Monday, September 23, 2013

എന്തുനൃത്തത്തിന്റെ ഉദ്ഭവകഥ

കേരളത്തിന്റെ മഹത്തായ ഒരു തനതുകലാരൂപമാണ് എന്തുനൃത്തം. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ആണ് ഈ മഹത്തായ കലാരൂപം ജനനം കൊണ്ടത്. എന്തുനൃത്തത്തിന്റെ ജനനത്തിനു സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. 
നമ്മുടെ സംസ്കാരത്തിന്റെ അമൂല്യസ്വത്തായ എന്തുനൃത്തത്തിനു പക്ഷെ അര്‍ഹിക്കുന്ന അംഗീകാരമോ പ്രോത്സാഹനമോ ലഭിച്ചില്ല എന്നത് വളരെ ഖേദകരമായ വസ്തുതയാണ്. അതുകൊണ്ടാണ് എന്റെ മാന്യവായനക്കാരില്‍ ഒരാള്‍ക്ക്‌ പോലും എന്തുനൃത്തം എന്താണെന്ന് തന്നെ അറിയാതെ പോയത്.
എന്നാല്‍ എന്തുനൃത്തത്തിന്റെ ഉദ്ഭവത്തിന് സാക്ഷികളായ അപൂര്‍വരില് ഒരാള്‍ എന്ന നിലക്ക് ഈ കലാരൂപത്തിന് അര്‍ഹിക്കുന്ന പ്രചാരണം നല്‍കേണ്ടത് എന്റെ കടമയായി ഞാന്‍ കരുതുന്നു. അതിനു വേണ്ടിയാണ് ഈ കുറിപ്പ്.
കൂത്തിന് മാര്‍ഗ്ഗഭ്രംശം സംഭവിച്ചു ഓട്ടന്‍തുള്ളല്‍ ഉദ്ഭവിച്ചത് പോലെ കേരളത്തിന്റെ ജനകീയകലാരൂപമായ സിനിമാറ്റിക് ഡാന്‍സില്‍ നിന്നാണ് എന്തുനൃത്തത്ത്തിന്റെ ജനനം. പിന്നീട് കേരളത്തിലെ കാമ്പസ്സുകളില്‍ സിനിമാറ്റിക് ഡാന്‍സ്നിരോധിച്ചത് എന്തുനൃത്തത്ത്തിന്റെ വളര്‍ച്ചക്കും തടസ്സമായി എന്നുവേണം കരുതാന്‍..
തൃശ്ശൂര്‍ നഗരപ്രാന്തത്തിലെ പ്രശസ്തമായ ഒരു വനിതാ കോളേജാണ് എന്തുനൃത്തത്തിന്റെ ജനനത്തിനു വേദിയായത്. ‘കോളേജില്‍ പോയാല്‍ പ്രിന്സിപാള്‍ വഴക്ക് പറയും ക്ലാസ്സില്‍ പോയാല്‍ ടീച്ചര്‍മാര്‍ വഴക്ക് പറയും പള്ളിയില്‍ പോയാല്‍ അച്ചന്‍ വഴക്ക് പറയും’ എന്ന് കീര്‍ത്തി കേട്ട ഒരു കൂട്ടം വിദ്യാര്‍ഥിനികളാണ് ഈ അതിവിശിഷ്ട കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍.
സംഭവം ചുരുക്കി പറയാം. മേല്പറഞ്ഞ വിദ്യാര്‍ത്ഥിനികള്‍ കോളേജിലെ ഫ്രെഷെര്‍സ് ഡേയ്ക്ക് ഒരു സിനിമാറ്റിക്‌ ഡാന്‍സ് അവതരിപ്പിക്കാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി അഗാധമായ അര്‍ത്ഥതലങ്ങള്‍ ഉള്ള ‘ഓടി പോയി കല്യാണം താന്‍ കട്ടി ചെല്ലാമ ഇല്ലേ കല്യാണം താന്‍ കട്ടിക്കിട്ട് ഓടിപോലാമാ’ എന്ന പാട്ട് തെരഞ്ഞെടുക്കുകയും ചെയ്തു. തങ്കമണിയാണ് കോറിയോഗ്രാഫര്‍. അങ്ങനെ ദിവസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം കാത്തിരുന്ന ആ ദിനം വന്നെത്തി. എന്തായിരുന്നു ആ ദിനം അവര്‍ക്കായി എടുത്തു വച്ചിരുന്നത്?
പറഞ്ഞു തരാം.
കാഴ്ചക്കാരായി വന്ന ചിലര്‍ സ്റ്റേജില്‍ ആരെന്തു കാണിച്ചാലും കൂവും എന്ന് പ്രതിജ്ഞ എടുത്തിട്ടായിരുന്നു വന്നത്. എന്തായാലും നമ്മുടെ കൂട്ടരോടും അവര്‍ ഒട്ടും പക്ഷപാതം കാണിച്ചില്ല. അവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ കൂവലുകാര്‍ പണി തുടങ്ങി. പക്ഷെ ഇതൊന്നും കൂസാതെ തങ്കമണിയും സംഘവും സധൈര്യം നൃത്തിച്ചുകൊണ്ടിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്!
സംഘത്തില്‍ അല്‍പ്പം തൊലിക്കട്ടി കുറവുണ്ടായിരുന്ന അനസൂയക്കും പ്രിയംവദക്കും യാതൊരു ന്യായവുമില്ലാത്ത ആ കൂവല്‍ സഹിക്കാന്‍ കഴിഞ്ഞില്ല. നൃത്തം ഏതാണ്ട് പകുതി ആയപ്പോള്‍ നൃത്തിക്കുന്നത് നിര്‍ത്തി അവര്‍ വേദിയില്‍ നിന്നും പലായനം ചെയ്തു 
തങ്കമണിയും കൂട്ടരും അന്ധാളിച്ചു. എന്താണ് സംഭവിച്ചതെന്നു അവര്‍ക്ക് മനസ്സിലായില്ല. അതോടെ പരിശീലിച്ചതെല്ലാം അവര്‍ മറന്നു പോകുകയും ഓരോരുത്തരും മനോധര്‍മമനുസരിച്ച് നൃത്തം ചവിട്ടാന്‍ തുടങ്ങുകയും ചെയ്തു.
കൂവലിന് ശക്തി കൂടി.
കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന് മനസ്സിലായപ്പോള്‍ തങ്കമണി രണ്ടു കൈയും ‘മാങ്ങപറി’ മുദ്രയില്‍ പിടിച്ചു എതിരെ നില്‍ക്കുന്ന ആളുടെ നേരെ നീട്ടി എന്താ സംഭവം എന്ന് ആംഗ്യഭാഷയില്‍ അന്വേഷിച്ചു. കഷ്ടകാലത്തിന് താന്‍ മറന്നു പോയ ചുവടുകള്‍ തങ്കമണി തനിക്കു കാണിച്ചു തരികയാണെന്നാണ് ആ നര്‍ത്തകിക്ക് മനസ്സിലായത്‌. ഉടനെ അവളും കൈകള്‍ ‘മാങ്ങപറി’ മുദ്രയിലാക്കി തങ്കമണിയെ അഭിമുഖീകരിച്ച് ചുവടു വയ്ക്കാന്‍ തുടങ്ങി. പെട്ടന്ന് തന്നെ മറ്റു നര്‍ത്തകികളും അവരോടു ചേര്‍ന്നു.
പിന്നെ നോക്കുമ്പോള്‍ കാണുന്നത് നര്‍ത്തകികള്‍ എല്ലാവരും കൈകള്‍ ‘എന്ത്?’ എന്ന മുദ്രയിലാക്കി വൃത്തത്തില്‍ ചുവടു വയ്ക്കുന്നതാണ്. ആ പാട്ട് കഴിയുന്നത്‌ വരെ അവര്‍ ആ നൃത്തം തുടര്‍ന്നു.
അങ്ങനെയാണ് സഹൃദയരേ എന്തുനൃത്തത്തിന്‍റെ പിറവി. മഹനീയമായ ഈ കലാരൂപത്തിന്റെ ഉപജ്ഞാതാക്കള്‍ കാലചക്രം ഉരുളുമ്പോള്‍ വിസ്മൃതരായി പോകരുത് എന്ന ആഗ്രഹത്തോടെ ഈ കുറിപ്പ് അവര്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു.
എന്നെ ആളെ വിട്ടു തല്ലരുതേ എന്നും വിനീതമായി അവരോടു അഭ്യര്‍ഥിച്ചു കൊള്ളുന്നു.



