Tuesday, April 5, 2011

ചില്ലറപ്പൈസ

ഞാന്‍ അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടിയായി വളരണമെന്ന
എന്‍റെ അമ്മയുടെ ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് എന്നെ എന്‍റെ ഗ്രാമമായ കുറ്റൂര്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ പട്ടണത്തിലെ
സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ആക്കിയത് . കുറ്റൂര്‍ നിന്നും തൃശൂര്‍ എത്തുക എന്നത് സ്വന്തമായി വണ്ടി ഇല്ലാത്തവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ഇരുപതോ മുപ്പതോ മിനിറ്റ് ബസ്‌സ്റ്റോപ്പില്‍ കാത്തുനിന്നാല്‍ വരുന്ന ബസിന്റെ പടിയിലെങ്കിലും ഒരു കാല്‍ വയ്ക്കാനായാല്‍ സുകൃതം എന്ന് കരുതണം . കാരണം തമിഴ്നാടില്‍ ഓടുന്ന ലൂനയുടെ ഹാന്‍ഡില്‍ ബാറില്‍ തലകുത്തനെ തൂങ്ങിക്കിടക്കുന്ന ബ്രോയിലെര്‍ കോഴികളെ പോലെ ബസിന്റെ രണ്ട് വാതില്‍ക്കലും ആളുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും.
അങ്ങനെ തൂങ്ങിക്കിടന്നാണ് അടക്കവും ഒതുക്കവും പഠിക്കാന്‍ ഞാന്‍ നിത്യവും സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. സത്യം പറഞ്ഞാല്‍ ടെക്സ്റ്റ്‌ ബുക്കിലെ വാഗണ്‍ ട്രാജഡിയുടെ ടെമോന്‍സ്ട്രെഷന്‍ ആയിരുന്നു സ്കൂളിലേക്കുള്ള ബസ്‌ യാത്ര. എത്തിയാല്‍ എത്തി എന്ന് പറയാം. മാത്രമല്ല വെറും 35കിലോ ഭാരമുണ്ടായിരുന്ന എനിക്ക് പന്ത്രണ്ടു വിഷയങ്ങളുടെ ടെക്സ്റ്റുകളും അതിന്റെ ഒക്കെ നോട്ടുകളും അടങ്ങിയ ബാഗും തൂക്കിപ്പിടിച്ച് ബസില്‍ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.

നമ്മള്‍ കുരങ്ങന്മാരുടെ പിന്‍ഗാമികലാണെന്ന ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെന്ന് സ്ഥാപിക്കുന്നത് ബസില്‍ നില്‍ക്കുംബോഴാനെന്നു എനിയ്ക്ക് തോന്നാറുണ്ട്. നമ്മുടെ അപ്പൂപ്പന്‍മാരുടെ വിദ്യകളില്‍ പലതും ബസ് യാത്രയില്‍ നമുക്കുപകരിക്കും. ഒരു ഭാഗത്ത്‌ നിന്ന് മറ്റൊരു ഭാഗത്ത് എത്താന്‍ നമ്മള്‍ ഉരാന്‍ഗ് ഉട്ടാന്‍ കുരങ്ങനെ പോലെ ബസിന്റെ മുകളിലുള്ള കമ്പികളില്‍ തൂങ്ങിയല്ലേ നമ്മള്‍ പോകുന്നത്?

അങ്ങനെ തൂങ്ങിയതിന് ഒരു ദിവസം ഞാന്‍ ശരിക്കും 'തൂങ്ങി' .

