Monday, December 12, 2011

ഗന്ധങ്ങള്‍, ഓര്‍മ്മകള്‍

ഗന്ധങ്ങള്‍ പലപ്പോഴും ഓര്‍മകളുടെ കൂട്ടുകാരാണ്.പിന്നിട്ട വഴികളിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ അവയ്ക്ക് കഴിയും . ആളുകള്‍, സ്ഥലങ്ങള്‍, അവസ്ഥകള്‍....അല്ല ഓരോ ഗന്ധവും ഓരോ ഓര്‍മ തന്നെ ആണ്




ബ്രുട്ട്: അമ്മയുടെ വീട്ടില്‍ പള്ളിപ്പെരുന്നാള്‍. രാവിലെ പള്ളിയില്‍ പോകുമ്പോള്‍ എല്ലാവര്ക്കും ഒരേ ഗന്ധം. ഏശച്ചന്റെ മേശമേല്‍ ഇരിക്കുന്ന മാലയിട്ട പച്ചക്കുപ്പിയിലെ അതെ ഗന്ധം.(ഏശച്ചന്‍ യേശുദാസ് എന്ന് പേരുള്ള എന്‍റെ ഇളയ അമ്മാവനാണ്. പക്ഷെ
എന്‍റെ മേമ അതായതു ഏശച്ചന്റെ ചേച്ചി അടുക്കളെന്നു "ഡാ യേശ്വോ , ചന്തെന്നു കൊറച്ചു ഒണക്കമീന്‍ വാങ്ങി കൊണ്ട് വാടാ" എന്ന് വിളിച്ചു പറയുന്ന കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇദു.)

ലൈഫ് ബോയ്‌ : തറവാട്ടിലെ പഴയ ഇരുണ്ട കുളിമുറി. കുളിമുറിക്കു പുറത്തു ചുവന്നചാമ്പയ്ക്കകള്‍ പൊങ്ങി ക്കിടക്കുന്ന കറുത്ത വെള്ളമുള്ള കിണര്‍. കരണ്ട് പോയാല്‍കത്തിക്കുന്ന മണ്ണെണ്ണ വിളക്ക്. നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം എന്ന ഭക്തിഗാനംകേള്‍ക്കുമ്പോള്‍ വെറുതെ പേടിക്കുന്ന ഒരു നാലുവയസ്സുകാരി ഞാന്‍

യു ഡി കൊളോണ്‍: എഴാം ക്ലാസ്സിലെ ഹിന്ദി പരീക്ഷ. ഒരു മണിക്കൂര്‍ മുന്‍പേ പരീക്ഷഎഴുതിതീര്‍ത്ത്‌ പേപ്പര്‍ മടക്കി ഇരിക്കുന്ന ഞാന്‍ . തൊട്ടു അപ്പുറത്തിരിക്കുന്ന പത്താംക്ലാസ്സുകാരി ചേച്ചിയുടെ മലയാളം II പേപ്പറില്‍ ഭാവന വിരിയുന്നത് വായിച്ചു രസിക്കുന്നു

ചന്ദ്രിക സോപ്പ്: അയല്‍വീടിലെ ചാണകം മെഴുകിയ വരാന്ത. അവിടെ കൂട്ടിനു ഷെര്‍ലക്ക്ഹോംസ്, അഗത ക്രിസ്റ്റി, കോട്ടയം പുഷ്പനാഥ്, മെഴുവേലി ബാബുജി. ഞാവല്‍പ്പഴങ്ങള്‍, ഉപ്പു കൂട്ടിത്തിന്ന മൂവാണ്ടന്‍ മാങ്ങകള്‍ .

റോയല്‍ മിറാഷ്: ഞാന്‍ എന്നെത്തന്നെ പറഞ്ഞു പറ്റിച്ച ഒരു നുണക്കഥ. അപ്പയുടെ വലിയതൂവാലകള്‍

മെഡിമിക്സ്‌ : നീണ്ട ഒരു വീട്ടു തടങ്കല്‍. ഉമ്മറത്തിരുന്നു കറുത്ത കണ്ണടയിലൂടെനോക്കുമ്പോള്‍ കാണുന്ന ചലിക്കുന്ന ലോകം.

ഇവ ഡിയോടെരന്റ്റ് : യുനിവേര്സിടി ലേഡീസ് ഹോസ്റ്റല്‍. മഞ്ഞപ്പൂക്കള്‍ കൊഴിയുന്നമരത്തിലേക്ക് തുറക്കുന്ന ഒരു ജന്നല്‍, ആരുടെയൊക്കെയോ കണ്ണീര്‍ വീണു മരവിച്ച ഒരുമുറിയുടെത്.

യാര്‍ഡ്‌ലി: ചെന്നൈ ലോക്കല്‍ ട്രെയിനില്‍ നീണ്ട യാത്രകള്‍. തീരെ ഇഷ്ടം തോന്നാത്ത മഴകള്‍. സബ്‌വേകള്‍, വഴിവാണിഭക്കാര്‍ . ഭിക്ഷക്കാര്‍. പൊടി പിടിച്ച പഴയ ഇംഗ്ലീഷ് നോവലുകള്‍. നീണ്ട നടത്തങ്ങള്‍. അറിയാത്ത വഴികള്‍.

ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍: ഞാന്‍ എടുത്തു കൊണ്ട് നടന്ന ഇപ്പോള്‍ ഹൈസ്കൂളിലുംകോളേജിലും പോകുന്ന കുഞ്ഞുങ്ങള്‍.

മുല്ലപ്പൂക്കള്‍: കോയമ്പത്തൂരില്‍ നിന്നും അമ്മ കൊണ്ട് വരുന്ന വലിയ മുല്ലമാലകള്‍. യാതൊരു ആവശ്യവും ഇല്ലാതെ അതും മുടിയില്‍ വച്ചു സ്കൂളില്‍ പോകുന്ന ഞാന്‍

ആക്സ്‌ ഇഫ്ഫെക്റ്റ്: അനിയന്റെ മുറി. ശ്വാസതടസ്സം

പാലപ്പൂ : യുനിവേര്സിടിയിലെ ക്രോനിക്ല്‍ രാത്രികള്‍. പിന്നെ ഫിലിം ഫെസ്റിവല്‍ കഴിഞ്ഞു പാതിരക്ക് ഹോസ്റ്റലില്‍ പോകുമ്പോള്‍ കൂട്ടിനു ക്യാമ്പസ്‌ നിറച്ചും പൂത്തു നില്‍ക്കുന്ന പാലപ്പൂക്കളുടെ കടുത്ത ഗന്ധവും

സൈക്കിള്‍ അഗര്‍ബത്തി: മരണം, ജനക്കൂട്ടം, ഉഷ്ണം, കരച്ചില്‍...പാട്ട് പ്രാര്‍ത്ഥന, പിന്നെ ഇടവിട്ട നിശബ്ദതയില്‍ അകന്നു പോകുന്ന മണിമുഴക്കങ്ങള്‍


ഓര്‍മകള്‍ അവസാനിക്കുന്നില്ല, ഗന്ധങ്ങളും. ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍ അവ ഓര്‍മകളെ നമ്മുടെ മുന്നില്‍ കൊണ്ട് നിര്‍ത്തും. എത്ര വേഗത്തില്‍ ഓടുകയാനെങ്കിലും തിരിഞ്ഞു നോക്കാതിരിക്കാനാവില്ല.