Monday, September 16, 2013

ഇങ്ങനെയും ഒരോണം

അവിവാഹിതകളുടെ പേടിസ്വപ്നമാണ് കല്യാണ ബ്രോക്കര്‍മാര്‍ എന്ന് ഞാന്‍ പ്രസ്താവിച്ചാല്‍ എത്ര അവിവാഹിതകള്‍ സമ്മതിക്കുമെന്നറിയില്ല. പക്ഷെ ഒരു സ്റ്റോക്ക് ക്ലിയറന്‍സ് സെയില്‍ ലക്‌ഷ്യം വച്ചു എന്‍റെ വീട്ടിലേക്കു വരുന്ന ബ്രോക്കര്‍മാര്‍ എന്നും എന്റെ പേടിസ്വപ്നമായിരുന്നു. “ഇത്രയധികം തെങ്ങിന്‍പറമ്പുള്ള ഇവനെ നീ കെട്ടിയില്ലെങ്കില്‍ നിന്‍റെ ജീവിതം കോഞ്ഞാട്ടയായിപ്പോകും” തുടങ്ങിയ ഡയലോഗുകള്‍ സഹിക്കാതെ വന്നപ്പോഴാണ് ബ്രോക്കര്‍മാര്‍ ഇറങ്ങാന്‍ സാധ്യതയുള്ള ഒഴിവുദിവസങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുക എന്ന നയം ഞാന്‍ സ്വീകരിച്ചത്. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. അങ്ങനെ ഓണസദ്യയും ഒക്കെ ഉണ്ട് വയറു നിറയെ പായസവും അടിച്ചു കിറുങ്ങി ഇരിക്കുമ്പോഴാണ് “ഇവിടെ ഒരു പെണ്‍കുട്ടി പുര നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്ന് കേട്ടു, ഞാന്‍ സഹായിക്കാന്‍ വേണ്ടി വന്നതാ” എന്നാ രീതിയില്‍ ഒരു ബ്രോക്കര്‍ കയറി വന്നത്.
ഈ ബ്രോക്കര്‍മാരെ കാണുമ്പോള്‍ ഞാന്‍ സൈക്കൊസിസ്സില്‍ നിന്നും ന്യൂറോസിസ്സിന്റെ അജ്ഞാതമേഖലകളിലേക്ക് സഞ്ചരിക്കുന്നത് കൊണ്ട് കട്ടിലൊന്നും പിടിച്ചു പൊക്കാതിരിക്കാന്‍, എന്നെ തന്നെ നിയന്ത്രിച്ച്‌ ഞാന്‍ സ്വയം മുറിയില്‍ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞു അമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ അയാളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ചെറിയ തോതില്‍ ഒരു നാഗവല്ലി പ്രകടനം നടത്തി മുറിയിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
എന്നാല്‍ ഇതിലൊന്നും ആ ബ്രൊക്കര്‍ പതറിയില്ല. പല തരത്തിലുള്ള ചെറുക്കന്മാരെ കുറിച്ചു അപ്പന് ക്ലാസ്സെടുക്കാന്‍ തുടങ്ങി. അപ്പന്‍ എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. രണ്ടുനില വീട്, സ്വന്തമായി നെല്ലുകുത്ത് കമ്പനി തുടങ്ങിയ പ്രലോഭനങ്ങള്‍ പുട്ടിനു പീര പോലെ ബ്രോക്കര്‍ ഇടുന്നുമുണ്ട്. പക്ഷെ വിവരണങ്ങള്‍ക്ക് നീളം കൂടാന്‍ തുടങ്ങിയപ്പോള്‍ അപ്പനു എന്തോ പന്തികേട്‌ തോന്നി. പിന്നെ തന്നെക്കുറിച്ചും ബ്രോക്കരദ്ദ്യം വിവരിക്കാന്‍ തുടങ്ങി. ഫുട്ബോള്‍ മത്സരത്തില്‍ സമ്മാനം കിട്ടിയതും പാപ്പച്ചന്റെ ഒപ്പം കളിച്ചതും പറഞ്ഞായിരുന്നു തുടക്കം. വിവരണം നീണ്ടു നീണ്ട് “പിന്നേ, ഞാനും സരിതയും കൂടി അല്ലെ സോളാറിന്റെ പൈസ മുഴുവന്‍ പിരിച്ചു ഉമ്മന്‍ ചാണ്ടിക്ക് കൊണ്ട് കൊടുത്തത്?” എന്ന് വരെ എത്തിയപ്പോള്‍ അപ്പന് ഏതാണ്ട് കാര്യങ്ങള്‍ പിടികിട്ടി.
ഞാന്‍ ഒന്നന്ന്വേഷിക്കട്ടെ എന്ന് പറഞ്ഞു സ്കൂട്ടാവാന്‍ നോക്കിയപ്പോള്‍ അതാ വരുന്നു അടുത്ത അമിട്ട്. “ഡേവിസ് ചേട്ടന്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോളുടെ കാര്യം ഞാന്‍ ഏറ്റു. ഞങ്ങളുടെ കുടുംബക്കാര്‍ ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മ്മടെ ഇന്ദിര ഗാന്ധീടെ മോന്‍ രാജീവ്‌ ഗാന്ധീടേം സോനിയെടേം കല്യാണം ശരിയാക്കിയത് ആരാ? എന്റെ അമ്മ. പക്ഷെ ഇപ്പൊ അവരതൊക്കെ മറന്നു. ഒരു വിശേഷത്തിനും ഞങ്ങളെ വിളിക്കാറും ഇല്ല. പക്ഷെ അതിലെനിക്ക് വിഷമം ഒന്നും ഇല്ലാട്ടോ.”
ഇത്രയും ആയതോടെ അപ്പന് മതിയായി. കല്യാണരാമനിലെ ഇന്നസെന്റിനെപ്പോലെ എന്നെ വിളിച്ചോ എന്ന് ചോദിച്ചു കൊണ്ട് അപ്പന്‍ എണീറ്റ് അകത്തേക്കോടി രക്ഷപ്പെട്ടു. ചുരുക്കത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ബ്രോക്കര്‍ സാര്‍ ഇത്തവണത്തെ ഓണം അവിസ്മരണീയമാക്കി എന്ന് വേണം പറയാന്‍.


Tuesday, July 3, 2012

ഒരു നെല്‍മളിയുടെ കഥ


മുന്‍കുറിപ്പ് 1: ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി  ഡെഡിക്കേറ്റ് ചെയ്തതാണ് ഈ പോസ്റ്റ്‌... ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ നിര്‍ബന്ധിച്ച, അഥവാ കൊച്ചു വെളുപ്പാന്‍കാലത്ത്  സുഖമായി മൂടിപ്പുതച്ചു കിടന്നുറങ്ങിയിരുന്ന എന്‍റെ 'സര്‍ഗാത്മകതയുടെ' തലയില്‍ നിര്‍ദയം ഒരു ബക്കറ്റ് വെള്ളം കോരി ഒഴിച്ച വ്യക്തിക്ക്........

മുന്‍കുറിപ്പ് 2: ഈ കഥയിലെ മറ്റു കഥാപാത്രങ്ങള്‍ ഇപ്പോള്‍ കുട്ടികളും കേട്ട്യോന്മാരുമായി സുഖമായി ജീവിച്ചിരിക്കുന്നുണ്ട്. അവരുടെ കുടുംബസമാധാനം തകര്‍ക്കുക എന്‍റെ ലക്ഷ്യമല്ല. ഈ പോസ്റ്റ്‌ വായിച്ചു അവരുടെ  ഭര്‍ത്താക്കന്മാര്‍ ചിരവയുമെടുത്ത് അവരെ  ഓടിച്ചിടും എന്ന് പേടിയുള്ളതു കൊണ്ട്, സുരക്ഷയെ മാനിച്ചു മാത്രം അവരുടെ പേരുകള്‍ ഞാന്‍ മാറ്റിയിട്ടുണ്ട്. 

പ്രിയ  സുഹൃത്തുക്കളെ,
ഇത് വെറുമൊരു കഥയല്ല. പച്ചയായ ജീവിതമാണ്. ഉണ്ണിയേട്ടന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു കോമിക് ട്രാജഡി ആയ എന്‍റെ ജീവിതത്തില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത ഒരു ഏടാണ് ഇത്.