സംഭവം ഇങ്ങനെ. ഞാന്‍ സ്കൂളില്‍ നിന്നും തിരിച്ചു വരികയാണ് . വൈകുന്നേരം ആയതു കൊണ്ട് ബസില്‍ വലിയ തിരക്കില്ല. എനിക്കിറങ്ങാനുള്ള സ്റ്റോപ്പിനു തൊട്ടു മുന്‍പുള്ള സ്റ്റോപ്പില്‍ നിന്നും ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ ഡ്രൈവറുടെ തൊട്ടു പിറകില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഇനി വാതിലിനടുത്ത്തെത്താന്‍ കുറച്ചു പണിയുണ്ട്. കഷ്ടിച്ച് മുകളിലുള്ള കമ്പിയില്‍ തൂങ്ങിക്കിടക്കാനുള്ള ഉയരമേ എനിക്കുള്ളൂ. അതുകൊണ്ട് നേരത്തെ തന്നെ തോളില്‍ ബാഗ് തൂക്കിയിട്ടു ഞാന്‍ പതുക്കെ എഞ്ചിന്‍ ബോക്സിനു പിറകില്‍ വന്നു നിന്നു. വാതിലിനടുത്ത് കുത്തനെ വച്ചിട്ടുള്ള കമ്പിയില്‍ പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ബാലന്‍സ് കിട്ടുമായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ ആ കമ്പിയില്‍ ചാരിനിന്നു കണ്ടക്ടര്‍ പൈസ പിരിക്കുകയാണ്. എന്ത് ചെയ്യും.
അപ്പോഴാണ് ഞാന്‍ ഞെട്ടലോടെ ഒരു കാര്യം ഓര്‍ത്തത്. എന്‍റെ സ്റ്റോപ്പിനു തൊട്ടു മുന്‍പ് ഒരു കൊടും വളവു ഉണ്ട്. ബസ്‌ ആണെങ്കില്‍ നല്ല സ്പീഡിലും. ഇപ്പോഴുള്ള അവസ്ഥയില്‍ വീഴാതെ നില്‍ക്കുക പ്രയാസമാണ്. ദേ വരുന്നു വളവു. ഞാന്‍ എന്തും നേരിടാന്‍ തയ്യാറായി ധൈര്യം ഭാവിച്ചു നിന്നു. ഇതാ ബസ്‌ ഒരു ഒന്നൊന്നര വളവു വളയുന്നു . എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
ടമാര്‍...............പടാര്‍....ടിഷ്യും ....................ച്ലും............ച്ലും..........ച്ലും ...........
വളവു കഴിഞ്ഞു . കൊമ്പസ്സില്‍ വച്ച പെന്‍സില്‍ പോലെ 180ഡിഗ്രീ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങി പഴയ പൊസിഷനില്‍ വന്നു നിന്നിട്ടെ ഉള്ളൂ ഞാന്‍. എന്‍റെ തൊട്ടടുത്ത് പഴയ പൊസിഷനില്‍ കണ്ടക്ടര്‍.
അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്. കണ്ടക്ടറുടെ മുഖത്ത് മറ്റൊരു കണ്ടക്ടറുടെ മുഖത്തും ഇന്ന് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭാവം....നിസ്സഹായത....നിസ്സഹായതയ്ടെയും പകപ്പിന്റെയും ആള്‍രൂപമായി കണ്ടക്ടര്‍ എന്നെ നോക്കുന്നു . ആ ഭാവം പതുക്കെ രൌദ്രത്തിന് വഴി മാറുന്നുണ്ട്.
എന്താ സംഭവിച്ചത്? കണ്ടക്ടറുടെ ഒഴിഞ്ഞ കൈകള്‍. പൈസ പിരിക്കുന്ന കറുത്ത ബാഗ് അതാ എഞ്ചിന്‍ ബോക്സിനു മുകളില്‍ മലച്ചു കിടക്കുന്നു . കാക്കത്തൊള്ളായിരം ചില്ലറപ്പൈസകള്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കുന്ന ചേച്ചിമാരുടെ മടിയില്‍ ചിതറിക്കിടക്കുന്നു .
എനിക്ക് പതുക്കെ കാര്യം മനസ്സിലായി. സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങിയപ്പോ എന്‍റെ ബാഗുകൊണ്ട് ഞാന്‍ ഇടിച്ചു തെറിപ്പിച്ചതാണ്‌ അദ്ദേഹതിന്റെ ചില്ലറ ബാഗ്‌.

എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ.

അപ്പോഴേക്കും എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. കണ്ടക്ടര്‍ ഷോക്ക്‌ അടിച്ച പോലെ അങ്ങനെ തന്നെ നില്‍ക്കുകയാണ് . ബോധം തിരിച്ചു കിട്ടിയാല്‍ അയാള്‍ എന്നെ ഒറ്റ ചവിട്ടിനു ബസിനു പുറത്തെക്കിടുമെന്നു തോന്നി.
അപ്പോള്‍ എന്ത് ചെയ്യണമെന്നു അറിയാതെ നില്‍ക്കുന്ന എന്നോട് കിളി പറഞ്ഞു വേഗം ഇറങ്ങിക്കോ. വേഗം ഇറങ്ങിപ്പോക്കോ.


ഞാന്‍ ജീവനും കൊണ്ട് ബസില്‍ നിന്നും ചാടി ഇറങ്ങി ഓടി.