Wednesday, November 23, 2011

അതിഥി


സംഭവം നടക്കുമ്പോള്‍ ഞാന്‍ ഒരു പതിനേഴുകാരി ആണ്. മധുരപ്പതിനെഴു ഒന്നും അല്ല. ഒരു വിത്തൌട്ട് പതിനേഴു എന്ന് വേണമെങ്കില്‍ പറയാം. അങ്ങനെ ഒരു ദിവസം ചുമ്മാ എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരം രാക്ഷസി എന്ന് മൂളിപ്പാട്ട് ഒക്കെ പാടി ചുരിദാര്‍ കൊണ്ട് അലക്കുകല്ലില്‍ ടപ്പേ ടപ്പേന്നു താളമിട്ടു അലക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.. സമയം ഏകദേശം സന്ധ്യ ആവാരായിട്ടുണ്ട്.
ഇവള്‍ടെ പരിപാടി ഇത് വരെ കഴിഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ അടുത്ത വീടിലെ അമ്മൂമ്മ വാതിലിലൂടെ തല നീട്ടി നോക്കുകയും അനന്തരം തല പിന്‍വലിക്കുകയും ചെയ്തു. പക്ഷെ ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ ഞാന്‍ ആത്മാര്‍ഥമായി അലക്കുകയാണ് .
പെട്ടന്നാണ് അത് സംഭവിച്ചത്. ആകാശത്ത് നിന്നു ഒരു ഇരമ്പം. ചുറ്റും നില്‍ക്കുന്ന മരങ്ങളെല്ലാം കൊടുംകാറ്റ് അടിച്ച പോലെ ആടി ഉലയുന്നു. എന്താണതു ?.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല! എന്‍റെ മുന്നില്‍ അതാ ഒരു ഹെലികോപ്ടര്‍ താഴ്ന്നിറങ്ങുന്നു. നില്കണോ അതോ ഓടണോ എന്ന് ഒരു തീരുമാനം എടുക്കാനാവാതെ അലക്കുന്ന തുണിയും പിടിച്ചു ഞാന്‍ അങ്ങനെ നില്‍ക്കുകയാണ്.
ഹെലികോപ്ടറിന്റെ പുറത്തു എന്തോ എഴുതിയിട്ടുണ്ടല്ലോ. അതേ. 007. അതു തന്നെ.
ഇതാരപ്പാ എന്‍റെ വീടിന്റെ പിന്നില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ഒരു 007 ? നോക്കിയിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു ഞാന്‍ അവിടെ തന്നെ നിന്നു.
ഹെലികോപ്ടര്‍ പതുക്കെ നിലത്തിറങ്ങി. അതിന്റെ വാതില്‍ തുറന്നു കറുത്ത കോട്ട് ഇട്ടു സണ്‍ഗ്ലാസ്‌ വച്ച ഒരാള്‍ ഇറങ്ങി.
എന്റമ്മേ!
ആരാ ഇത്! സന്തോഷം കൊണ്ട് എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് തോന്നി.
ഇന്നലെ കണ്ട ഡൈ അനദര്‍ ഡേ യിലെ അതേ ജെയിംസ്‌ ബോണ്ട്‌!
ഹെലികോപ്ടറിന്റെ പങ്ക തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു. ബാക്ക്ഗ്രൌണ്ടില്‍ അസ്തമയസൂര്യന്‍. അതാ ജെയിംസ്‌ ബോണ്ട്‌ സ്റ്റൈലില്‍ എന്‍റെ നേരെ നടന്നു വരുന്നു. ഞാന്‍ ഇങ്ങനെ വായും പൊളിച്ചു നോക്കി നില്‍ക്കുകയാണ്.
ജെയിംസ്‌ ബോണ്ട്‌ എന്നെ നോക്കി ചിരിച്ചു.
"എന്നെ മനസ്സിലായോ?"
എ? ജെയിംസ്‌ ബോണ്ട്‌ മലയാളം പറയുമോ? പറയുമായിരിക്കും.
"ഉവ്വ്. ജെയിംസ്‌ ബോണ്ടല്ലേ? ഞാന്‍ ഡൈ അനദര്‍ ഡേ ദാ ഇന്നലെ കണ്ടേ ഉള്ളൂ."
"എങ്കില്‍ ഞാന്‍ വന്ന വിവരം ആരോടും പറയരുത്. ഒരു സീക്രട്ട് ഒപരേഷന് വേണ്ടി ഇന്ത്യയില്‍ വന്നതാണ്‌."
"ഏയ്‌ ഞാന്‍ ആരോടും പറയില്ല. അമ്മചിയാനെ ആരോടും പറയില്ല. ചേട്ടന്‍ അകത്തേക്ക് വന്നാട്ടെ" ഞാന്‍ ജെയിംസ്‌ ബോണ്ടിനെ വീടിനകട്ടെക്ക് ക്ഷണിച്ചു
വീട്ടില്‍ കയറിയ ജെയിംസ്‌ ബോണ്ട്‌ കസേരയില്‍ ഇരുന്നു പോക്കെറ്റില്‍ നിന്നു ഒരു റിവോള്‍വര്‍ പുറത്തെടുത്തു ഒന്നും മിണ്ടാതെ ഒരു കര്‍ചീഫ്‌ കൊണ്ട് തുടക്കാന്‍ തുടങ്ങി.
എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ല.
"ജെയിംസ്‌ ചേട്ടന് എന്താ കഴിക്കാന്‍ വേണ്ടേ ? ഞങ്ങടെ നാട്ടില്‍ ചേട്ടന്റെ പേരില്‍ ഒരു പലഹാരം ഉണ്ട്. ബോണ്ട. നല്ല ടേസ്റ്റ് ആണ്. ഇവിടെ ഉണ്ട്. എടുക്കട്ടെ?"
"വേണ്ട"
പിന്നെ ഇയാള്‍ എന്താവും തിന്നുക? സായിപ്പുമാര് തിന്നുന്ന ഒന്നും ഇവിടെ ഇല്ലല്ലോ ഈശ്വരാ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ബോണ്ട്‌ എന്നോട് ചോദിച്ചു
'ഹോര്‍ലിക്സ് ഇരിപ്പുണ്ടോ?'
'എ?'
'ഹോര്‍ലിക്സ്?'
'ആ. ഹോര്‍ലിക്സ് ഉണ്ട് ഹോര്‍ലിക്സ് ഉണ്ട്. ദാ ഇപ്പൊ എടുക്കാം'
ഞാന്‍ വേഗം അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസില്‍ പാലും ഹോര്‍ലിക്സ് കുപ്പിയും എടുത്തു ജെയിംസ്‌ ബോണ്ടിന്റെ മുന്നില്‍ വച്ചു.
ഇനി എന്താ നടന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എനിക്കുറപ്പാ.
എനിക്ക് പാല് വേണ്ട. എനിക്ക് ഹോര്‍ലിക്സ് തന്നെ തിന്നുന്നതാ ഇഷ്ടം എന്ന് പറഞ്ഞു ചുള്ളന്‍ ഹോര്‍ലിക്സ് കുപ്പി തുറന്നു. കൈയ്യിട്ടു ഒരു പിടി ഹോര്‍ലിക്സ് വാരി എടുത്തു തിന്നു തുടങ്ങി.
ഞാനാകട്ടെ ജെയിംസ്‌ ബോണ്ട് എന്‍റെ വീട്ടിലിരുന്നു ഹോര്‍ലിക്സ് തിന്നുന്ന രംഗം മനം കുളിര്‍ക്കെ കണ്ടു കൊണ്ട് നിന്നു. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. പെട്ടന്നാണ് ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്‍ കേട്ട പോലെ ഒരു അശരീരി കേട്ടത്
'ഇദി വാര്‍ത്താഹ'
നോക്കുമ്പോള്‍ ഹോര്‍ലിക്സും ഇല്ല ബോണ്ടും ഇല്ല. ആകാശവാണിയില്‍ സംസ്കൃതം വാര്‍ത്ത‍ കഴിഞ്ഞ ശബ്ദമാണ് കേട്ടത്.
എല്ലാം ഒരു സ്വപ്നം. ഹോ ! എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം!
നേരം പരപരാ വെളുത്തിരിക്കുന്നു. ഇന്നും കോളേജില്‍ പോണം. ക്ലാസ്സിലിരിക്കണം. ബസ്സിലെ ഇടി കൊണ്ട് തിരിച്ചു വരണം. ഹോംവര്‍ക്ക് ചെയ്യണം. ശരിക്കും ഡൈ അനദര്‍ ഡേ!!!