അതിപ്രശസ്തമായ ഒരു വനിതാകോളെജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായി ചേര്‍ന്ന്, കൊച്ചിരാജാവിലെ ദിലീപിനെ പോലെ ഞാന്‍ അടങ്ങി ഒതുങ്ങി ജീവിക്കുന്ന സമയം. ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കരുത് എന്ന ആത്മാര്‍ഥമായ ആഗ്രഹം ഒന്ന് കൊണ്ട് മാത്രം കലാസാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നു പഠിപ്പിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കുകയായിരുന്നു ഞാന്‍. . പക്ഷെ വിധിയുടെ ഓരോ വികൃതികള്‍ എന്നല്ലാതെ എന്ത് പറയാന്‍.!!!!!
കോളേജ് ആര്‍ട്സ് ഫെസ്ടിവല്‍ നാടകമത്സരത്തിന്‍റെ തലേദിവസം സന്ധ്യക്ക്‌ വീട്ടിലേക്കു ഒരു ഫോണ്‍കോള്‍.. അങ്ങേത്തലക്കല്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന ആഞ്ജലീന ആണ്. "മേരി, നമ്മള്‍ ആകെ കുടുങ്ങി. നാടകമത്സരത്തിനു നമ്മള്‍ ഒരാവേശത്തിനു പേര് കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷെ പ്രാക്ടിസ് ചെയ്യാനൊന്നും നേരം കിട്ടിയില്ല. പങ്കെടുത്തില്ലെങ്കില്‍ മൈനസ് മാര്‍ക്കാ. സീനിയര്‍ ചേച്ചിമാര് വഴക്ക് പറയും. നീ ഒന്ന് സഹായിക്കണം. നാളെ വന്നു നമ്മുടെ നാടകത്തില്‍ അഭിനയിക്കണം."
ഞാന്‍ ഒരു നിമിഷം ഓര്‍ത്തു...ഈ കുട്ടി ഇത് എന്തറിഞ്ഞിട്ടാണാവോ ഈ പറയുന്നത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഒരു നാടകത്തിലഭിനയിച്ചതിന്‍റെ തന്നെ ക്ഷീണം മാറിയിട്ടില്ല. ഡയലോഗ് മറന്നു പോയി മിഴിച്ചുനിന്ന എന്നോട് "എന്താടി മിഴിച്ചു നോക്കുന്നെ" എന്ന് നായകന്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍റെ സൌന്ദര്യം കണ്ടു അങ്ങനെ നിന്നതാണ് ചേട്ടാ എന്ന് പറഞ്ഞു സ്റ്റേജില്‍ നിന്നും സ്കൂട്ടായ ആളാണ്‌ ഞാന്‍ .  ആ എന്നോടാണ്..... ഈശ്വരാ...ഞാന്‍ ഇതെങ്ങനെ സഹിക്കും?
ഞാന്‍  ഒരു അവസാനശ്രമം നടത്തി. "ഞാന്‍ തന്നെ വരണം എന്ന് നിര്‍ബന്ധമാണോ?" 
"അതിനെന്താ? നമ്മള്‍ എല്ലാവരും ഉണ്ട്. ദീപികയും അനിതയും പ്രിയാവര്‍ഗീസും എല്ലാവരും. നീ ഈ അത്യാവശ്യഘട്ടത്തില്‍ കുലംകുത്തി ആവരുത്. പ്ലീസ്..." അങ്ങനെ ആ പ്രതീക്ഷയും നശിച്ചു.
അതൊക്കെ പോട്ടെ...ഏതു നാടകമാണ് നമ്മള്‍ കളിക്കുന്നത്?
"അത്........ആറാം ക്ലാസ്സിലെ മലയാളം ടെക്സ്റ്റ് ബുക്കില്‍ ഒരു കഥ ഉണ്ടെന്നു മറിയാമ്മ പറഞ്ഞു. ടെക്സ്റ്റ് ബുക്ക്‌ ഒരു ദിവസത്തേക്ക് കടം തരാമെന്നു മരിയാമെടെ അയല്‍വീട്ടിലെ ആറാം ക്ലാസ്സുകാരി മിനിക്കുട്ടി സമ്മതിച്ചിട്ടുണ്ട്. ഏതോ ഒരു കര്‍ഷകന്‍റെ കഥയാണെന്നാ അവള്‍ പറയുന്നേ...എന്തായാലും മേരി ഒരു കാര്യം ചെയ്യ്....നാളെ ഒരു വെള്ള ഷര്‍ട്ടും വെള്ള മുണ്ടും തോര്‍ത്തും ഒക്കെയായി ഇങ്ങു പോര്. കര്‍ഷകന്‍റെ വേഷം നമുക്ക് കലക്കണം. ഏഴു മണിക്ക് കോളേജില്‍ എത്തണം. ഒമ്പത് മണിക്ക് മത്സരം തുടങ്ങും. ഞങ്ങള്‍ എല്ലാവരും അവിടെ ഉണ്ടാകും. അപ്പൊ ഒക്കെ പറഞ്ഞ പോലെ," ഇങ്ങനെ പറഞ്ഞു അവള്‍ ഫോണ്‍ വച്ചു.
കൊടുത്ത വാക്ക് ഞാന്‍ പാലിച്ചു. പിറ്റേ ദിവസം ഏഴുമണിക്കേ കോളേജില്‍ എത്തി. പക്ഷെ, എന്ത് പറയാനാ. ബഷീര്‍ പറഞ്ഞപോലെ ഞാന്‍ തിക്കും പൊക്കും നോക്കി. മാനും മനുഷ്യരും ഇല്ല. മറ്റു കഥാപാത്രങ്ങള്‍ ആരും എത്തിയിട്ടില്ല. അതുകൊണ്ട് കുറെ നേരം ഉറക്കം തൂങ്ങി അവിടെ ഇരുന്നു. എട്ടര ആയപ്പോഴേക്കും കഥാപാത്രങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. കൃത്യം ഒമ്പത് മണിക്ക് ആറാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കുമായി മറിയാമ്മ രംഗപ്രവേശം ചെയ്യുമ്പോള്‍ സ്റ്റേജില്‍ ആദ്യത്തെ നാടകം ആരംഭിച്ചിരുന്നു. നമ്മുടേത്‌ മൂന്നാമാത്തെതോ നാലാമത്തേതോ ആണ്.
മറിയാമ്മ ടെക്സ്റ്റ് ബുക്ക് എന്‍റെ കൈയില്‍ വച്ചു തന്നു. "നീ ആ കഥ വായിച്ചു ഡയലോഗ്  ഒക്കെ അങ്ങ് സ്വയം  ഉണ്ടാക്കിക്കോ." അപ്പൊ കഥവായിക്കാനും ഡയലോഗ്  ഉണ്ടാക്കാനും മേക് അപ്പ്‌ ചെയ്യാനും ഒക്കെയായി കൂടിപ്പോയാല്‍ ഒരു മണിക്കൂര്‍ ഉണ്ടാകും. എന്‍റെ കലാദേവതേ, ഞങ്ങളോട് പൊറുക്കണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു ടെക്സ്റ്റ് ബുക്ക്‌ തുറന്നു ഞാന്‍ കഥാവായന തുടങ്ങി.
അമ്പോ...കഥ എഴുതിയത് ചില്ലറക്കാരനൊന്നും അല്ല. ലിയോ ടോള്‍സ്റ്റോയ്! 
കഥ ചുരുക്കി പറഞ്ഞാല്‍ ഇങ്ങനെ ആണ്. കളിക്കുന്ന കുട്ടികള്‍ക്ക് എന്തോ ഒരു വലിപ്പമുള്ള സാധനം കിട്ടുന്നു. പക്ഷെ അതെന്താണെന്ന് ആര്‍ക്കും മനസ്സിലാവുന്നില്ല. ഈ സാധനം എങ്ങനെയോ  മന്ത്രിയുടെ കൈയില്‍ എത്തുന്നു. മന്ത്രി അത് രാജാവിനു കൊടുക്കുന്നു. രാജാവ് അതെന്താണെന്ന് പറയുന്നവര്‍ക്ക് സമ്മാനം വാഗ്ദാനം ചെയ്യുന്നു. അത് പരിശോധിക്കാന്‍ ഒരു കര്‍ഷകന്‍ വരുന്നു. പക്ഷെ അയാള്‍ക്കും അതെന്താണെന്ന് മനസ്സിലാകുന്നില്ല.  അയാള്‍ അയാളുടെ പ്രായമായ അച്ഛനെ വിളിച്ചു കൊണ്ട് വരുന്നു. അദ്ദേഹവും പരാജയപ്പെടുന്നു. ഒടുക്കം ഈ അച്ഛന്‍ കര്‍ഷകന്‍റെ വളരെ പ്രായമായ അച്ഛനെ വിളിച്ചു വരുത്തുന്നു. ഇങ്ങേര്‍ക്ക് ഒരു പാട് പ്രായം ഉണ്ടെങ്കിലും അയാളുടെ മകനേക്കാളും കൊച്ചുമകനെക്കാളും ആരോഗ്യവാനാണ്.  അയാള്‍.. ഈ സാധനം പരിശോധിച്ചതിനു ശേഷം അതൊരു നെല്‍മണി ആണെന്ന്  രാജാവിനെ അറിയിക്കുന്നു. അയാളുടെ ചെറുപ്പകാലത്ത്  ധാന്യങ്ങള്‍ക്കൊക്കെ  ഇത്രയും വലിപ്പം ഉണ്ടായിരുന്നു എന്നും,  ആളുകളുടെ മനസ്സിലെ നന്മയും അധ്വാനശീലവും കൊണ്ടാണ് അന്നത്തെ ധാന്യമണികള്‍ക്ക് അത്രയും വലിപ്പമെന്നും, കൂടാതെ അതാണ്‌  തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നും പറയുന്നു.
ഇത്രയും ആണ് കഥ.
ഇതിലെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന മുതുമുത്തച്ചന്‍ കര്‍ഷകനായി അഫിനയിക്കാനാണ് എന്നെ വിളിച്ചിരിക്കുന്നത്. എനിക്ക് രണ്ടോ മൂന്നോ ഡയലോഗെ ഉള്ളൂ. പക്ഷെ അതല്ല പ്രശ്നം....ഏറ്റവും അധികം ഡയലോഗ്  ഉള്ള രാജാവായി അഭിനയിക്കുന്ന പ്രിയാവര്‍ഗീസിനു തത്സമയം നടക്കുന്ന ലളിതഗാനമത്സരത്തിലും  പങ്കെടുക്കാനുണ്ട്. അന്ന് അവള്‍ കിരീടവും അരപ്പട്ടയും ഒക്കെ കെട്ടി വാളും  പിടിച്ചാണോ  ലളിതഗാനം പാടിയതെന്ന് ഞാന്‍ ഇന്ന് കൃത്യമായി ഓര്‍ക്കുന്നില്ല.
എന്തായാലും അവളുടെ കാര്യം വിധിക്ക് വിട്ടു കൊടുത്തു ഞങ്ങള്‍ മേക് അപ്പിലേക്ക് കടന്നു. അപ്പോഴാണ്‌ എനിക്ക് ഭയങ്കര കണ്‍ഫ്യൂഷന്‍!! !ഹിറ്റ്ലര്‍ മീശ വേണോ പതിനൊന്നു മീശവേണോ അതോ പഴുതാര മീശവേണോ? അവസാനം ഒരു വീരപ്പന്‍ മീശ ആകട്ടെ എന്ന് ഞാന്‍ അങ്ങ് തീരുമാനിച്ചു. കുറച്ചു കണ്മഷി ചെലവായാലെന്താ...വീരപ്പന്‍ മീശ ആണെങ്കില്‍ ഒരു ലുക്കൊക്കെ ഉണ്ടാകും. അതെ സമയം എന്‍റെ കൊച്ചു മകനായി അഭിനയിക്കുന്ന അനിത ഒരു ബുള്‍ഗാന്‍ താടി വരക്കാനുള്ള തത്രപ്പാടിലാണ്. മീശവരപ്പിനു ശേഷം ഞാന്‍ കുറച്ചു ഡയലോഗുകള്‍ സ്വന്തമായി ഉണ്ടാക്കി പഠിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ എന്‍റെ കൊച്ചുമകന്‍ അതാ ഒരു വശത്ത് മാത്രം താടിയുമായി നില്‍ക്കുന്നു! "ബുള്‍ഗാന്‍ ശരിയായില്ലെടോ. മുകളിലേക്ക് പരത്തി താടി ആക്കാന്‍ നോക്കിയതാ..കണ്മഷി തീര്‍ന്നു പോയി...." എന്തായാലും  ഒരു ഹാഫ് താടിക്കാരന്‍ കര്‍ഷകന്‍റെ മുത്തച്ചനായി  അഭിനയിക്കാന്‍ എനിക്ക് മടിയൊന്നും തോന്നിയില്ല. കഴുത്തോളം മുങ്ങിയാല്‍ കുളിരില്ല എന്നാണല്ലോ. 
അപ്പോഴാണ്‌ പുതിയൊരു പ്രശ്നം. കഥയിലെ കുട്ടികളായി അഭിനയിക്കാന്‍ ആരും ഇല്ല! എല്ലാത്തിനും ഒരു പരിഹാരമുണ്ടല്ലോ. തൊട്ടു മുന്‍പത്തെ നാടകം തുടങ്ങുന്നതിനു മുന്‍പ് സ്റ്റേജിന്‍റെ താഴ്ന്നു കിടക്കുന്ന കര്‍ട്ടനുകള്‍ക്കിടയിലൂടെ ഒരു ഞങ്ങളുടെ ഒരു കഥാപാത്രത്തിന്‍റെ തല പതുക്കെ കാഴ്ചക്കാരുടെ മുന്‍പിലേക്ക് നീണ്ടു. ആ തലയിലെ രണ്ട് കണ്ണുകള്‍ കാഴ്ച്ചക്കാരെ മൊത്തം സ്കാന്‍ ചെയ്തു. ഒടുക്കം ആ കണ്ണുകള്‍ നാടകം കാണാനിരിക്കുന്ന ഞങ്ങളുടെ ക്ലാസ്സിലെ ആശാലക്ഷ്മിയെയും പ്രിയംവദയെയും കണ്ടു പിടിച്ചു. കര്‍ട്ടനിടയില്‍ നിന്നു ഒരു കൈ കൂടി പുറത്ത് വന്നു. ആ തലയും ആ കൈയും ഗോഡ്ഫാതര്‍ സിനിമയിലെ ബോധം കേട്ട ശങ്കരാടിയെപ്പോലെ അവരെ സ്റ്റേജിന്‍റെ പിറകിലേക്ക് ക്ഷണിച്ചു. അനന്തരം അവര്‍ കുട്ടികളായി അഭിനയിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തു.
അങ്ങനെ ഇരിക്കുമ്പോള്‍ ഞങ്ങളുടെ നമ്പര്‍ അനൌണ്‍സ് ചെയ്തു. ആകെ ഓട്ടവും പാച്ചിലും. എല്ലാ കഥാപാത്രങ്ങളും സ്റ്റേജിനു പിന്നില്‍ റെഡി.  അടുത്ത പ്രശ്നം. നാടകത്തിന്‍റെ പേരെന്താണെന്ന് അനൌണ്‍സര്‍ ചോദിക്കുന്നു. കഥാപാത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അതിപ്പോ എന്താ പറയാ?
"അങ്ങനെ ഒന്നും ഇല്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിട്ടോ," അത് രാജാവിന്‍റെ വക. അനൌണ്‍സര്‍ ഇടിവെട്ട് കൊണ്ട പോലെ നില്‍ക്കുകയാണ്. പക്ഷെ ഞങ്ങള്‍ക്ക് ഒരു കുലുക്കവും ഇല്ല. 
"ഒരു കാര്യം ചെയ്യ്. പേര് ധാന്യം എന്നിട്ടോ. കിടക്കട്ടെ. ധാന്യം." ഒരു കഥാപാത്രം അങ്ങനെ പ്രശ്നം തീര്‍ത്തു.
കര്‍ട്ടന്‍ ഉയര്‍ന്നു, നാടകം തുടങ്ങി. എന്‍റെ ഊഴം വന്നു. 
ആ നാടകത്തിലെ ഏറ്റവും സുപ്രധാനമായ ഡയലോഗ് പറയേണ്ടത് ഞാനാണ്. അത് ഇപ്രകാരമാണ്: "രാജാവേ, ഇതൊരു നെല്‍മണി ആണ്."
പക്ഷെ വിധി അവിടെയും എന്നെ തോല്‍പ്പിച്ചു. കൃത്യസമയത്ത് തന്നെ വീണു വെള്ളി! അത് ഇങ്ങനെ ആയിപ്പോയി: "രാജാവേ, ഇതൊരു നെല്‍മളി..........."
അത് കേട്ട് ഞെട്ടിയ രാജാവിന്‍റെ മുഖം കണ്ടു എനിക്ക് ഭീകരമായി ചിരിവന്നു. ഞാന്‍ ഏതു നിമിഷവും ഫ്രണ്ട്സിലെ ശ്രീനിവാസന്‍ ആയി നിര്‍ത്താതെ ചിരി തുടങ്ങും എന്ന് മനസ്സിലായ രാജാവ്, മുഖത്ത് ഒരു ദയനീയഭാവം വരുത്തി, അരുത് മേരീ, അരുത്, എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി പതുക്കെ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു. ഞാന്‍ എങ്ങനെയോ ആ ഡയലോഗ് മുഴുവന്‍ പറഞ്ഞു അവിടെ നിന്നു രക്ഷപ്പെട്ടു. 

