചീഫ്‌ കൊണ്ട് തുടക്കാന്‍ തുടങ്ങി.
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല.
"ജെയിംസ്‌ ചേട്ടന് എന്താ കഴിക്കാന്‍ വേണ്ടേ ? ഞങ്ങടെ നാട്ടില്‍ ചേട്ടന്റെ പേരില്‍ ഒരു പലഹാരം ഉണ്ട്. ബോണ്ട. നല്ല ടേസ്റ്റ് ആണ്. ഇവിടെ ഉണ്ട്. എടുക്കട്ടെ?"
"വേണ്ട"
പിന്നെ ഇയാള്‍ എന്താവും തിന്നുക? സായിപ്പുമാര് തിന്നുന്ന ഒന്നും ഇവിടെ ഇല്ലല്ലോ ഈശ്വരാ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ബോണ്ട്‌ എന്നോട് ചോദിച്ചു
'ഹോര്‍ലിക്സ് ഇരിപ്പുണ്ടോ?'
'എ?'
'ഹോര്‍ലിക്സ്?'
'ആ. ഹോര്‍ലിക്സ് ഉണ്ട് ഹോര്‍ലിക്സ് ഉണ്ട്. ദാ ഇപ്പൊ എടുക്കാം'
ഞാന്‍ വേഗം അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസില്‍ പാലും ഹോര്‍ലിക്സ് കുപ്പിയും എടുത്തു ജെയിംസ്‌ ബോണ്ടിന്റെ മുന്നില്‍ വച്ചു.
ഇനി എന്താ നടന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എനിക്കുറപ്പാ.
എനിക്ക് പാല് വേണ്ട. എനിക്ക് ഹോര്‍ലിക്സ് തന്നെ തിന്നുന്നതാ ഇഷ്ടം എന്ന് പറഞ്ഞു ചുള്ളന്‍ ഹോര്‍ലിക്സ് കുപ്പി തുറന്നു. കൈയ്യിട്ടു ഒരു പിടി ഹോര്‍ലിക്സ് വാരി എടുത്തു തിന്നു തുടങ്ങി.
ഞാനാകട്ടെ ജെയിംസ്‌ ബോണ്ട് എന്‍റെ വീട്ടിലിരുന്നു ഹോര്‍ലിക്സ് തിന്നുന്ന രംഗം മനം കുളിര്‍ക്കെ കണ്ടു കൊണ്ട് നിന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. പെട്ടന്നാണ് ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്‍ കേട്ട പോലെ ഒരു അശരീരി കേട്ടത്
'ഇദി വാര്‍ത്താഹ'
നോക്കുമ്പോള്‍ ഹോര്‍ലിക്സും ഇല്ല ബോണ്ടും ഇല്ല. ആകാശവാണിയില്‍ സംസ്കൃതം വാര്‍ത്ത‍ കഴിഞ്ഞ ശബ്ദമാണ് കേട്ടത്.
എല്ലാം ഒരു സ്വപ്നം. ഹോ ! എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം!
നേരം പരപരാ വെളുത്തിരിക്കുന്നു. ഇന്നും കോളേജില്‍ പോണം. ക്ലാസ്സിലിരിക്കണം. ബസ്സിലെ ഇടി കൊണ്ട് തിരിച്ചു വരണം. ഹോംവര്‍ക്ക് ചെയ്യണം. ശരിക്കും ഡൈ അനദര്‍ ഡേ!!!