Tuesday, April 5, 2011

ചില്ലറപ്പൈസ

ഞാന്‍ അടക്കവും ഒതുക്കവും ഉള്ള ഒരു പെണ്‍കുട്ടിയായി വളരണമെന്ന
എന്‍റെ അമ്മയുടെ ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് എന്നെ എന്‍റെ ഗ്രാമമായ കുറ്റൂര്‍ നിന്നും 6 കിലോമീറ്റര്‍ അകലെയുള്ള തൃശൂര്‍ പട്ടണത്തിലെ
സെക്രട് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ആക്കിയത് . കുറ്റൂര്‍ നിന്നും തൃശൂര്‍ എത്തുക എന്നത് സ്വന്തമായി വണ്ടി ഇല്ലാത്തവര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ഇരുപതോ മുപ്പതോ മിനിറ്റ് ബസ്‌സ്റ്റോപ്പില്‍ കാത്തുനിന്നാല്‍ വരുന്ന ബസിന്റെ പടിയിലെങ്കിലും ഒരു കാല്‍ വയ്ക്കാനായാല്‍ സുകൃതം എന്ന് കരുതണം . കാരണം തമിഴ്നാടില്‍ ഓടുന്ന ലൂനയുടെ ഹാന്‍ഡില്‍ ബാറില്‍ തലകുത്തനെ തൂങ്ങിക്കിടക്കുന്ന ബ്രോയിലെര്‍ കോഴികളെ പോലെ ബസിന്റെ രണ്ട് വാതില്‍ക്കലും ആളുകള്‍ തൂങ്ങിക്കിടക്കുന്നുണ്ടാവും.
അങ്ങനെ തൂങ്ങിക്കിടന്നാണ് അടക്കവും ഒതുക്കവും പഠിക്കാന്‍ ഞാന്‍ നിത്യവും സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. സത്യം പറഞ്ഞാല്‍ ടെക്സ്റ്റ്‌ ബുക്കിലെ വാഗണ്‍ ട്രാജഡിയുടെ ടെമോന്‍സ്ട്രെഷന്‍ ആയിരുന്നു സ്കൂളിലേക്കുള്ള ബസ്‌ യാത്ര. എത്തിയാല്‍ എത്തി എന്ന് പറയാം. മാത്രമല്ല വെറും 35കിലോ ഭാരമുണ്ടായിരുന്ന എനിക്ക് പന്ത്രണ്ടു വിഷയങ്ങളുടെ ടെക്സ്റ്റുകളും അതിന്റെ ഒക്കെ നോട്ടുകളും അടങ്ങിയ ബാഗും തൂക്കിപ്പിടിച്ച് ബസില്‍ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.

നമ്മള്‍ കുരങ്ങന്മാരുടെ പിന്‍ഗാമികലാണെന്ന ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെന്ന് സ്ഥാപിക്കുന്നത് ബസില്‍ നില്‍ക്കുംബോഴാനെന്നു എനിയ്ക്ക് തോന്നാറുണ്ട്. നമ്മുടെ അപ്പൂപ്പന്‍മാരുടെ വിദ്യകളില്‍ പലതും ബസ് യാത്രയില്‍ നമുക്കുപകരിക്കും. ഒരു ഭാഗത്ത്‌ നിന്ന് മറ്റൊരു ഭാഗത്ത് എത്താന്‍ നമ്മള്‍ ഉരാന്‍ഗ് ഉട്ടാന്‍ കുരങ്ങനെ പോലെ ബസിന്റെ മുകളിലുള്ള കമ്പികളില്‍ തൂങ്ങിയല്ലേ നമ്മള്‍ പോകുന്നത്?

അങ്ങനെ തൂങ്ങിയതിന് ഒരു ദിവസം ഞാന്‍ ശരിക്കും 'തൂങ്ങി' .

സംഭവം ഇങ്ങനെ. ഞാന്‍ സ്കൂളില്‍ നിന്നും തിരിച്ചു വരികയാണ് . വൈകുന്നേരം ആയതു കൊണ്ട് ബസില്‍ വലിയ തിരക്കില്ല. എനിക്കിറങ്ങാനുള്ള സ്റ്റോപ്പിനു തൊട്ടു മുന്‍പുള്ള സ്റ്റോപ്പില്‍ നിന്നും ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ ഡ്രൈവറുടെ തൊട്ടു പിറകില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഇനി വാതിലിനടുത്ത്തെത്താന്‍ കുറച്ചു പണിയുണ്ട്. കഷ്ടിച്ച് മുകളിലുള്ള കമ്പിയില്‍ തൂങ്ങിക്കിടക്കാനുള്ള ഉയരമേ എനിക്കുള്ളൂ. അതുകൊണ്ട് നേരത്തെ തന്നെ തോളില്‍ ബാഗ് തൂക്കിയിട്ടു ഞാന്‍ പതുക്കെ എഞ്ചിന്‍ ബോക്സിനു പിറകില്‍ വന്നു നിന്നു. വാതിലിനടുത്ത് കുത്തനെ വച്ചിട്ടുള്ള കമ്പിയില്‍ പിടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ബാലന്‍സ് കിട്ടുമായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ ആ കമ്പിയില്‍ ചാരിനിന്നു കണ്ടക്ടര്‍ പൈസ പിരിക്കുകയാണ്. എന്ത് ചെയ്യും.
അപ്പോഴാണ് ഞാന്‍ ഞെട്ടലോടെ ഒരു കാര്യം ഓര്‍ത്തത്. എന്‍റെ സ്റ്റോപ്പിനു തൊട്ടു മുന്‍പ് ഒരു കൊടും വളവു ഉണ്ട്. ബസ്‌ ആണെങ്കില്‍ നല്ല സ്പീഡിലും. ഇപ്പോഴുള്ള അവസ്ഥയില്‍ വീഴാതെ നില്‍ക്കുക പ്രയാസമാണ്. ദേ വരുന്നു വളവു. ഞാന്‍ എന്തും നേരിടാന്‍ തയ്യാറായി ധൈര്യം ഭാവിച്ചു നിന്നു. ഇതാ ബസ്‌ ഒരു ഒന്നൊന്നര വളവു വളയുന്നു . എന്തൊക്കെയോ സംഭവിക്കുന്നുണ്ട്.
ടമാര്‍...............പടാര്‍....ടിഷ്യും ....................ച്ലും............ച്ലും..........ച്ലും ...........
വളവു കഴിഞ്ഞു . കൊമ്പസ്സില്‍ വച്ച പെന്‍സില്‍ പോലെ 180ഡിഗ്രീ സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങി പഴയ പൊസിഷനില്‍ വന്നു നിന്നിട്ടെ ഉള്ളൂ ഞാന്‍. എന്‍റെ തൊട്ടടുത്ത് പഴയ പൊസിഷനില്‍ കണ്ടക്ടര്‍.
അപ്പോഴാണ്‌ ഞാന്‍ അത് ശ്രദ്ധിച്ചത്. കണ്ടക്ടറുടെ മുഖത്ത് മറ്റൊരു കണ്ടക്ടറുടെ മുഖത്തും ഇന്ന് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭാവം....നിസ്സഹായത....നിസ്സഹായതയ്ടെയും പകപ്പിന്റെയും ആള്‍രൂപമായി കണ്ടക്ടര്‍ എന്നെ നോക്കുന്നു . ആ ഭാവം പതുക്കെ രൌദ്രത്തിന് വഴി മാറുന്നുണ്ട്.
എന്താ സംഭവിച്ചത്? കണ്ടക്ടറുടെ ഒഴിഞ്ഞ കൈകള്‍. പൈസ പിരിക്കുന്ന കറുത്ത ബാഗ് അതാ എഞ്ചിന്‍ ബോക്സിനു മുകളില്‍ മലച്ചു കിടക്കുന്നു . കാക്കത്തൊള്ളായിരം ചില്ലറപ്പൈസകള്‍ ലോങ്ങ്‌ സീറ്റില്‍ ഇരിക്കുന്ന ചേച്ചിമാരുടെ മടിയില്‍ ചിതറിക്കിടക്കുന്നു .
എനിക്ക് പതുക്കെ കാര്യം മനസ്സിലായി. സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങിയപ്പോ എന്‍റെ ബാഗുകൊണ്ട് ഞാന്‍ ഇടിച്ചു തെറിപ്പിച്ചതാണ്‌ അദ്ദേഹതിന്റെ ചില്ലറ ബാഗ്‌.

എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ.

അപ്പോഴേക്കും എനിക്കിറങ്ങാനുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. കണ്ടക്ടര്‍ ഷോക്ക്‌ അടിച്ച പോലെ അങ്ങനെ തന്നെ നില്‍ക്കുകയാണ് . ബോധം തിരിച്ചു കിട്ടിയാല്‍ അയാള്‍ എന്നെ ഒറ്റ ചവിട്ടിനു ബസിനു പുറത്തെക്കിടുമെന്നു തോന്നി.
അപ്പോള്‍ എന്ത് ചെയ്യണമെന്നു അറിയാതെ നില്‍ക്കുന്ന എന്നോട് കിളി പറഞ്ഞു വേഗം ഇറങ്ങിക്കോ. വേഗം ഇറങ്ങിപ്പോക്കോ.


ഞാന്‍ ജീവനും കൊണ്ട് ബസില്‍ നിന്നും ചാടി ഇറങ്ങി ഓടി.

Tuesday, March 8, 2011

കുരിശിന്‍റെ വഴി അഥവാ കത്തുന്ന കച്ചിത്തുറു

രംഗം ഒന്ന്: സ്പെലിംഗ് മിസ്ട്ടെക്


അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!”
സത്യവിശ്വാസികള്‍ പ്രവചനം കേട്ട് രണ്ടു പ്രാവശ്യം ഞെട്ടി.

ഒരു നിമിഷം കനത്ത നിശബ്ദത എങ്ങും തളം കെട്ടി നിന്നു.

ഹെന്ത്?

അതൊരു നോമ്പുകാലം ആയിരുന്നു .

മെഴുകുതിരികളും കയ്യില്‍ പിടിച്ചു കുരിശിന്‍റെ വഴി പ്രാര്‍ത്ഥനയും ചൊല്ലി വരിവരിയായി പള്ളിയിലേക്ക് നടക്കുകയായിരുന്നു ആ സത്യവിശ്വാസികള്‍ .


കൂട്ടത്തില്‍ നേതാവ് കുരിശു ചുമന്നുകൊണ്ടുള്ള കര്‍ത്താവിന്‍റെ യാത്ര നാടകീയമായി

വിവരിക്കുന്നുണ്ട്.


സന്ദര്‍ഭം ഇതാണ് . യാത്രക്കിടയില്‍ ഈശോ ജെറുസലേമിലെ സ്ത്രീകളെ കാണുന്നു. അദ്ദേഹത്തിന്റെ അവസ്ഥകണ്ട് അവര്‍ കരയുന്നു. അവരെ കര്‍ത്താവ്‌ ആശ്വസിപ്പിക്കുന്നു.

നേതാവ് വികാര വിക്ഷോഭങ്ങലോടെ കര്‍ത്താവിനു വോയിസ് ഓവര്‍ കൊടുക്കുന്നുണ്ട്:" നിങ്ങള്‍ എന്നെ ഓര്‍ത്തു കരയണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്തു കരയുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെറുസലേം ആക്രമിക്കപ്പെടും "

തുടര്‍ന്നാണ് നമ്മള്‍ നേരത്തെ കേട്ട സംഭവം .

( റീപ്ലേ )
"അവരും അവരുടെ പട്ടികളും കുട്ടിണി കിടന്നു ചാകും!!!!!"

സത്യവിശ്വാസികള്‍ തലകുടഞ്ഞു

എന്തോ ഒരു പ്രശ്നം പറ്റിയിട്ടുണ്ട്. ഇങ്ങനെ അല്ലല്ലോ കര്‍ത്താവ്‌ പറഞ്ഞത്?

നേതാവിന് കാര്യം മനസ്സിലായി. അദ്ദേഹം ഭാഗം ഇളിഭ്യതയോടെ മുഴങ്ങുന്ന സ്വരത്തില്‍ മൊത്തംവിശ്വാസികള്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഒന്ന് കൂടെ വായിച്ചു.
"അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു ചാകും!"

ഹെന്‍റെ കര്‍ത്താവേ!

ഇവന്‍ വായിക്കുന്നതെന്താണെന്ന് ഇവന് യാതൊരു പിടിയുമില്ല. ഇവനിട്ടൊരു
പണി കൊടുക്കണമെ.


രംഗം രണ്ട്

വായനക്കാര്‍ അലോഗ്യം വിചാരിച്ചിട്ട് കാര്യമില്ല. എപ്പിസോസില്‍ നായിക ഞാനാണ്. സന്ദര്‍ഭംപഴയത് തന്നെ. മെഴുകുതിരികളും കൈയില്‍ പിടിച്ചു വരിവരിയായി പോകുന്ന വിശ്വാസികള്‍.

അതാ അങ്ങോട്ട്‌ നോക്കൂ.

അവര്‍ക്കിടയില്‍ സുന്ദരിയും സുശീലയും സുകുമാരിയും ആയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍കാണുന്നില്ലേ?

ആര്?

ആരാണവള്‍?

അത് മറ്റാരുമല്ല.

ഞാന്‍ തന്നെ!

(പ്ലീസ് വായന നിര്‍ത്തരുത്. പിന്നെ എന്നെപ്പറ്റി നിങ്ങള്‍ ഇങ്ങനെ ഒക്കെ എഴുത്വോ. എന്ത് ചെയ്യാം.അതും ഞാന്‍ തന്നെ ചെയ്യണം)

കളരിവിളക്കു തെളിഞ്ഞതാണോ കൊന്നമരം പൂത്തുലഞ്ഞതാണോ എന്ന് ആരും പാടിപ്പോകുംഅവളെ കണ്ടാല്‍. അവളെ അതായത് എന്നെ കൂട്ടുകാര്‍ സ്നേഹപുരസ്സരം വിളിക്കുന്ന പേരാണ് മിസ്സ് കച്ചിത്തുറു.

ഹെന്ത് ചെയ്യാം.

ലോകത്തില്‍ ഒരാള്‍ക്കും ഇല്ലാത്ത തരം തലമുടി ഇവള്‍ക്കിരിക്കട്ടെ എന്ന് ദൈവം അങ്ങ്തീരുമാനിച്ചു. എന്നിട്ട് എങ്ങനെ വെട്ടിയാലും കച്ചിത്തുറുവിന്റെ രൂപം പ്രാപിക്കുന്ന ഒരു പ്രത്യേക തരംതലമുടി അങ്ങേരു എന്‍റെ തലയില്‍ ഫിറ്റ്‌ ചെയ്തു .

അതൊക്കെ പഴയ കഥ.