ഇനിയാണ് ക്ലൈമാക്സ്. മുത്തച്ചന്‍കര്‍ഷകന്‍റെ വിശദീകരണം കേട്ട് ചിന്താകുലനായി നില്‍ക്കുന്ന രാജാവിന്‍റെ മുന്‍പില്‍ കര്‍ട്ടന്‍ വീഴുന്നു. അങ്ങനെയാണ് നാടകം അവസാനിക്കുന്നത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ നാടകം തീര്‍ന്ന കാര്യം കര്‍ട്ടന്‍ ഇടുന്ന ആള്‍ക്ക് മനസ്സിലായില്ല. രാജാവാണെങ്കില്‍ കര്‍ട്ടനിടുന്നതും കാത്തു കുറെ നേരമായി ചിന്താകുലനായി നില്‍ക്കുന്നു. അവസാനം ക്ഷമ നശിച്ചു രാജാവ് സ്റ്റേജില്‍ ഉലാത്താന്‍ തുടങ്ങി. ഉലാത്തി ഉലാത്തി കര്‍ട്ടനിടുന്ന ആളുടെ അടുത്തെത്തുമ്പോള്‍ പല്ലുകടിച്ച് താഴ്ന്ന ശബ്ദത്തില്‍ 'കര്‍ട്ടനിട്, കര്‍ട്ടനിട് പ്ലീസ്...' എന്ന് പറയുന്നുണ്ട്. പക്ഷെ ആര് കേള്‍ക്കാന്‍? 
ഒടുവില്‍ രാജാവിന് ആ ക്രൂരകൃത്യം ചെയ്യേണ്ടി വന്നു. രാജാവ് സ്റ്റേജിന്‍റെ ഒത്ത നടുക്കുനിന്ന് തിരിഞ്ഞു അമ്പു വിട്ട പോലെ ഒരോട്ടം വച്ചു കൊടുത്തു!
നാടകത്തിന്‍റെ ഹതഭാഗ്യരായ ജഡ്ജസ്സില്‍ ഒരാള്‍ ഞങ്ങളുടെ സാറായിരുന്നു. പ്രധാനകഥാപാത്രത്തിന്‍റെ ഓട്ടം കണ്ടു സ്റ്റേജില്‍ തീപിടിത്തം ഉണ്ടായി എന്ന് തെറ്റി ധരിച്ചു സാറും സ്റ്റേജിന്‍റെ പുറകിലേക്ക് ഓടിയെത്തി. കൂട്ടച്ചിരിക്കിടയില്‍ സംഭവം എന്താനിന്നു സാറിനു വിശദീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെട്ടത്.  

