ബ്രുട്ട്: അമ്മയുടെ വീട്ടില്‍ പള്ളിപ്പെരുന്നാള്‍. രാവിലെ പള്ളിയില്‍ പോകുമ്പോള്‍ എല്ലാവര്ക്കും ഒരേ ഗന്ധം. ഏശച്ചന്റെ മേശമേല്‍ ഇരിക്കുന്ന മാലയിട്ട പച്ചക്കുപ്പിയിലെ അതെ ഗന്ധം.(ഏശച്ചന്‍ യേശുദാസ് എന്ന് പേരുള്ള എന്‍റെ ഇളയ അമ്മാവനാണ്. പക്ഷെ എന്‍റെ മേമ അതായതു ഏശച്ചന്റെ ചേച്ചി അടുക്കളെന്നു "ഡാ യേശ്വോ , ചന്തെന്നു കൊറച്ചു ഒണക്കമീന്‍ വാങ്ങി കൊണ്ട് വാടാ" എന്ന് വിളിച്ചു പറയുന്ന കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇദു.)
ലൈഫ് ബോയ് : തറവാട്ടിലെ പഴയ ഇരുണ്ട കുളിമുറി. കുളിമുറിക്കു പുറത്തു ചുവന്നചാമ്പയ്ക്കകള്‍ പൊങ്ങി ക്കിടക്കുന്ന കറുത്ത വെള്ളമുള്ള കിണര്‍. കരണ്ട് പോയാല്‍കത്തിക്കുന്ന മണ്ണെണ്ണ വിളക്ക്. നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം എന്ന ഭക്തിഗാനംകേള്‍ക്കുമ്പോള്‍ വെറുതെ പേടിക്കുന്ന ഒരു നാലുവയസ്സുകാരി ഞാന്‍
യു ഡി കൊളോണ്‍: എഴാം ക്ലാസ്സിലെ ഹിന്ദി പരീക്ഷ. ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷഎഴുതിതീര്‍ത്ത് പേപ്പര്‍ മടക്കി ഇരിക്കുന്ന ഞാന്‍ . തൊട്ടു അപ്പുറത്തിരിക്കുന്ന പത്താംക്ലാസ്സുകാരി ചേച്ചിയുടെ മലയാളം II പേപ്പറില്‍ ഭാവന വിരിയുന്നത് വായിച്ചു രസിക്കുന്നു
ചന്ദ്രിക സോപ്പ്: അയല്‍വീടിലെ ചാണകം മെഴുകിയ വരാന്ത. അവിടെ കൂട്ടിനു ഷെര്‍ലക്ക്ഹോംസ്, അഗത ക്രിസ്റ്റി, കോട്ടയം പുഷ്പനാഥ്, മെഴുവേലി ബാബുജി. ഞാവല്‍പ്പഴങ്ങള്‍, ഉപ്പു കൂട്ടിത്തിന്ന മൂവാണ്ടന്‍ മാങ്ങകള്‍ .
റോയല്‍ മിറാഷ്: ഞാന്‍ എന്നെത്തന്നെ പറഞ്ഞു പറ്റിച്ച ഒരു നുണക്കഥ. അപ്പയുടെ വലിയതൂവാലകള്‍
മെഡിമിക്സ് : നീണ്ട ഒരു വീട്ടു തടങ്കല്‍. ഉമ്മറത്തിരുന്നു കറുത്ത കണ്ണടയിലൂടെനോക്കുമ്പോള്‍ കാണുന്ന ചലിക്കുന്ന ലോകം.
ഇവ ഡിയോടെരന്റ്റ് : യുനിവേര്സിടി ലേഡീസ് ഹോസ്റ്റല്‍. മഞ്ഞപ്പൂക്കള്‍ കൊഴിയുന്നമരത്തിലേക്ക് തുറക്കുന്ന ഒരു ജന്നല്‍, ആരുടെയൊക്കെയോ കണ്ണീര്‍ വീണു മരവിച്ച ഒരുമുറിയുടെത്.
യാര്‍ഡ്‌ലി: ചെന്നൈ ലോക്കല്‍ ട്രെയിനില്‍ നീണ്ട യാത്രകള്‍. തീരെ ഇഷ്ടം തോന്നാത്ത മഴകള്‍. സബ്‌വേകള്‍, വഴിവാണിഭക്കാര്‍ . ഭിക്ഷക്കാര്‍. പൊടി പിടിച്ച പഴയ ഇംഗ്ലീഷ് നോവലുകള്‍. നീണ്ട നടത്തങ്ങള്‍. അറിയാത്ത വഴികള്‍.
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍: ഞാന്‍ എടുത്തു കൊണ്ട് നടന്ന ഇപ്പോള്‍ ഹൈസ്കൂളിലുംകോളേജിലും പോകുന്ന കുഞ്ഞുങ്ങള്‍.
മുല്ലപ്പൂക്കള്‍: കോയമ്പത്തൂരില്‍ നിന്നും അമ്മ കൊണ്ട് വരുന്ന വലിയ മുല്ലമാലകള്‍. യാതൊരു ആവശ്യവും ഇല്ലാതെ അതും മുടിയില്‍ വച്ചു സ്കൂളില്‍ പോകുന്ന ഞാന്‍
ആക്സ് ഇഫ്ഫെക്റ്റ്: അനിയന്റെ മുറി. ശ്വാസതടസ്സം
പാലപ്പൂ : യുനിവേര്സിടിയിലെ ക്രോനിക്ല്‍ രാത്രികള്‍. പിന്നെ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു പാതിരക്ക് ഹോസ്റ്റലില്‍ പോകുമ്പോള്‍ കൂട്ടിനു ക്യാമ്പസ് നിറച്ചും പൂത്തു നില്‍ക്കുന്ന പാലപ്പൂക്കളുടെ കടുത്ത ഗന്ധവും
സൈക്കിള്‍ അഗര്‍ബത്തി: മരണം, ജനക്കൂട്ടം, ഉഷ്ണം, കരച്ചില്‍...പാട്ട് പ്രാര്‍ത്ഥന, പിന്നെ ഇടവിട്ട നിശബ്ദതയില്‍ അകന്നു പോകുന്ന മണിമുഴക്കങ്ങള്‍
സൈക്കിള്‍ അഗര്‍ബത്തി: മരണം, ജനക്കൂട്ടം, ഉഷ്ണം, കരച്ചില്‍...പാട്ട് പ്രാര്‍ത്ഥന, പിന്നെ ഇടവിട്ട നിശബ്ദതയില്‍ അകന്നു പോകുന്ന മണിമുഴക്കങ്ങള്‍
ഓര്‍മകള്‍ അവസാനിക്കുന്നില്ല, ഗന്ധങ്ങളും. ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ അവ ഓര്‍മകളെ നമ്മുടെ മുന്നില്‍ കൊണ്ട് നിര്‍ത്തും. എത്ര വേഗത്തില്‍ ഓടുകയാനെങ്കിലും തിരിഞ്ഞു നോക്കാതിരിക്കാനാവില്ല.