ഇനി നിങ്ങള്‍ക്കൂഹിക്കാമല്ലോ. എന്‍റെ കച്ചിത്തുറുവിനു എന്ത് സംഭവിച്ചു എന്ന് ? ഒട്ടനവധി കത്തുന്നമെഴുകുതിരികള്‍ക്കിടയിലാണ് എന്‍റെ പാവം കച്ചിത്തുറു .

അവസാനം അത് തന്നെ സംഭവിച്ചു .

എന്‍റെ തൊട്ടു പിറകിലുണ്ടായിരുന്ന ഒരു കുട്ടിവിശ്വാസി കച്ചിത്തുറുവിനു തീ വച്ചു!

അതിന്‍റെ അമ്മവിശ്വാസി അവസരോചിതമായി പ്രവര്‍ത്തിച്ചത് കൊണ്ട്
വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേനയുടെ സേവനം ആവശ്യമായി വന്നില്ല. ഞാന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബട്ട്‌ , പള്ളിയിലെത്തിയപ്പോള്‍ എന്‍റെ തൊട്ടു പിറകിലിരുന്ന കൂട്ടുകാരികള്‍ എല്ലാംമണത്തറിഞ്ഞു

ആരാ കച്ചിത്തുറുവിനു തീ വച്ചേ ?

ഉം..ഇനി പറഞ്ഞിട്ടെന്താ!

Monday, November 15, 2010

ഐ ലവ് യൂ രസ്ന

എന്‍റെ പ്രിയപ്പെട്ടവരേ
ഞാന്‍ നിങ്ങളോട് മനസ്സ് തുറക്കുകയാണ്.

അര കുപ്പി ഉറക്കമരുന്നാണ് ഞാന്‍ ഒറ്റ വലിക്കു കുടിച്ചു
തീര്‍ത്തത്.

ആലോചിച്ചു നോക്കിയാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്നങ്ങളൊന്നും എന്‍റെ ജീവിതത്തില്‍ ഇല്ല. പിന്നെ ഞാന്‍ എന്തിനു അങ്ങനെചെയ്തു?

സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.

അത്രയും മധുരമുള്ള മരുന്ന് ഞാന്‍ ഇതിനു മുന്‍പ് കഴിച്ചിട്ടില്ല . അതാണ്‌ കാരണം. അത് മാത്രമാണ് കാരണം. അല്ലാതെ .......ഛെ ഛെ

അല്ല.. എന്നെ പറഞ്ഞിട്ടും കാര്യമില്ല. ഡോക്ടര്‍ എനിക്കെഴുതി തന്ന
ഉറക്കമരുന്നു തന്നെയാണത്. പല തവണകളായി കുടിക്കേണ്ടത്
ഒറ്റ അടിക്കു കുടിച്ചു. അത്രേ ഉള്ളൂ.

അന്ന് ഞാന്‍ ഭൂമിയില്‍ വന്നിട്ട് വെറും അഞ്ചു വര്‍ഷം. മരം കയറലും മണ്ണപ്പം ചുടലുമായി ജീവിതം തള്ളി നീക്കുന്ന സമയം.

ആ ഒരു കാലഘട്ടത്തിലാണ് കൈയ്യിലിരിപ്പ്‌ കൊണ്ട് കുറച്ചു കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്ന ശേഷം ഞാന്‍ തിരിച്ചെത്തി അമ്മയുടെ വീട്ടില്‍
താവളമടിച്ചത്‌.

അവിടെ ഇപ്പോള്‍ ഞാനും എന്‍റെ അനിയനും
വല്ല്യമ്മയുടെ രണ്ടു മക്കളും അടക്കം മൊത്തം നാല്
കുട്ടിപ്പിശാച്ചുക്കള്‍ ഉണ്ട്. എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള
ചേട്ടനും, യഥാക്രമം ഒരു വയസ്സും രണ്ടു വയസ്സും കുറവുള്ള
അനിയത്തിയും അനിയനും പിന്നെ അഞ്ചു പൈസ കുറവുള്ള ഞാനും.

ഞാനാണെങ്കില്‍ എന്നും രാത്രി ഉറക്കത്തില്‍ നേഴ്സുമാര്‍ സൂചിയുമായി
കുത്താന്‍ വരുന്നത് സ്വപ്നം കണ്ടു ഉറക്കെ കരയുകയും പിന്നെ
ഉറക്കമില്ലാതെ അലഞ്ഞു നടക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനു
പ്രതിവിധി ആയിട്ടാണ് ഡോക്ടര്‍ എനിക്ക് ഉറക്കമരുന്നിനു എഴുതി
തന്നത് . പകല്‍ സമയങ്ങളില്‍ ആ മരുന്നുകുപ്പി മച്ചിന്റെ അകത്തെ
ജനാലയില്‍ ശാന്തമായി വിശ്രമിച്ചു . രാത്രിയില്‍ സൂചി കുത്താന്‍
വരുന്ന നെഴ്സുമാരെ എന്‍റെ അടുത്ത് നിന്ന് ഓടിച്ചു .

അന്ന് ഉച്ചയൂണിനു ശേഷം ഈ മുറിയിലാണ് കുട്ടിപ്പട്ടാളം ഒത്തു കൂടിയത്. മുതിര്‍ന്നവര്‍ ഉച്ചമയക്കത്തിലായത് കൊണ്ട് അവരുടെ ശല്യം ഇല്ല.

"ഇനി ഇന്നെന്താ കളിക്കാ ? "

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നാണല്ലോ പ്രമാണം.

"ഡോക്ടറും രോഗിയും" . ഞാന്‍ ചാടിക്കേറി പറഞ്ഞു .

ആര്‍ക്കും എതിരഭിപ്രായം ഇല്ല .

കൂട്ടത്തില്‍ മൂശേട്ട ആയ അനിയത്തി ഡോക്ടര്‍ ആകാന്‍ സന്നദ്ധത
പ്രകടിപ്പിച്ചു മുന്നോട്ടു വന്നു.

ഞങ്ങള്‍ മൂന്നു രോഗികള്‍ ഓരോരുത്തരായി ഡോക്ടറെ കാണാന്‍ വരിയായി കാത്തിരിപ്പ്‌ തുടങ്ങി. ആദ്യത്തെ രോഗി ഡോക്ടറുടെ ചേട്ടന്‍ തന്നെ ആണ് .

"ഹും . ഇവിടെ കിടക്കൂ," ഡോക്ടര്‍ ആജ്ഞാപിച്ചു .

"എന്താ അസുഖം ?"

"പനിയാ ഡോക്ടറെ." രോഗി ചിരിയടക്കാന്‍ പാടുപെടുന്നുണ്ട്.

"ചുമയുണ്ടോ ?"

"ഉണ്ട് . കുറച്ച് ."

"ഉം ...മഴയത്ത് കളിച്ചിട്ടുണ്ടാകും ."

ഡോക്ടര്‍ സ്റ്റെതസ്കോപ് ആയി മാറിയ കയര്‍ രോഗിയുടെ നെഞ്ചില്‍ വച്ച്
കാതോര്‍ത്തു . "നാക്ക് നീട്ട്"

"ആ.."

"ഓ കുഴപ്പം ഒന്നും ഇല്ല . രണ്ടു ദിവസം കുളിക്കണ്ട. പൊയ്ക്കോളൂ."

"ഡോക്ടര്‍ ...മരുന്ന് ..."

"മരുന്നൊന്നും വേണ്ട ..പൊയ്ക്കോ "

രണ്ടാമത്തെ രോഗി .

ഡോക്ടര്‍ ചോദ്യം ആവര്‍ത്തിച്ചു .

"വയറു വേദന "

ഉടന്‍ തന്നെ പ്രതിവിധി

"മിട്ടായി തിന്നുന്നത് നിര്‍ത്തണം"

"ഓ .."