അതൊരു വിമന്‍സ് കോളേജ് ആയതു കൊണ്ടും മലയാളം നാടകമത്സരത്തിനു കാഴ്ചക്കാര്‍ അധികം ഇല്ലാതിരുന്നത് കൊണ്ടും മാത്രം ഞങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നു.




Monday, December 12, 2011

ഗന്ധങ്ങള്‍, ഓര്‍മ്മകള്‍

ഗന്ധങ്ങള്‍ പലപ്പോഴും ഓര്‍മകളുടെ കൂട്ടുകാരാണ്.പിന്നിട്ട വഴികളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ അവയ്ക്ക് കഴിയും . ആളുകള്‍, സ്ഥലങ്ങള്‍, അവസ്ഥകള്‍....അല്ല ഓരോ ഗന്ധവും ഓരോ ഓര്‍മ തന്നെ ആണ്




ബ്രുട്ട്: അമ്മയുടെ വീട്ടില്‍ പള്ളിപ്പെരുന്നാള്‍. രാവിലെ പള്ളിയില്‍ പോകുമ്പോള്‍ എല്ലാവര്ക്കും ഒരേ ഗന്ധം. ഏശച്ചന്റെ മേശമേല്‍ ഇരിക്കുന്ന മാലയിട്ട പച്ചക്കുപ്പിയിലെ അതെ ഗന്ധം.(ഏശച്ചന്‍ യേശുദാസ് എന്ന് പേരുള്ള എന്‍റെ ഇളയ അമ്മാവനാണ്. പക്ഷെ
എന്‍റെ മേമ അതായതു ഏശച്ചന്റെ ചേച്ചി അടുക്കളെന്നു "ഡാ യേശ്വോ , ചന്തെന്നു കൊറച്ചു ഒണക്കമീന്‍ വാങ്ങി കൊണ്ട് വാടാ" എന്ന് വിളിച്ചു പറയുന്ന കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇദു.)

ലൈഫ് ബോയ്‌ : തറവാട്ടിലെ പഴയ ഇരുണ്ട കുളിമുറി. കുളിമുറിക്കു പുറത്തു ചുവന്നചാമ്പയ്ക്കകള്‍ പൊങ്ങി ക്കിടക്കുന്ന കറുത്ത വെള്ളമുള്ള കിണര്‍. കരണ്ട് പോയാല്‍കത്തിക്കുന്ന മണ്ണെണ്ണ വിളക്ക്. നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം എന്ന ഭക്തിഗാനംകേള്‍ക്കുമ്പോള്‍ വെറുതെ പേടിക്കുന്ന ഒരു നാലുവയസ്സുകാരി ഞാന്‍

യു ഡി കൊളോണ്‍: എഴാം ക്ലാസ്സിലെ ഹിന്ദി പരീക്ഷ. ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷഎഴുതിതീര്‍ത്ത്‌ പേപ്പര്‍ മടക്കി ഇരിക്കുന്ന ഞാന്‍ . തൊട്ടു അപ്പുറത്തിരിക്കുന്ന പത്താംക്ലാസ്സുകാരി ചേച്ചിയുടെ മലയാളം II പേപ്പറില്‍ ഭാവന വിരിയുന്നത് വായിച്ചു രസിക്കുന്നു

ചന്ദ്രിക സോപ്പ്: അയല്‍വീടിലെ ചാണകം മെഴുകിയ വരാന്ത. അവിടെ കൂട്ടിനു ഷെര്‍ലക്ക്ഹോംസ്, അഗത ക്രിസ്റ്റി, കോട്ടയം പുഷ്പനാഥ്, മെഴുവേലി ബാബുജി. ഞാവല്‍പ്പഴങ്ങള്‍, ഉപ്പു കൂട്ടിത്തിന്ന മൂവാണ്ടന്‍ മാങ്ങകള്‍ .

റോയല്‍ മിറാഷ്: ഞാന്‍ എന്നെത്തന്നെ പറഞ്ഞു പറ്റിച്ച ഒരു നുണക്കഥ. അപ്പയുടെ വലിയതൂവാലകള്‍

മെഡിമിക്സ്‌ : നീണ്ട ഒരു വീട്ടു തടങ്കല്‍. ഉമ്മറത്തിരുന്നു കറുത്ത കണ്ണടയിലൂടെനോക്കുമ്പോള്‍ കാണുന്ന ചലിക്കുന്ന ലോകം.

ഇവ ഡിയോടെരന്റ്റ് : യുനിവേര്സിടി ലേഡീസ് ഹോസ്റ്റല്‍. മഞ്ഞപ്പൂക്കള്‍ കൊഴിയുന്നമരത്തിലേക്ക് തുറക്കുന്ന ഒരു ജന്നല്‍, ആരുടെയൊക്കെയോ കണ്ണീര്‍ വീണു മരവിച്ച ഒരുമുറിയുടെത്.

യാര്‍ഡ്‌ലി: ചെന്നൈ ലോക്കല്‍ ട്രെയിനില്‍ നീണ്ട യാത്രകള്‍. തീരെ ഇഷ്ടം തോന്നാത്ത മഴകള്‍. സബ്‌വേകള്‍, വഴിവാണിഭക്കാര്‍ . ഭിക്ഷക്കാര്‍. പൊടി പിടിച്ച പഴയ ഇംഗ്ലീഷ് നോവലുകള്‍. നീണ്ട നടത്തങ്ങള്‍. അറിയാത്ത വഴികള്‍.

ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍: ഞാന്‍ എടുത്തു കൊണ്ട് നടന്ന ഇപ്പോള്‍ ഹൈസ്കൂളിലുംകോളേജിലും പോകുന്ന കുഞ്ഞുങ്ങള്‍.

മുല്ലപ്പൂക്കള്‍: കോയമ്പത്തൂരില്‍ നിന്നും അമ്മ കൊണ്ട് വരുന്ന വലിയ മുല്ലമാലകള്‍. യാതൊരു ആവശ്യവും ഇല്ലാതെ അതും മുടിയില്‍ വച്ചു സ്കൂളില്‍ പോകുന്ന ഞാന്‍

ആക്സ്‌ ഇഫ്ഫെക്റ്റ്: അനിയന്റെ മുറി. ശ്വാസതടസ്സം

പാലപ്പൂ : യുനിവേര്സിടിയിലെ ക്രോനിക്ല്‍ രാത്രികള്‍. പിന്നെ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു പാതിരക്ക് ഹോസ്റ്റലില്‍ പോകുമ്പോള്‍ കൂട്ടിനു ക്യാമ്പസ്‌ നിറച്ചും പൂത്തു നില്‍ക്കുന്ന പാലപ്പൂക്കളുടെ കടുത്ത ഗന്ധവും

സൈക്കിള്‍ അഗര്‍ബത്തി: മരണം, ജനക്കൂട്ടം, ഉഷ്ണം, കരച്ചില്‍...പാട്ട് പ്രാര്‍ത്ഥന, പിന്നെ ഇടവിട്ട നിശബ്ദതയില്‍ അകന്നു പോകുന്ന മണിമുഴക്കങ്ങള്‍


ഓര്‍മകള്‍ അവസാനിക്കുന്നില്ല, ഗന്ധങ്ങളും. ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ അവ ഓര്‍മകളെ നമ്മുടെ മുന്നില്‍ കൊണ്ട് നിര്‍ത്തും. എത്ര വേഗത്തില്‍ ഓടുകയാനെങ്കിലും തിരിഞ്ഞു നോക്കാതിരിക്കാനാവില്ല.




Wednesday, November 23, 2011

അതിഥി


സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരു പതിനേഴുകാരി ആണ്. മധുരപ്പതിനെഴു ഒന്നും അല്ല. ഒരു വിത്തൌട്ട് പതിനേഴു എന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ഒരു ദിവസം ചുമ്മാ എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരം രാക്ഷസി എന്ന് മൂളിപ്പാട്ട് ഒക്കെ പാടി ചുരിദാര്‍ കൊണ്ട് അലക്കുകല്ലില്‍ ടപ്പേ ടപ്പേന്നു താളമിട്ടു അലക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.. സമയം ഏകദേശം സന്ധ്യ ആവാരായിട്ടുണ്ട്.
ഇവള്‍ടെ പരിപാടി ഇത് വരെ കഴിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ അടുത്ത വീടിലെ അമ്മൂമ്മ വാതിലിലൂടെ തല നീട്ടി നോക്കുകയും അനന്തരം തല പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാന്‍ ആത്മാര്‍ഥമായി അലക്കുകയാണ് .
പെട്ടന്നാണ് അത് സംഭവിച്ചത്. ആകാശത്ത് നിന്നു ഒരു ഇരമ്പം. ചുറ്റും നില്‍ക്കുന്ന മരങ്ങളെല്ലാം കൊടുംകാറ്റ് അടിച്ച പോലെ ആടി ഉലയുന്നു. എന്താണതു ?.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല! എന്‍റെ മുന്നില്‍ അതാ ഒരു ഹെലികോപ്ടര്‍ താഴ്ന്നിറങ്ങുന്നു. നില്കണോ അതോ ഓടണോ എന്ന് ഒരു തീരുമാനം എടുക്കാനാവാതെ അലക്കുന്ന തുണിയും പിടിച്ചു ഞാന്‍ അങ്ങനെ നില്‍ക്കുകയാണ്.
ഹെലികോപ്ടറിന്റെ പുറത്തു എന്തോ എഴുതിയിട്ടുണ്ടല്ലോ. അതേ. 007. അതു തന്നെ.
ഇതാരപ്പാ എന്‍റെ വീടിന്റെ പിന്നില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ഒരു 007 ? നോക്കിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ഞാന്‍ അവിടെ തന്നെ നിന്നു.
ഹെലികോപ്ടര്‍ പതുക്കെ നിലത്തിറങ്ങി. അതിന്റെ വാതില്‍ തുറന്നു കറുത്ത കോട്ട് ഇട്ടു സണ്‍ഗ്ലാസ്‌ വച്ച ഒരാള്‍ ഇറങ്ങി.
എന്റമ്മേ!
ആരാ ഇത്! സന്തോഷം കൊണ്ട് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് തോന്നി.
ഇന്നലെ കണ്ട ഡൈ അനദര്‍ ഡേ യിലെ അതേ ജെയിംസ്‌ ബോണ്ട്‌!
ഹെലികോപ്ടറിന്റെ പങ്ക തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ അസ്തമയസൂര്യന്‍. അതാ ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ എന്‍റെ നേരെ നടന്നു വരുന്നു. ഞാന്‍ ഇങ്ങനെ വായും പൊളിച്ചു നോക്കി നില്‍ക്കുകയാണ്.
ജെയിംസ്‌ ബോണ്ട്‌ എന്നെ നോക്കി ചിരിച്ചു.
"എന്നെ മനസ്സിലായോ?"
എ? ജെയിംസ്‌ ബോണ്ട്‌ മലയാളം പറയുമോ? പറയുമായിരിക്കും.
"ഉവ്വ്. ജെയിംസ്‌ ബോണ്ടല്ലേ? ഞാന്‍ ഡൈ അനദര്‍ ഡേ ദാ ഇന്നലെ കണ്ടേ ഉള്ളൂ."
"എങ്കില്‍ ഞാന്‍ വന്ന വിവരം ആരോടും പറയരുത്. ഒരു സീക്രട്ട് ഒപരേഷന് വേണ്ടി ഇന്ത്യയില്‍ വന്നതാണ്‌."
"ഏയ്‌ ഞാന്‍ ആരോടും പറയില്ല. അമ്മചിയാനെ ആരോടും പറയില്ല. ചേട്ടന്‍ അകത്തേക്ക് വന്നാട്ടെ" ഞാന്‍ ജെയിംസ്‌ ബോണ്ടിനെ വീടിനകട്ടെക്ക് ക്ഷണിച്ചു
വീട്ടില്‍ കയറിയ ജെയിംസ്‌ ബോണ്ട്‌ കസേരയില്‍ ഇരുന്നു പോക്കെറ്റില്‍ നിന്നു ഒരു റിവോള്‍വര്‍ പുറത്തെടുത്തു ഒന്നും മിണ്ടാതെ ഒരു കര്‍ചീഫ്‌ കൊണ്ട് തുടക്കാന്‍ തുടങ്ങി.
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല.
"ജെയിംസ്‌ ചേട്ടന് എന്താ കഴിക്കാന്‍ വേണ്ടേ ? ഞങ്ങടെ നാട്ടില്‍ ചേട്ടന്റെ പേരില്‍ ഒരു പലഹാരം ഉണ്ട്. ബോണ്ട. നല്ല ടേസ്റ്റ് ആണ്. ഇവിടെ ഉണ്ട്. എടുക്കട്ടെ?"
"വേണ്ട"
പിന്നെ ഇയാള്‍ എന്താവും തിന്നുക? സായിപ്പുമാര് തിന്നുന്ന ഒന്നും ഇവിടെ ഇല്ലല്ലോ ഈശ്വരാ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ബോണ്ട്‌ എന്നോട് ചോദിച്ചു
'ഹോര്‍ലിക്സ് ഇരിപ്പുണ്ടോ?'
'എ?'
'ഹോര്‍ലിക്സ്?'
'ആ. ഹോര്‍ലിക്സ് ഉണ്ട് ഹോര്‍ലിക്സ് ഉണ്ട്. ദാ ഇപ്പൊ എടുക്കാം'
ഞാന്‍ വേഗം അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസില്‍ പാലും ഹോര്‍ലിക്സ് കുപ്പിയും എടുത്തു ജെയിംസ്‌ ബോണ്ടിന്റെ മുന്നില്‍ വച്ചു.
ഇനി എന്താ നടന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എനിക്കുറപ്പാ.
എനിക്ക് പാല് വേണ്ട. എനിക്ക് ഹോര്‍ലിക്സ് തന്നെ തിന്നുന്നതാ ഇഷ്ടം എന്ന് പറഞ്ഞു ചുള്ളന്‍ ഹോര്‍ലിക്സ് കുപ്പി തുറന്നു. കൈയ്യിട്ടു ഒരു പിടി ഹോര്‍ലിക്സ് വാരി എടുത്തു തിന്നു തുടങ്ങി.
ഞാനാകട്ടെ ജെയിംസ്‌ ബോണ്ട് എന്‍റെ വീട്ടിലിരുന്നു ഹോര്‍ലിക്സ് തിന്നുന്ന രംഗം മനം കുളിര്‍ക്കെ കണ്ടു കൊണ്ട് നിന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. പെട്ടന്നാണ് ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്‍ കേട്ട പോലെ ഒരു അശരീരി കേട്ടത്
'ഇദി വാര്‍ത്താഹ'
നോക്കുമ്പോള്‍ ഹോര്‍ലിക്സും ഇല്ല ബോണ്ടും ഇല്ല. ആകാശവാണിയില്‍ സംസ്കൃതം വാര്‍ത്ത‍ കഴിഞ്ഞ ശബ്ദമാണ് കേട്ടത്.
എല്ലാം ഒരു സ്വപ്നം. ഹോ ! എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം!
നേരം പരപരാ വെളുത്തിരിക്കുന്നു. ഇന്നും കോളേജില്‍ പോണം. ക്ലാസ്സിലിരിക്കണം. ബസ്സിലെ ഇടി കൊണ്ട് തിരിച്ചു വരണം. ഹോംവര്‍ക്ക് ചെയ്യണം. ശരിക്കും ഡൈ അനദര്‍ ഡേ!!!