"ഉം പൊയ്ക്കോ . അടുത്ത രോഗി ..."

അതായത് ഞാന്‍ !

"ഉം എന്താ ?"

"പല്ലുവേദന "

"വായ തുറക്കൂ "

"ആ "

"വേദന മാറാന്‍ മരുന്ന് കഴിക്കണം." ഡോക്ടര്‍ ചുറ്റും
കണ്ണോടിച്ചു. അതാ ജനാലയില്‍ ഒരു കുപ്പി മരുന്ന് വെറുതെ ഇരിക്കുന്നു.

ഡോക്ടര്‍ അതെടുത്തു രോഗിക്ക് നേരെ നീട്ടി
"ഉം . ദിവസവും രണ്ടു നേരം കഴിക്കണം.
എന്നാ ശരി . രണ്ടു ദിവസം കഴിഞ്ഞു മാറിയില്ലെങ്കില്‍ ഇനീം വരണം."

"ശരി ഡോക്ടര്‍ "

രണ്ടു നേരം മരുന്ന് കഴിക്കണം അല്ലെ. അതിനെന്താ ഇപ്പൊ തന്നെ ആവാല്ലോ.

ആദ്യമായിട്ടാണ് ഒരു കുപ്പി നല്ല മധുരമുള്ള മരുന്ന് അപ്പാടെ കൈയില്‍ കിട്ടുന്നത്.

ഞാന്‍ കുപ്പിയുടെ മൂടി തുറന്നു പതുക്കെ വായിലേക്ക് കമിഴ്ത്തി .

ആഹ എന്തൊരു ടേസ്റ്റ് . 'ഐ ലവ് യു രസ്ന '. ഞാന്‍ രസ്നയുടെ പരസ്യത്തിലെ പെണ്‍കുട്ടിയെപ്പോലെ ഉറക്കമരുന്നു ഉയര്‍ത്തി പിടിച്ചു പറഞ്ഞു.

അത് കേട്ടതും ഡോക്ടറുടെ കണ്ട്രോള് പോയി .

ഡോക്ടര്‍ ഓടിവന്നു രോഗിയുടെ കൈയില്‍ നിന്ന് മരുന്നുകുപ്പി തട്ടിപ്പറിച്ചു കുടിക്കാന്‍ ഒരു ശ്രമം നടത്തി. രോഗി ഉണ്ടോ വിട്ടു കൊടുക്കുന്നു? ആവേശത്തില്‍ ഏതാണ്ട് കുപ്പിയുടെ പകുതിയോളം മരുന്ന് രോഗി അകത്താക്കി.

പിന്നെ ....

ഡോക്ടര്‍ ആക്രാന്തം പിടിച്ചു മരുന്ന് കുടിക്കുന്നതും , മറ്റു രണ്ടു രോഗികള്‍- ഒരാള്‍ കുപ്പിയുടെ വായും മറ്റെയാള്‍ കുപ്പിയുടെ മൂടിയും നക്കിത്തുടച്ച് സംതൃപ്തി അടയുന്നതും കണ്ടതായി ഓര്‍മയുണ്ട്.

പിന്നെ ഓര്‍മ വരുമ്പോള്‍ രാത്രി വെള്ള വിരിപ്പിട്ട ആശുപത്രിക്കിടക്കയില്‍
ഞാന്‍ കിടക്കുകയാണ്. കൈയിലൂടെ ഡ്രിപ്പ് കയറ്റുന്നുണ്ട്‌ . അമ്മയും
വല്യമ്മയും തൊട്ടടുത്തുണ്ട് . ഞാന്‍ തല തിരിച്ചു നോക്കിയപ്പോള്‍ കണ്ട
കാഴ്ച !

ഡോക്ടര്‍ അതാ എന്‍റെ തൊട്ടടുത്ത കട്ടിലില്‍ ബോധം കെട്ടു കിടക്കുന്നു.

മറ്റു രണ്ടു രോഗികള്‍ മരുന്ന് കഴിക്കാത്തത് കൊണ്ട് ആശുപത്രിയില്‍ കിടക്കേണ്ടി വന്നില്ല എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു .

ഹെന്ത് ചെയ്യാം, അതിനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല .

ഏതായാലും അന്ന് ഞാന്‍ അരക്കുപ്പി ഉറക്കമരുന്നു കഴിച്ചിട്ടും എന്ത് കൊണ്ടോ ഞാന്‍ 'കര്‍ത്താവില്‍ നിദ്ര പ്രാപി'ച്ചില്ല . പക്ഷെ ഉറക്കമരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഇന്നും എന്നെ ശല്യം ചെയ്യുന്നു. എത്ര ഉറങ്ങിയാലും പോരാ പോരാ എന്ന തോന്നല്‍.....

ഇതൊരു രോഗമാണോ ഡോക്ടര്‍ ?

Saturday, September 18, 2010

ഒരുത്തന്‍ അല്ലെങ്ങില്‍ ഒരുത്തി യാതൊരു പ്രകോപനവുമില്ലാതെ നിങ്ങളുടെ മേല്‍ വാള് വച്ചാല്‍ നിങ്ങള്‍ക്കെന്തു തോന്നും?

ഒരല്പ്പനെരത്ത്തെക്കെങ്കിലും നിങ്ങള്‍ക്കു മുഴുവന്‍ ലോകത്തോടും വെറുപ്പ്‌ തോന്നില്ലേ ?


ഈ മനുഷ്യര്‍ എല്ലാം വൃത്തി കെട്ട ജീവികളാണെന്നു തോന്നില്ലേ?

എനിക്കും അങ്ങനെതോന്നി. ഒരിക്കല്‍.


സംഭവം നടക്കുമ്പോള്‍ ഇന്ത്യ സാമ്പത്തിക ഉദാരവല്ക്കരണത്ത്തിലേക്ക് ആദ്യത്തെ ചുവടു കഴിഞ്ഞു. പക്ഷെ അതിനു എന്‍റെ അനുഭവവുമായി യാതൊരുബന്ധവും ഇല്ല. ആകെ ബന്ധമുള്ളത് ജീവിച്ചിരിക്കുന്ന ചില ഇന്ത്യക്കാര്‍ക്ക് മാത്രം.

സംഭവത്തിന്‍റെപശ്ചാത്തലം ഞാന്‍ പഠിച്ച സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍ തന്നെ. അന്ന് ഞാന്‍ രണ്ടാംക്ലാസ് സി യിലെ വിദ്യാര്‍ത്ഥിനി. കോണ്‍വെന്റ് സ്കൂള്‍ ആയതു കൊണ്ട് ഉച്ചക്കുള്ള ഇടവേള കഴിഞ്ഞു ബെല്‍ അടിച്ചാല്‍ ഞങ്ങള്‍ അഥവാ ക്രിസ്ത്യാനി കുട്ടികള്‍ വരിവരിയായി പള്ളിയിലേക്ക്പോകും.

അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ആ സമയത്ത് മാത്രമാണ് ഞങ്ങള്‍
പള്ളിയിലേക്ക് പോകുന്നത് എന്ന്.


ഒരിക്കലുമല്ല.

ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഓടി പള്ളിയില്‍ എത്തും. പിന്നെ ക്ലാസ്സില്‍
കയറാനുള്ള ബെല്‍ അടിക്കുന്ന വരെ അവിടെയാണ്.

ചിലപ്പോള്‍ തൊട്ടടുത്ത സെമിത്തേരിയില്‍ ചെന്നിരുന്നു പ്രേതകഥകള്‍ പറയും.
പിന്നെ അവിടെയുള്ള കിണറ്റിലേക്ക് എത്തി നോക്കും . അല്ലെങ്കില്‍ പള്ളിമേടയില്‍ ചെന്ന് ജോസ് അച്ചന്‍ സിനിമ കാണുന്നുണ്ടെങ്കില്‍ ഞങ്ങളും കൂടും. ( അങ്ങനെ ആണ്ഞാന്‍ മമ്മൂട്ടീടെ കോട്ടയം കുഞ്ഞച്ചന്‍ ആദ്യമായി
കണ്ടത്).

ബട്ട്‌ ഈ വക വിക്രസ്സുകള്‍ ക്കൊന്നും ജാതി മത ഭേദം ഒട്ടും ഉണ്ടായിരുന്നില്ല. ഇനി നമുക്ക് സംഭവത്തിലേക്ക് തിരിച്ചു വരാം. വരിയായി പള്ളിയില്‍ എത്തുന്ന ഞങ്ങള്‍ വരിയായി തന്നെ അള്‍ത്താരക്ക് മുന്‍പില്‍ മുട്ട് കുത്തും. അന്ന് എന്‍റെ തൊട്ടു പിറകില്‍ മുട്ട് കുത്തിയത്ജിന്‍സി മറിയം ആണ്. അവള്‍ എന്നെ പോലെ അല്ല. പഠിക്കാന്‍ ബഹു മിടുക്കി.

അങ്ങനെ ഞാന്‍ മുട്ട് കുത്തി ശബരി മലയില്‍ തങ്കസൂര്യോദയം പാടുന്ന രാഘവന്‍റെ മുഖഭാവത്തോട് കൂടി ( ചുമ്മാ.. സിസ്റ്ററെ പറ്റിക്കാന്‍) പ്രാര്ത്ഥിക്കുമ്പോള്‍ ആണ് അവള്‍ ജിന്‍സി മറിയം ക്രൂരകൃത്യം ചെയ്തത് .”ഗ്വെ!”

ആഹാ. അവള്‍ ഉച്ചക്കുണ്ട ചോറ് മുഴുവന്‍ ഇതാ എന്‍റെ പുറത്തു കൊട്ടിയിരിക്കുന്നു. കര്‍ത്താവിനു സ്തുതി.

അവള്‍ തളര്‍ന്നു. ടീച്ചര്മാര് അവളെ പിടിച്ചെഴുന്നെല്‍പ്പിച്ചു പുറത്തേക്കു കൊണ്ട് പോയി . ശേഷം ഒരു ഓട്ടോയില്‍ കയറ്റി അവളെ വീട്ടില്‍ വിട്ടു .

അത് കൊണ്ട്

തുടര്‍ന്നുള്ള സീനുകളില്‍ അവള്‍ക്കു റോള്‍ ഇല്ല. ഇവിടന്നങ്ങോട്ട്‌ ഞാനാണ്‌ പ്രധാന കഥാപാത്രം.

പള്ളിയില്‍ നിന്ന് ടീച്ചര്‍മാര്‍ എന്നെ എങ്ങനെ ആണ് സ്കൂളില്‍ കൊണ്ട് പോയതെന്ന് എനിക്ക് കൃത്യമായി ഓര്‍മ ഇല്ല. മിക്കവാറും പൂച്ചക്കുട്ടികളെ എടുക്കുന്ന പോലെ കഴുത്തില്‍ തൂക്കി കൊണ്ട് പോയി കാണണം.

അവര്‍ നേരെ എന്നെ ഹെഡ് മിസ്ട്രെസ്സിന്റെ മുറിയില്‍ കൊണ്ട് പോയി.
ഒരുടീച്ചര്‍ എന്‍റെ ഉടുപ്പഴിച്ചു. സാരില്ലട്ടോ, ഞാന്‍ ഇതിപ്പോ കഴുകി തരാം. സ്കൂള്‍ വിടുമ്പോഴേക്കും ഉണങ്ങിക്കോളും . അപ്പൊ മോള്‍ക്ക് നല്ല കുപ്പായം ഇട്ടു വീട്ടില്‍ പോകാമല്ലോ ടീച്ചര്‍ പറഞ്ഞു . ഓഹോ അപ്പോള്‍ അടുത്ത നാലു പീരീഡ്‌ ഞാന്‍ മിസ്റ്റര്‍ ഇന്ത്യയെ പോലെ ക്ലാസ്സില്‍ഇരിക്കണം എന്നാണോ....കൊള്ളാമല്ലോ(ആത്മഗതം).

മോള്‍ ഇനി ഇവിടെ ഇരുന്നാല്‍ മതി.


അത് കുഴപ്പമില്ല. ഇവിടെ ഇപ്പൊ ആരും വരില്ലല്ലോ.

അങ്ങനെ ഞാന്‍ അവിടെയുള്ള കട്ടിലിന്‍റെ വക്കില്‍ ഇരുന്നു ഇരുന്നില്ല എന്ന പോലെ ഇരുന്നു.

ഇപ്പോഴെങ്ങാനും ഉണങ്ങുമോ എന്തോ.


എന്‍റെ ആ ഇരിപ്പ് ഒരല്‍പം കൂടി വിവരണം അര്‍ഹിക്കുന്നുണ്ട്. ആ ഇടയ്ക്കാണ് ഞങ്ങള്‍ വീട്ടില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് ഒരു യാത്ര പോയത്. അവിടെ കണ്ട ഒരു കമ്മല്‍ അമ്മയ്ക്ക് വല്ലാതെ ഇഷ്ട്ടമായി.
വെള്ളയും നീലയും നിറത്തിലുള്ള രണ്ടു വളയങ്ങള്‍ അങ്ങനെ തോളറ്റം
നീണ്ടു കിടക്കും. സ്കൂളില്‍ മറ്റാര്‍ക്കും അമ്മാതിരി കമ്മല്‍ ഇല്ലാത്തതു
കൊണ്ട് ഞാന്‍ അതിട്ടു വിലസി നടക്കുകയായിരുന്നുഅത് വരെ.

പക്ഷെ അപ്പോഴത്തെ എന്‍റെ വേഷത്തോട് ആ കമ്മല്‍ തീരെ യോജിക്കുന്നുണ്ടായിരുന്നില്ല.

ഏത് പോലീസുകാരനും ചിരിച്ചു
പോകും.


എനിക്കെര്‍പ്പെട്ട ദുരന്തത്തെപറ്റി കേട്ടറിഞ്ഞു അവിടെ എത്തിയ വിവിധ ക്ലാസ്സുകളിലെ ടീച്ചര്‍മാര്‍ക്കും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

ഞാന്‍ കരണ്ടടിച്ച കാക്കയെപ്പോലെ അങ്ങനെ ഇരുന്നു. വേറെന്തു
ചെയ്യും?ബെല്ലടിച്ചു .

ടീച്ചര്‍മാര്‍ ക്ലാസ്സുകളിലേക്ക് തിരിച്ചു പോയി. ഞാന്‍ വെറുതെ വാതിലിനടുത്ത് ചെന്ന് പുറത്തേക്കു എത്തി നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ഗ്രൌണ്ട് കാണാം.

ഹാ കഷ്ടമേ!

എന്‍റെ വെള്ള കളര്‍ ഷര്‍ട്ടും നീല കളര്‍ വള്ളിയുടുപ്പും അതാ കൊടിമരത്തിനു കീഴെയുള്ള കോണ്‍ക്രീറ്റ് പടികളില്‍ വെയില്‍ കായുന്നു.