Tuesday, April 5, 2011

ചില്ലറപ്പൈസ

ഞാന്‍ അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടിയായി വളരണമെന്ന
എന്‍റെ അമ്മയുടെ ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് എന്നെ എന്‍റെ ഗ്രാമമായ കുറ്റൂര്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ പട്ടണത്തിലെ
സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ആക്കിയത് . കുറ്റൂര്‍ നിന്നും തൃശൂര്‍ എത്തുക എന്നത് സ്വന്തമായി വണ്ടി ഇല്ലാത്തവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ഇരുപതോ മുപ്പതോ മിനിറ്റ് ബസ്‌സ്റ്റോപ്പില്‍ കാത്തുനിന്നാല്‍ വരുന്ന ബസിന്റെ പടിയിലെങ്കിലും ഒരു കാല്‍ വയ്ക്കാനായാല്‍ സുകൃതം എന്ന് കരുതണം . കാരണം തമിഴ്നാടില്‍ ഓടുന്ന ലൂനയുടെ ഹാന്‍ഡില്‍ ബാറില്‍ തലകുത്തനെ തൂങ്ങിക്കിടക്കുന്ന ബ്രോയിലെര്‍ കോഴികളെ പോലെ ബസിന്റെ രണ്ട് വാതില്‍ക്കലും ആളുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും.
അങ്ങനെ തൂങ്ങിക്കിടന്നാണ് അടക്കവും ഒതുക്കവും പഠിക്കാന്‍ ഞാന്‍ നിത്യവും സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. സത്യം പറഞ്ഞാല്‍ ടെക്സ്റ്റ്‌ ബുക്കിലെ വാഗണ്‍ ട്രാജഡിയുടെ ടെമോന്‍സ്ട്രെഷന്‍ ആയിരുന്നു സ്കൂളിലേക്കുള്ള ബസ്‌ യാത്ര. എത്തിയാല്‍ എത്തി എന്ന് പറയാം. മാത്രമല്ല വെറും 35കിലോ ഭാരമുണ്ടായിരുന്ന എനിക്ക് പന്ത്രണ്ടു വിഷയങ്ങളുടെ ടെക്സ്റ്റുകളും അതിന്റെ ഒക്കെ നോട്ടുകളും അടങ്ങിയ ബാഗും തൂക്കിപ്പിടിച്ച് ബസില്‍ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.

നമ്മള്‍ കുരങ്ങന്മാരുടെ പിന്‍ഗാമികലാണെന്ന ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെന്ന് സ്ഥാപിക്കുന്നത് ബസില്‍ നില്‍ക്കുംബോഴാനെന്നു എനിയ്ക്ക് തോന്നാറുണ്ട്. നമ്മുടെ അപ്പൂപ്പന്‍മാരുടെ വിദ്യകളില്‍ പലതും ബസ് യാത്രയില്‍ നമുക്കുപകരിക്കും. ഒരു ഭാഗത്ത്‌ നിന്ന് മറ്റൊരു ഭാഗത്ത് എത്താന്‍ നമ്മള്‍ ഉരാന്‍ഗ് ഉട്ടാന്‍ കുരങ്ങനെ പോലെ ബസിന്റെ മുകളിലുള്ള കമ്പികളില്‍ തൂങ്ങിയല്ലേ നമ്മള്‍ പോകുന്നത്?

അങ്ങനെ തൂങ്ങിയതിന് ഒരു ദിവസം ഞാന്‍ ശരിക്കും 'തൂങ്ങി' .

സംഭവം ഇങ്ങനെ. ഞാന്‍ സ്കൂളില്‍ നിന്നും തിരിച്ചു വരികയാണ് . വൈകുന്നേരം ആയതു കൊണ്ട് ബസില്‍ വലിയ തിരക്കില്ല. എനിക്കിറങ്ങാനുള്ള സ്റ്റോപ്പിനു തൊട്ടു മുന്‍പുള്ള സ്റ്റോപ്പില്‍ നിന്നും ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ ഡ്രൈവറുടെ തൊട്ടു പിറകില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഇനി വാതിലിനടുത്ത്തെത്താന്‍ കുറച്ചു പണിയുണ്ട്. കഷ്ടിച്ച് മുകളിലുള്ള കമ്പിയില്‍ തൂങ്ങിക്കിടക്കാനുള്ള ഉയരമേ എനിക്കുള്ളൂ. അതുകൊണ്ട് നേരത്തെ തന്നെ തോളില്‍ ബാഗ് തൂക്കിയിട്ടു ഞാന്‍ പതുക്കെ എഞ്ചിന്‍ ബോക്സിനു പിറകില്‍ വന്നു നിന്നു. വാതിലിനടുത്ത് കുത്തനെ വച്ചിട്ടുള്ള കമ്പിയില്‍ പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ബാലന്‍സ് കിട്ടുമായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ ആ കമ്പിയില്‍ ചാരിനിന്നു കണ്ടക്ടര്‍ പൈസ പിരിക്കുകയാണ്. എന്ത് ചെയ്യും.
അപ്പോഴാണ് ഞാന്‍ ഞെട്ടലോടെ ഒരു കാര്യം ഓര്‍ത്തത്. എന്‍റെ സ്റ്റോപ്പിനു തൊട്ടു മുന്‍പ് ഒരു കൊടും വളവു ഉണ്ട്. ബസ്‌ ആണെങ്കില്‍ നല്ല സ്പീഡിലും. ഇപ്പോഴുള്ള അവസ്ഥയില്‍ വീഴാതെ നില്‍ക്കുക പ്രയാസമാണ്. ദേ വരുന്നു വളവു. ഞാന്‍ എന്തും നേരിടാന്‍ തയ്യാറായി ധൈര്യം ഭാവിച്ചു നിന്നു. ഇതാ ബസ്‌ ഒരു ഒന്നൊന്നര വളവു വളയുന്നു . എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
ടമാര്‍...............പടാര്‍....ടിഷ്യും ....................ച്ലും............ച്ലും..........ച്ലും ...........
വളവു കഴിഞ്ഞു . കൊമ്പസ്സില്‍ വച്ച പെന്‍സില്‍ പോലെ 180ഡിഗ്രീ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങി പഴയ പൊസിഷനില്‍ വന്നു നിന്നിട്ടെ ഉള്ളൂ ഞാന്‍. എന്‍റെ തൊട്ടടുത്ത് പഴയ പൊസിഷനില്‍ കണ്ടക്ടര്‍.
അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്. കണ്ടക്ടറുടെ മുഖത്ത് മറ്റൊരു കണ്ടക്ടറുടെ മുഖത്തും ഇന്ന് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭാവം....നിസ്സഹായത....നിസ്സഹായതയ്ടെയും പകപ്പിന്റെയും ആള്‍രൂപമായി കണ്ടക്ടര്‍ എന്നെ നോക്കുന്നു . ആ ഭാവം പതുക്കെ രൌദ്രത്തിന് വഴി മാറുന്നുണ്ട്.
എന്താ സംഭവിച്ചത്? കണ്ടക്ടറുടെ ഒഴിഞ്ഞ കൈകള്‍. പൈസ പിരിക്കുന്ന കറുത്ത ബാഗ് അതാ എഞ്ചിന്‍ ബോക്സിനു മുകളില്‍ മലച്ചു കിടക്കുന്നു . കാക്കത്തൊള്ളായിരം ചില്ലറപ്പൈസകള്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കുന്ന ചേച്ചിമാരുടെ മടിയില്‍ ചിതറിക്കിടക്കുന്നു .
എനിക്ക് പതുക്കെ കാര്യം മനസ്സിലായി. സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങിയപ്പോ എന്‍റെ ബാഗുകൊണ്ട് ഞാന്‍ ഇടിച്ചു തെറിപ്പിച്ചതാണ്‌ അദ്ദേഹതിന്റെ ചില്ലറ ബാഗ്‌.

എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ.

അപ്പോഴേക്കും എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. കണ്ടക്ടര്‍ ഷോക്ക്‌ അടിച്ച പോലെ അങ്ങനെ തന്നെ നില്‍ക്കുകയാണ് . ബോധം തിരിച്ചു കിട്ടിയാല്‍ അയാള്‍ എന്നെ ഒറ്റ ചവിട്ടിനു ബസിനു പുറത്തെക്കിടുമെന്നു തോന്നി.
അപ്പോള്‍ എന്ത് ചെയ്യണമെന്നു അറിയാതെ നില്‍ക്കുന്ന എന്നോട് കിളി പറഞ്ഞു വേഗം ഇറങ്ങിക്കോ. വേഗം ഇറങ്ങിപ്പോക്കോ.


ഞാന്‍ ജീവനും കൊണ്ട് ബസില്‍ നിന്നും ചാടി ഇറങ്ങി ഓടി.

Tuesday, March 8, 2011

കുരിശിന്‍റെ വഴി അഥവാ കത്തുന്ന കച്ചിത്തുറു

രംഗം ഒന്ന്: സ്പെലിംഗ് മിസ്ട്ടെക്


അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!”
സത്യവിശ്വാസികള്‍ പ്രവചനം കേട്ട് രണ്ടു പ്രാവശ്യം ഞെട്ടി.

ഒരു നിമിഷം കനത്ത നിശബ്ദത എങ്ങും തളം കെട്ടി നിന്നു.

ഹെന്ത്?

അതൊരു നോമ്പുകാലം ആയിരുന്നു .

മെഴുകുതിരികളും കയ്യില്‍ പിടിച്ചു കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയും ചൊല്ലി വരിവരിയായി പള്ളിയിലേക്ക് നടക്കുകയായിരുന്നു ആ സത്യവിശ്വാസികള്‍ .


കൂട്ടത്തില്‍ നേതാവ് കുരിശു ചുമന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ യാത്ര നാടകീയമായി

വിവരിക്കുന്നുണ്ട്.


സന്ദര്‍ഭം ഇതാണ് . യാത്രക്കിടയില്‍ ഈശോ ജെറുസലേമിലെ സ്ത്രീകളെ കാണുന്നു. അദ്ദേഹത്തിന്റെ അവസ്ഥകണ്ട് അവര്‍ കരയുന്നു. അവരെ കര്‍ത്താവ്‌ ആശ്വസിപ്പിക്കുന്നു.

നേതാവ് വികാര വിക്ഷോഭങ്ങലോടെ കര്‍ത്താവിനു വോയിസ് ഓവര്‍ കൊടുക്കുന്നുണ്ട്:" നിങ്ങള്‍ എന്നെ ഓര്‍ത്തു കരയണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്തു കരയുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെറുസലേം ആക്രമിക്കപ്പെടും "

തുടര്‍ന്നാണ് നമ്മള്‍ നേരത്തെ കേട്ട സംഭവം .

( റീപ്ലേ )
"അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!!!!!"

സത്യവിശ്വാസികള്‍ തലകുടഞ്ഞു

എന്തോ ഒരു പ്രശ്നം പറ്റിയിട്ടുണ്ട്. ഇങ്ങനെ അല്ലല്ലോ കര്‍ത്താവ്‌ പറഞ്ഞത്?

നേതാവിന് കാര്യം മനസ്സിലായി. അദ്ദേഹം ഭാഗം ഇളിഭ്യതയോടെ മുഴങ്ങുന്ന സ്വരത്തില്‍ മൊത്തംവിശ്വാസികള്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഒന്ന് കൂടെ വായിച്ചു.
"അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു ചാകും!"

ഹെന്‍റെ കര്‍ത്താവേ!

ഇവന്‍ വായിക്കുന്നതെന്താണെന്ന് ഇവന് യാതൊരു പിടിയുമില്ല. ഇവനിട്ടൊരു
പണി കൊടുക്കണമെ.


രംഗം രണ്ട്

വായനക്കാര്‍ അലോഗ്യം വിചാരിച്ചിട്ട് കാര്യമില്ല. എപ്പിസോസില്‍ നായിക ഞാനാണ്. സന്ദര്‍ഭംപഴയത് തന്നെ. മെഴുകുതിരികളും കൈയില്‍ പിടിച്ചു വരിവരിയായി പോകുന്ന വിശ്വാസികള്‍.

അതാ അങ്ങോട്ട്‌ നോക്കൂ.

അവര്‍ക്കിടയില്‍ സുന്ദരിയും സുശീലയും സുകുമാരിയും ആയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍കാണുന്നില്ലേ?

ആര്?

ആരാണവള്‍?

അത് മറ്റാരുമല്ല.

ഞാന്‍ തന്നെ!

(പ്ലീസ് വായന നിര്‍ത്തരുത്. പിന്നെ എന്നെപ്പറ്റി നിങ്ങള്‍ ഇങ്ങനെ ഒക്കെ എഴുത്വോ. എന്ത് ചെയ്യാം.അതും ഞാന്‍ തന്നെ ചെയ്യണം)

കളരിവിളക്കു തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന് ആരും പാടിപ്പോകുംഅവളെ കണ്ടാല്‍. അവളെ അതായത് എന്നെ കൂട്ടുകാര്‍ സ്നേഹപുരസ്സരം വിളിക്കുന്ന പേരാണ് മിസ്സ് കച്ചിത്തുറു.

ഹെന്ത് ചെയ്യാം.

ലോകത്തില്‍ ഒരാള്‍ക്കും ഇല്ലാത്ത തരം തലമുടി ഇവള്‍ക്കിരിക്കട്ടെ എന്ന് ദൈവം അങ്ങ്തീരുമാനിച്ചു. എന്നിട്ട് എങ്ങനെ വെട്ടിയാലും കച്ചിത്തുറുവിന്റെ രൂപം പ്രാപിക്കുന്ന ഒരു പ്രത്യേക തരംതലമുടി അങ്ങേരു എന്‍റെ തലയില്‍ ഫിറ്റ്‌ ചെയ്തു .

അതൊക്കെ പഴയ കഥ.

ഇനി നിങ്ങള്‍ക്കൂഹിക്കാമല്ലോ. എന്‍റെ കച്ചിത്തുറുവിനു എന്ത് സംഭവിച്ചു എന്ന് ? ഒട്ടനവധി കത്തുന്നമെഴുകുതിരികള്‍ക്കിടയിലാണ് എന്‍റെ പാവം കച്ചിത്തുറു .

അവസാനം അത് തന്നെ സംഭവിച്ചു .

എന്‍റെ തൊട്ടു പിറകിലുണ്ടായിരുന്ന ഒരു കുട്ടിവിശ്വാസി കച്ചിത്തുറുവിനു തീ വച്ചു!

അതിന്‍റെ അമ്മവിശ്വാസി അവസരോചിതമായി പ്രവര്‍ത്തിച്ചത് കൊണ്ട്
വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേനയുടെ സേവനം ആവശ്യമായി വന്നില്ല. ഞാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബട്ട്‌ , പള്ളിയിലെത്തിയപ്പോള്‍ എന്‍റെ തൊട്ടു പിറകിലിരുന്ന കൂട്ടുകാരികള്‍ എല്ലാംമണത്തറിഞ്ഞു

ആരാ കച്ചിത്തുറുവിനു തീ വച്ചേ ?

ഉം..ഇനി പറഞ്ഞിട്ടെന്താ!