ആ കൊടിമരത്തിനു നേരെ എതിര്‍വശത്താണ് എന്‍റെ ക്ലാസ്സ്‌.. ക്ലാസ്സിലെ കുട്ടികള്‍ എന്‍റെ ഉടുപ്പ് കണ്ടു ഇതിനുള്ളില്‍ ഉണ്ടായിരുന്ന ആളെവിടെപ്പോയി എന്ന് അല്ഭുതപ്പെടുന്നുണ്ടാവുമോ. അതോ ഞാന്‍ ഓഫിസ് റൂമില്‍ തുണിയില്ലാതെ ഇരിപ്പാണെന്ന് സിസ്റ്റര്‍ അവരോടു പറഞ്ഞു കാണുമോ.

എനിക്ക് സങ്കടം വന്നു.

Thursday, August 26, 2010

സ്വാതന്ത്യദിനം

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌.
അതായത് മൈക്രോഫോനെ കാണുമ്പോള്‍
തൊണ്ട വരളുകയും മുട്ടുകാല്‍ കൂട്ടി
ഇടിക്കുകയും ചെയ്യുന്ന അസുഖം എന്നെ
പിടികൂടുന്നതിനും വളരെ മുന്പ്.
ഞാന്‍ അന്ന് കൊട്റെകാട് സൈന്റ്റ്‌ മാരീസ്
സി ബി പീ സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി.
ജൂലൈ മാസത്തിലെ
അവസാന പിരീഡില്‍ രണ്ടാം
ക്ലാസ്സ്‌ സി-യിലെ ക്ലാസ്സ്‌ ടീച്ചര്‍ സിസ്റ്റര്‍ ഓസ്കാര്‍
ക്ലാസ്സിലെ കുട്ടികളെ സസൂക്ഷ്മം നിരീക്ഷിച്ചു.

ഈ കൊല്ലം സ്വാതന്ത്ര്യദിനത്തിന് ആര് പ്രസംഗം
പറയും?
അവസാനം സിസ്റ്റെര്ടെ കണ്ണുകള്‍ രണ്ടാം ബെഞ്ചില്‍
ഇരിക്കുന്ന എന്‍റെ മേല്‍ ഉടക്കി.
കൊള്ളാം. അധികം വര്‍ത്തമാനം
പറയില്ലെങ്ങിലും ഇവളുടെ അപ്പന്‍ നാട്ടിലെ
അറിയപ്പെടുന്ന പ്രസങ്ങക്കാരാനാണ്. ഇനി
മറ്റൊന്നും ആലോചിക്കാനില്ല.
അന്ന് വൈകുന്നേരം സിസ്റ്റര്‍ തന്റെ നോട്ട്
പുസ്തകത്തില്‍ നിന്നും ഒരു പേജ് കീറിയെടുത്തു. എന്നിട്ട്
തന്‍റെ ചുവപ്പ് മഷിപ്പേന കൊണ്ട് ഉരുണ്ടു
കൊഴുത്ത അക്ഷരങ്ങളില്‍ ഒരു പ്രസംഗം
അങ്ങ് എഴുതി...
സഭക്ക് വന്ദനം. ഭാരതപ്പൂന്തോപ്പിലെ സുന്ദര
കുസുമങ്ങള്‍.....
പിറ്റേന്ന് മുതല്‍ പരിശീലനം തുടങ്ങി.
എല്‍ പി സ്കൂളിലെ കുട്ടികളുടെ പ്രസംഗം
ചാക്യാര്‍ കൂത്തുമായി അതീവ സാമ്യം
പുലര്തണമെന്ന് ടീചെര്മാര്കു നിര്‍ബന്ധമാണ്‌.
അത് കൊണ്ട് പ്രസംഗതോടൊപ്പം അവതരിപ്പിക്കേണ്ട
മുദ്രകളും സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു.
അതായതു സഭയ്ക്ക് വന്ദനം എന്ന് പറയുമ്പോള്‍ കൈ കൂപ്പി
കൈയും തലയും 45 ഡിഗ്രി ചെരിക്കണം.
പിന്നെ ഭാരതപ്പൂന്തോപ്പ്.
അതിനു വലത്തേ കൈ വലയെറിയുന്നതു പോലെ
അങ്ങ് വീശി എറിയണം. അങ്ങനെ അങ്ങനെ.
ഈ മുദ്രകളും പ്രസംഗവും പരിശീലിക്കല്‍
ഓഗസ്റ്റ്‌ 15 നു ഒരു മാസം മുന്‍പ് തുടങ്ങി.
സ്കൂളില്‍ സിസ്റ്റെരും വീട്ടില്‍ ട്യൂഷന്‍
പഠിപ്പിക്കുന്ന മാഗി ചേച്ചിയും എന്നെ
തീവ്രമായി പരിശീലിപ്പിച്ചു. സിസ്റ്റര്‍
എഴുതിത്തന്ന ആ കടലാസ്
നോക്കിയാണ് ഞാന്‍ നിത്യവും
ഏര്‍പ്പെട്ടിരുന്നത്.
പക്ഷെ തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു എന്നെ പിടിച്ചുലച്ച
ആ ദുരന്തം സംഭവിച്ചത്.
ഞാന്‍ പഠിച്ചു കൊണ്ടിരുന്ന സിസ്റ്റര്‍ എഴുതി തന്ന ആ
പേപ്പര്‍ കാണാനില്ല!!!
തപ്പല്‍, തിരയല്‍ . ചോദ്യം
ചെയ്യല്‍. അംഗന വാടിയില്‍ നിന്നും നേരത്തെ വീട്ടിലെത്തുന്നത്
അനിയനാണ് അതുകൊണ്ട് ആ ബ്രാണ്ടിയെയും വെറുതെ
സംശയിച്ചു. ബട്ട്‌ നോ രക്ഷ
എന്‍റെ ഹൃദയം തകര്‍ന്നു. കിനാവുകള്‍ കരിഞ്ഞു.
ഞാന്‍ നിശബ്ദയായി കണ്ണീരൊഴുക്കി. അന്വേഷണം
പുരോഗമിക്കുന്നു. പക്ഷെ തുംബോന്നും കിട്ടിയില്ല. ഞാന്‍
നിരാശയായി ഹതാശയായി.. പിന്നെ വാവിട്ടു കരഞ്ഞു.
നിര്‍ത്താതെ കരഞ്ഞു.. അപ്പോഴാണ്‌ മാഗി
ചേച്ചി അഥവാ എന്‍റെ ട്യൂഷന്‍ ടീച്ചര്‍ കം കെയര്‍ട്ടെക്കര്‍ ഒരു പരിഹാരവുമായി വന്നത്.
എടി മണ്ടി ആ പ്രസംഗം മുഴുവന്‍ നിനക്ക് കാണാതെ
അറിയാമല്ലോ. നീ അതെനിക്ക് പറഞ്ഞുതാ. ഞാന്‍
നിനക്ക് അത് എഴുതി തരാം.
വാട്ട്‌ ആന്‍ ഐഡിയ സെര്‍ജീ
മാഗി ചേച്ചി വേഗം ഒരു കടലാസും
പേനയുമായി വന്നു.
ഞാന്‍ പ്രസംഗം മുദ്ര സഹിതം അവതരിപ്പിച്ചു.
ചേച്ചി അത് പകര്‍ത്തിയെടുത്ത്.
അത്ഭുതം!!! ഞാന്‍ ചിരിച്ചു.
അങ്ങനെ ഓഗസ്റ്റ്‌ 15 നു 3 അടി ഉയരത്തില്‍
വച്ച മൈക്കിനു മുന്‍പില്‍ ഞാന്‍ സഭയ്ക് വന്ദനം
പറഞ്ഞു. 45 ഡിഗ്രി ചെരിഞ്ഞു. പറയാനുള്ളത് മുഴുവന്‍
പറഞ്ഞു.
ഭാരത്‌ മാതാ കീ ജയ്!
അതിനു എനിക്ക് സമ്മാനം കിട്ടിയതാണ് ആ പച്ച കളര്‍
സോപ്പ് പെട്ടി